ഇൻഷുറൻസും അപോയ്‌മെന്റുമില്ലാതെ കോൺടാക്ട് ലെൻസുകൾ വാങ്ങി; ഇന്ത്യയെ അഭിനന്ദിച്ച് യുഎസ് യുവതി

യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന് | Photo: instagram/ ivymoon14
യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന് | Photo: instagram/ ivymoon14

ന്ത്യയിലെ ആരോഗ്യസംവിധാനങ്ങളെ പ്രശംസിച്ച് അമേരിക്കയ്ക്കാരിയായ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. ഇൻഷുറൻസോ അപ്പോയ്‌മെന്റോ ഇല്ലാതെ 26 ഡോളറിന് (ഏകദേശം 2451 രൂപ) കോൺടാക്റ്റ് ലെൻസുകൾ വാങ്ങിയതിനെ കുറിച്ചാണ് യുവതി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നത്. 'ഇന്ത്യയിൽ അപോയ്‌മെന്റ് ഇല്ലാതെ കോൺടാക്റ്റ് ലെൻസുകൾ വാങ്ങുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഞാൻ ഇന്ത്യയിലെ ഒരു ഒപ്റ്റിക്‌സ് ഷോപ്പിൽ പോയി. ഇൻഷുറൻസ് ഇല്ലാതെതന്നെ 26 ഡോളറിന് പ്രിസ്‌ക്രിപ്ഷൻ കോൺടാക്റ്റ് ലെൻസുകൾ വാങ്ങി. യുഎസിലുള്ളവർ ദയവായി ഇത് ശ്രദ്ധിക്കുക.' എന്നും യുവതി വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ഷോപ്പിങ് മാളിലെ ഒരു കടയിൽ നിന്നാണ് ലെൻസുകൾ വാങ്ങിയതെന്നും താൻ ഉപയോഗിക്കുന്ന ബ്രാൻഡിന്റെ പ്രിസ്‌ക്രിപ്ഷൻ അവർക്ക് നൽകിയെന്നും യുവതി വീഡിയോയിൽ പറയുന്നു. തിങ്കളാഴ്ച രാത്രിയോടെ ലെൻസ് ലഭിക്കുമെന്ന് അവർ അറിയിച്ചെന്നും യുവതി വീഡിയോയിൽ കൂട്ടിച്ചേർത്തു.

'ഇന്ത്യയിലെ ഏതൊരു ഒപ്റ്റിക്കൽ സ്റ്റോറിലും പോയാലും കോൺടാക്റ്റ് ലെൻസുകൾ വാങ്ങാൻ കഴിയുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം അമേരിക്കയിൽ ഇതുപോലെ സാധ്യമല്ല. പ്രത്യേകിച്ച് എനിക്ക് ഇൻഷുറൻ ഇല്ലാത്തതുകൊണ്ട്. എനിക്ക് 26 ഡോളറിന് മൂന്ന് ജോഡി ലഭിച്ചു. അത് വലിയ ലാഭമാണോ അതോ സാധാരണ വിലയാണോ എന്നെനിക്കറിയില്ല'-അവർ വ്യക്തമാക്കി.

ഈ പോസ്റ്റ് വൈറലായതോടെ ഒട്ടേറെപ്പേർ പ്രതികരണവുമായെത്തി. അമേരിക്കയിൽ കോൺടാക്റ്റ് ലെൻസുകൾ വാങ്ങാൻ ഇൻഷുറൻസ് ആവശ്യമുണ്ടെന്ന് അറിഞ്ഞതിൽ ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും അത്ഭുതപ്പെട്ടു. 'ദൈവമേ, ഞാൻ യാദൃശ്ചികമായി എന്റെ കണ്ണട ഷോപ്പിൽ പോയി ഇത് ശരിയാക്കി. ഫിറ്റ് ചെയ്യാൻ പോയി പിന്നെ അഡ്ജസ്റ്റ് ചെയ്യാനും. അദ്ദേഹം അത് സൗജന്യമായി ചെയ്തു,' ഒരു ഉപയോക്താവ് പറഞ്ഞു. മറ്റൊരാൾ കൂട്ടിച്ചേർത്തു: 'കോൺടാക്റ്റ് ലെൻസുകൾക്ക് ഇൻഷുറൻസ് ആവശ്യമുണ്ടെന്നത് അദ്ഭുതപ്പെടുത്തുന്നു.'-മറ്റൊരു ഉപയോക്താവ് കുറിച്ചു. 'മറ്റ് രാജ്യങ്ങളിൽ പ്രിസ്‌ക്രിപ്ഷൻ കോൺടാക്റ്റ് ലെൻസുകൾ വാങ്ങാൻ അപ്പോയിന്റ്‌മെന്റോ ഇൻഷുറൻസോ ആവശ്യമാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല' എന്നായിരുന്നു മറ്റൊരു കമന്റ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: An American woman successfully purchased prescription contact lenses in India for $26 without insurance., The process was quick, requiring no prior appointment unlike the US system., Social media users are contrasting the accessibility of Indian medical services with the high costs in the US., This follows another viral case where a $1,000 medication was sourced in India for $25.