ഒരു ഷിഫ്റ്റിൽ 500 പാഴ്സലുകൾ! വൈറലായി ആമസോൺ ഡ്രൈവർ പങ്കുവെച്ച വീഡിയോ

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

വാനിനുള്ളിൽ ശ്വാസംമുട്ടുന്ന രീതിയിൽ പാഴ്സലുകൾ. മിനിറ്റിൽ ഒരു ഡെലിവറി എന്ന കണക്കിൽ 300 സ്റ്റോപ്പുകൾ. അമേരിക്കയിലെ ഒരു ആമസോൺ ഡ്രൈവർ പങ്കുവെച്ച ഇതിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്. വൻതോതിലുള്ള ജോലിഭാരത്തെക്കുറിച്ചും ജീവനക്കാരുടെ മാനസികാവസ്ഥയെക്കുറിച്ചുമുള്ള ചർച്ചകൾക്കും ടിക്ടോകിൽ പ്രചരിച്ച വീഡിയോ കാരണമായിട്ടുണ്ട്. 

@abbykaddaby എന്ന ടിക്ടോക്ക് ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, ഒരു ഷിഫ്റ്റിൽ താൻ പൂർത്തിയാക്കേണ്ട ജോലികളെക്കുറിച്ച് അവർ പറയുന്നുണ്ട്. 

421 ലൊക്കേഷനുകളിലായി 524 പാഴ്സലുകൾ ആ ദിവസം തീർക്കാനുണ്ടെന്ന് അവർ പറയുന്നു. ഡെലിവറി വാനിന്റെ ഉൾഭാഗം വീഡിയോയിൽ കാണിക്കുന്നുണ്ട്. വാനിന്റെ തറ മുതൽ മേൽക്കൂര വരെ പെട്ടികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഡ്രൈവർക്ക് ഒന്ന് തിരിയാൻ പോലും ഇടമില്ലാത്ത രീതിയിലാണ് പാഴ്സലുകൾ അടുക്കിവെച്ചിരിക്കുന്നത്.

മികച്ച അൽഗൊരിതങ്ങൾ ഉപയോഗിച്ചാണ് റൂട്ടുകൾ തയ്യാറാക്കുന്നതെന്നും കൃത്യമായ പാതയിലൂടെ പോകുന്നതിനാൽ ഇത് അസാധ്യമായ ജോലിയല്ലെന്നും ചിലർ വാദിക്കുന്നു. ഫെഡെക്സ്, യുപിഎസ് തുടങ്ങിയ കമ്പനികളിലെ ഡ്രൈവർമാർ ഇതിലും വലിയ ജോലിഭാരം വർഷങ്ങളായി വഹിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എട്ട് മണിക്കൂർ ഷിഫ്റ്റിൽ ഇത്രയും ഡെലിവറി നടത്തണമെങ്കിൽ മിനിറ്റിൽ ഒന്നിലധികം പാഴ്സലുകൾ വിതരണം ചെയ്യേണ്ടി വരുമെന്നും ഇത് അസാധ്യമാണെന്ന അഭിപ്രായക്കാരുമുണ്ട്. 

ജോലിഭാരത്തോടൊപ്പം തന്നെ ശമ്പള കാര്യത്തിലും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഫെഡെക്സ്, യുപിഎസ് തുടങ്ങിയ കമ്പനികളിലെ ഡ്രൈവർമാർക്ക് മണിക്കൂറിൽ 30 ഡോളറിലധികം ലഭിക്കുമ്പോൾ, സമാനമായ ജോലി ചെയ്യുന്ന ആമസോൺ ഡ്രൈവർമാർക്ക് 16 മുതൽ 21 ഡോളർ വരെയാണ് ലഭിക്കുന്നതെന്ന് ചിലർ പറഞ്ഞു. 

(mathrubhumi.com ഈ വാർത്തയിലെ വിവരങ്ങൾ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്)

Content Highlights: Viral video reveals cramped, overcrowded Amazon delivery vans, Driver tasked with over 500 packages in a single shift