സത്യസന്ധതയ്‌ക്കൊരു സല്യൂട്ട്; വിമാനപകട സ്ഥലത്തുനിന്ന് കിട്ടിയ 102 പവൻ സ്വർണം തിരിച്ചുനല്‍കി 56-കാരൻ

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനപകടത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാളൊഴികെ എല്ലാവരും കൊല്ലപ്പെട്ട ദുരന്തത്തില്‍ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും മരിച്ചിരുന്നു. എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള 11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
അപകടമുണ്ടായപ്പോള്‍ പോലീസിനും ഫയര്‍ ഫോഴ്‌സിനുമൊപ്പം പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് 56-കാരനായ രാജു പട്ടേല്‍. തന്റെ സത്യസന്ധത കൊണ്ട് കൈയടി നേടുകയാണ് രാജു ഇപ്പോള്‍. അപകടസ്ഥലത്തുനിന്ന് ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ അധികൃതര്‍ക്ക് തിരികെ നല്‍കിക്കൊണ്ടാണ് രാജു പട്ടേല്‍ മാതൃകയായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മോഷണം നടന്നുവെന്ന വാര്‍ത്ത വന്ന അതേ അഹമ്മദാബാദില്‍ തന്നെയാണ് രാജുവിനെ പോലുള്ള സത്യസന്ധരായ മനുഷ്യരുമുള്ളത്.
ദുരന്തമുണ്ടായപ്പോള്‍ സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തിയവരില്‍ ഒരാളാണ് രാജു. തീ ഒന്നടങ്ങിയപ്പോള്‍ പരിക്കേറ്റവരെ സ്ഥലത്തുനിന്ന് കൊണ്ടുപോകാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു അദ്ദേഹം. അതിനൊപ്പമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കളും രാജു എടുത്ത് കൈവശം വെച്ചത്. അതേക്കുറിച്ച് രാജു തന്നെ പറയുന്നത് ഇങ്ങനെയാണ്:
'പണമായി 80,000 രൂപയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. കൂടാതെ വിദേശ കറന്‍സിയുമുണ്ടായിരുന്നു. ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും താലിമാലകള്‍, നെക്ക്‌ലേയ്‌സുകള്‍, വളകള്‍, മോതിരങ്ങള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളുമുണ്ടായിരുന്നു. രാത്രി ഒമ്പത് മണിവരെ ഞങ്ങള്‍ക്ക് സാധ്യമായത്രയും സാധനങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചു.' -രാജു പട്ടേല്‍ പറഞ്ഞു.
70 'തോല' അഥവാ 102.025 പവന്‍ സ്വര്‍ണമാണ് ഇത്തരത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രാജുവിന് ലഭിച്ചത്. അതെല്ലാം രാജു പിന്നീട് അധികൃതര്‍ക്ക് കൈമാറി. ഈ വാര്‍ത്തയറിഞ്ഞ എല്ലാവരും രാജു പട്ടേലിന്റെ സത്യസന്ധതയെ അഭിനന്ദിക്കുകയാണ്.
Content Highlights: Air India Crash: Man Returns Rs. 80,000 Cash, 'Mangalsutras', 70 'Tola' Gold Jewellery Found At Site