ഫാഷന്‍ ലോകത്തേക്കുള്ള തിരിച്ചുവരവ്; പുതിയ സ്റ്റൈലിഷ് ചിത്രവുമായി അച്ചു ഉമ്മന്‍

ഒരിടവേളയ്ക്ക് ശേഷം ഫാഷന്‍ ലോകത്തേക്ക് തിരിച്ചെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പങ്കുവെച്ചാണ് തിരിച്ചെത്തിയതായി അച്ചു ഉമ്മന്‍ അറിയിച്ചത്. നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നു.
ഡാഷ് ആന്റ് ഡോട്ട് ബ്രാന്റിന്റെ കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടിലാണ് ഇത്തവണ അച്ചു ഉമ്മന്‍ എത്തിയത്. ഇതിന്റെ ചുവപ്പ് റിബ്ബണ്‍ ടൈയാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഒപ്പം മുത്തുകള്‍ പിടിപ്പിച്ച ചുവപ്പ് നിറത്തിലുള്ള ഗുച്ചി ബ്രാന്‍ഡിന്റെ ഷോള്‍ഡര്‍ ബാഗും കൈയിലുണ്ട്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് അച്ചു ഉമ്മന്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളിലുള്ള ആഗോള ബ്രാന്‍ഡുകളുടെ വിലകൂടിയ വസ്തുക്കള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സൈബര്‍ ആക്രമണം. ഫാഷന്‍, യാത്ര, ലൈഫ്സ്‌റ്റൈല്‍ തുടങ്ങിയവയായി ബന്ധപ്പെട്ടുള്ളതാണ് തന്റെ കരിയറെന്നും ജോലിയുടെ ഭാഗമായാണ് ഇത്തരം ബ്രാന്‍ഡുകളുമായി സഹകരിക്കാനുള്ള അവസരം ലഭിച്ചതെന്നും അച്ചു ഉമ്മന്‍ മറുപടി നല്‍കിയിരുന്നു. സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
ട്രഡീഷണല്‍ വസ്ത്രങ്ങളേക്കാള്‍ വെസ്റ്റേണ്‍ സ്റ്റൈലിഷ് ഔട്ട്ഫിറ്റുകള്‍ ധരിച്ചാണ് അച്ചു ഉമ്മന്‍ മിക്ക ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫാഷനബ്ള്‍ ഓവര്‍കോട്ടും മിനി ഡ്രസും ജംപ്സ്യൂട്ടും സ്‌റ്റൈലിഷ് ക്യാപ്പും ഗൗണുമെല്ലാം അണിഞ്ഞ് സൂപ്പര്‍ കൂള്‍ ലുക്കില്‍ അച്ചുവിനെ ചിത്രങ്ങളില്‍ കാണാം.
എന്നാല്‍ ഇതിനേക്കാളേറെ ശ്രദ്ധിക്കപ്പെട്ട അച്ചുവിന്റെ കൈയിലുള്ള ബാഗ് ശേഖരമാണ്. ഗുച്ചി, ക്ലോയി, ഹെര്‍മീസ്, ലൂയി വിറ്റോണ്‍, ഷനെല്‍, ക്രിസ്റ്റിയന്‍ ഡിയോര്‍, ബൊട്ടേഗ വെനറ്റ, വലെന്റിനോ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ബാഗുകളാണ് ചിത്രങ്ങളില്‍ കാണുന്നത്. സബ്യസാചി മുഖര്‍ജി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഡിസൈനര്‍മാരുടെ ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളും അച്ചു ഉമ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
നിലവില്‍ രണ്ട് ലക്ഷത്തിന് അടുത്ത് ആളുകളാണ് അച്ചു ഉമ്മനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. കുടുംബത്തിനൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും യാത്രയുടെ ചിത്രങ്ങളും അച്ചുവിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം.
Content Highlights: achu oommen comeback to fashion world after cyber attacks