കല്യാണപ്പന്തലില്‍ ഷോര്‍ട്‌സും ബനിയനുമിട്ട് വരന്‍; ആമിര്‍ഖാന്റെ മരുമകന് ട്രോള്‍മഴ

Photo: Screengrab / desiclassybrides
Photo: Screengrab / desiclassybrides

കോട്ടും സ്യൂട്ടോ ഷെര്‍വാണിയോ ധരിച്ച്, കുതിരപ്പുറത്തുവരുന്ന വരനാണല്ലോ ടിപ്പിക്കല്‍ ബോളിവുഡ് വിവാഹസങ്കല്‍പ്പം. എന്നാല്‍, ഷോര്‍ട്‌സും ബനിയനും സ്‌നീക്കേഴ്‌സും ധരിച്ച് 8 കിലോമീറ്റര്‍ ജോഗ് ചെയ്തുകൊണ്ട് സ്വന്തം വിവാഹത്തിനെത്തിയ വരനെ കെണ്ട് ആളുകള്‍ അതിശയിച്ചുപോയി. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെ വിവാഹത്തിനാണ് ഇറയുടെ ഭര്‍ത്താവ് നൂപുര്‍ ശിഖര വ്യത്യസ്തമായ രീതിയിലെത്തിയത്.

സാന്റാ ക്രൂസില്‍നിന്ന് ബാന്ദ്രയിലേക്ക് എട്ടുകിലോമീറ്റര്‍ ഓടിയാണ് വരന്‍ നൂപുര്‍ ചടങ്ങിനെത്തിയത്. ബാന്ദ്രയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ദമ്പതിമാർ പ്രതിജ്ഞ എടുത്തശേഷം ആമിര്‍ഖാന്‍ മരുമകനെ ആശ്ലേഷിക്കുകയും ചെയ്തു. എന്നാല്‍, നൂപുര്‍ ബനിയനും ഷോര്‍ട്‌സും പച്ച നിറത്തിലെ സ്‌നീക്കേഴ്‌സും ധരിച്ച് വിവാഹവേദിയിലെത്തിയതും രജിസ്റ്ററില്‍ ഒപ്പുവെയ്ക്കുന്നതുമടക്കമുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ധാരാളം ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. 

സ്വന്തം വിവാഹച്ചടങ്ങിനെ വിലകുറച്ച് കാണുകയാണെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഏറെയും. 'വരന്‍ ഷെര്‍വാണി ധരിക്കാന്‍ മറന്നുപോയോ?', 'ഇയാളെ തട്ടിക്കൊണ്ടുവന്നതാണോ?', 'ഒരു പാന്റെങ്കിലും ധരിക്കാമായിരുന്നു', 'ജിമ്മില്‍നിന്ന് നേരിട്ട് കല്യാണത്തിനു വരികയായിരുന്നോ?' മുതലായ കമന്റുകളാണ് പ്രചരിക്കുന്നത്. എന്നാല്‍, പരമ്പരാഗത രീതികളെ മാറ്റിനിര്‍ത്തി സ്വന്തം ഇഷ്ടമനുസരിച്ച് സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്ന തരത്തില്‍ പ്രതികരിക്കുന്നവരുമുണ്ട്.

ആമിറിന്റെ മകള്‍ ഇറയുടെ വേഷവും ചര്‍ച്ചാവിഷയമായിരുന്നു. ലെഹങ്കയും ലാച്ചയുമൊക്കെ മാറ്റിവെച്ച് ഹാരെം പാന്റും ബ്ലൗസും ധരിച്ചെത്തിയ ഇറ സ്വന്തം വ്യക്തിത്വത്തോട് നീതി പുലര്‍ത്തി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സില്‍വര്‍ എംബ്രോയിഡറി ചെയ്ത പേസ്‌റ്റെല്‍ പിങ്ക് ഹാരെം പാന്റും കടുംനീല നിറത്തിലെ വെല്‍വെറ്റ് ബ്ലൗസും പേസ്റ്റല്‍ പിങ്ക് ദുപ്പട്ടയുമായിരുന്നു ഇറയുടെ വേഷം. ഇതോടൊപ്പം കോലാപൂരി ചെരുപ്പും വലിയ പോല്‍ക്കി നെക് ലേസും ഇവര്‍ ധരിച്ചിരുന്നു. തന്റെ ചുവന്ന മുടി അഴിച്ചിട്ടുകൊണ്ട് മിനിമല്‍ മേക്കപ്പില്‍ തികഞ്ഞ സന്തോഷവതിയായിരുന്നു ഇറ.

ഇറയുടെ ദീര്‍ഘനാളായുള്ള സുഹൃത്തും ഫിറ്റ്‌നെസ് ട്രെയിനറുമാണ് നുപൂര്‍. ഏറെനാളത്തെ സൗഹൃദത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. ഇറാ ഖാന്റെ അമ്മയും ആമിര്‍ ഖാന്റെ ആദ്യഭാര്യയുമായ റീന ദത്തയും ആമിറിന്റെ രണ്ടാം ഭാര്യ കിരണ്‍ റാവുവും ഇവരുടെ കുടുംബാംഗങ്ങളുമെല്ലാം ചടങ്ങിന് എത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ ഇറ്റലിയില്‍ വെച്ചയാരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ജനുവരി 8 ന് ഉദയ്പുരില്‍ വെച്ചായിരിക്കും ആഘോഷമായ വെഡ്ഡിങ് റിസപ്ഷന്‍ നടക്കുക. ബോളിവുഡിലെ താരനിരകളെല്ലാം റിസപ്ഷനില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Content Highlights: aamir khans daughter ira khans wedding video goes viral because of nupur shikhares attire