'പടക്കത്തിന് മാത്രം ചെലവായത് 70 ലക്ഷം'-ചര്‍ച്ചയായി ബിജെപി എംഎല്‍എയുടെ മകന്റെ വിവാഹം

അഞ്ജനേഷും സിമറും | Photo: instagram/ anjanesh
അഞ്ജനേഷും സിമറും | Photo: instagram/ anjanesh

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഇന്‍ഡോറിലെ ബിജെപി എംഎല്‍എ ഗോളു ശുക്ലയുടെ മകന്‍ അഞ്ജനേഷ് ശുക്ലയുടെ വിവാഹം. ആഡംബരത്തിനായി ചെലവഴിച്ച പണമാണ് ചര്‍ച്ചയ്ക്ക് കാരണം. വിവാഹത്തിന് മാറ്റുകൂട്ടിയ വെടിക്കെട്ടിനും പടക്കങ്ങള്‍ക്കുമായി ചെലവാക്കിയത് 70 ലക്ഷം രൂപയാണ്.

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിഐപികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. ലക്ഷങ്ങള്‍ ചെലവഴിച്ച് വിവാഹവേദി അലങ്കരിച്ചിരുന്നു. എംബ്രോയ്ഡറി ചെയ്ത ഷെര്‍വാണിയായിരുന്നു അഞ്ജനേഷ് ശുക്ലയുടെ ഔട്ട്ഫിറ്റ്. വധു സിമര്‍ ചുവപ്പ് നിറത്തിലുള്ള ലെഹങ്കയാണ് ധരിച്ചത്. ഇന്‍ഡോറിലെ ഖജ്രാന ക്ഷേത്രത്തില്‍ വധൂവരന്മാര്‍ പരസ്പരം മാല ചാര്‍ത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

അഞ്ജനേഷിന്റെ സഹോദരന്‍ രുദ്രക്ഷ് ശുക്ല വിവാഹവീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതിന് താഴെ ചിലര്‍ ദമ്പതിമാർക്ക് അഭിനന്ദനം അറിയിച്ചപ്പോള്‍ മറ്റു ചിലര്‍ പണം ദുര്‍വ്യയം ചെയ്തു എന്ന് പറഞ്ഞ് ഈ ആര്‍ഭാടത്തെ വിമര്‍ശിച്ചു.

'70 ലക്ഷം രൂപ നികുതിദായകരുടെ പണമായിരുന്നു' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'എന്തുകൊണ്ട് ചെറിയ ബിസിനസ്സുകാര്‍ക്ക് മാത്രം പരിശോധന? ഇദ്ദേഹം പോലുള്ള ആളുകളെ ആദായ നികുതി വകുപ്പ് എന്തുകൊണ്ട് വെറുതെ വിടുന്നു?' എന്നായിരുന്നു മറ്റൊരു ചോദ്യം.

Content Highlights: 70 lakh fireworks grand decor wedding video of bjp mlas son