370 രൂപയുടെ ബിരിയാണിക്ക് പകരം യുവതിയിൽ നിന്ന് ലൈംഗികതയെന്ന വിവാദ പരാമർശം; 23-കാരന്റെ ജോലി തെറിച്ചു

സ്റ്റാൻഡ് അപ്പ് കോമഡിഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി. ഹരിയാണയിലെ ഗുഡ്ഗാവ് സ്വദേശിയും വെബ് ഡെവലപ്പറുമായ ഹിമാൻഷു ജാഗ്രയെന്ന 23-കാരനെയാണ് ഗുഡ്ഗാവിൽ തന്നെയുള്ള സ്റ്റാർവിക് ഡിസൈൻ എന്ന ഡിസൈനിങ് കമ്പനി പുറത്താക്കിയത്. സ്റ്റാർവിക് ഡിസൈനിന്റെ ഉടമ വിവേക് വിശ്വകർമ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ പ്രണീത് മോറെയുടെ ഷോയിലാണ് കാണിയായെത്തിയ ഹിമാൻഷു സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഡേറ്റിങ് അനുഭവം പങ്കുവെക്കാനായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിമാൻഷു ഇക്കാര്യം പറഞ്ഞത്. ഒരിക്കലൊരു പെൺകുട്ടിയുമായി ഡേറ്റിങ്ങിന് പോയപ്പോൾ 370 രൂപ ചെലവാക്കി ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും അതിന് പകരമായി ലൈംഗികത പ്രതീക്ഷിച്ചുവെന്നുമാണ് ഹിമാൻഷു പറഞ്ഞത്.
പെൺകുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ട് പോലും നിർബന്ധിച്ച് അടുത്തുള്ള പാർക്കിലേക്ക് കൊണ്ടുപോയി. ചെലവാക്കിയ പണം പരമാവധി മുതലാക്കണമെന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു ഇത്. ഇരുട്ട് നിറഞ്ഞ പാർക്കിൽ വെച്ച് അവളുടെ എതിർപ്പ് അവഗണിച്ച് ബലമായി ചുംബിച്ചു. കൂടാതെ അവളുടെ വസ്ത്രത്തിനുള്ളിലേക്ക് കൈ കടത്തിയെന്നും ഹിമാൻഷു തുറന്ന് പറഞ്ഞു. ഹിമാൻഷു പറഞ്ഞത് കേട്ട് സദസ്സിൽ നിന്ന് പൊട്ടിച്ചിരിയും കൈയടിയും ഉയരുകയും ചെയ്തിരുന്നു.
പെൺകുട്ടി വീട്ടിൽ വിടാനായി ആവശ്യപ്പെട്ടപ്പോൾ അവളെ വീട്ടിലാക്കി കൊടുത്തു. വീട്ടിലെത്തിയപ്പോൾ തന്റെ ഉദ്ദേശം പെൺകുട്ടിയോട് തുറന്നുപറഞ്ഞു. '370 രൂപ ഞാൻ ചെലവാക്കി. അത് ഞാൻ മുതലാക്കും എന്ന് ഞാൻ അവളോട് പറഞ്ഞു' എന്നാണ് ഷോയിൽ ഹിമാൻഷു ജാഗ്ര പറഞ്ഞു. യഥാർഥത്തിൽ ഈ ഭാഗമാണ് ആദ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിമർശനമുയരുകയും ചെയ്തത്.
ഇതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് ഹിമാൻഷുവിനെതിരെ ഉയർന്നത്. ഹിമാൻഷു പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശം കേട്ട് ആസ്വദിച്ച സദസ്സിനെതിരെയും വിമർശനമുണ്ടായി. സ്ത്രീവിരുദ്ധ പരാമർശം ഉണ്ടായപ്പോൾ അതിൽ ഇടപെടാതിരിക്കുകയും അതിന്റെ വീഡിയോ സബ്‌ടൈറ്റിൽ ഉൾപ്പെടെ ചേർത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൊമേഡിയനായ പ്രണീത് മോറെയ്‌ക്കെതിരേയും വിമർശനമുണ്ടായി. 370 രൂപ ചെലവിട്ടാൽ സ്ത്രീയുടെ ശരീരത്തിനുമേൽ അവകാശം സ്ഥാപിക്കാമെന്ന ചിന്താഗതി യുവാക്കളിൽ രൂപപ്പെട്ടുവെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇതോടെയാണ് ഹിമാൻഷുവിനെ ജോലിയിൽ നിന്ന് പുറത്താക്കിയത്.
Content Highlights: A 23-year-old web developer from Gurugram named Himanshu Jagra has been terminated from his job at Starvic Design after a viral video showed him bragging about a horrific dating experience during a stand-up comedy show. At a show hosted by comedian Praneet More, Himanshu openly boasted that after buying a girl a chicken biryani worth Rs 370, he expected sex in return and forcefully kissed and fondled her in a dark park despite her clear resistance. Following severe online backlash against his misogynistic admission and the audience that cheered for it, Starvic Design's owner, Vivek Vishwakarma, announced Himanshu's immediate dismissal via X.