ഇന്ത്യയിൽ ജീവിക്കണോ വിദേശത്ത് പോണോ?, 1 ലക്ഷം മാസശമ്പളമുള്ള 23 കാരന് സംശയം; മറുപടിയുമായി സോഷ്യൽ മീഡിയ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ജോലിയിലും വ്യക്തി ജീവിതത്തിലും സംശയങ്ങളുടെ കുത്തൊഴുക്കുള്ള പ്രായമാണല്ലോ ഇരുപതുകള്‍. മാസ വരുമാനം ഒരു ലക്ഷം രൂപയുണ്ടെങ്കിലും ഭാവിയിൽ ഇന്ത്യയിൽ തുടരുന്നതിൻ്റെ സാധ്യതയെ ചോദ്യം ചെയ്തുള്ള ഇരുപത്തിമൂന്നുകാരനായ ടെക്കിയുടെ ഒരു റെഡിറ്റ് പോസ്റ്റ് വൈറലാകുകയാണ്. സുഹൃത്തുക്കളെല്ലാവരും വിദേശത്ത് പോകുമ്പോൾ താൻ ഇന്ത്യയിൽ തന്നെ തുടരുന്നത് തന്നെ സമൂഹത്തിന് മുന്നിൽ ചെറുതാക്കുമോ എന്നാണ് ഇദ്ദേഹത്തിൻ്റെ ആകുലത. 

മെച്ചപ്പെട്ട ശമ്പളമാണ് വാങ്ങുന്നതെങ്കിലും താന്‍ മികച്ച രീതിയിലല്ല ജീവിക്കുന്നതെന്ന അപകര്‍ഷത തന്നെ വേട്ടയാടുന്നു എന്ന് പറഞ്ഞാണ് യുവാവിന്റെ  പോസ്റ്റ് തുടങ്ങുന്നത്. വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്ന തന്റെ സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ള പോസ്റ്റുകളും സ്‌റ്റോറികളും കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്. 23 വയസ്സുകാരനായ ടെക്കി പറയുന്നു. 

സെറ്റിലാകാന്‍ വിദേശ രാജ്യങ്ങള്‍ തിരഞ്ഞെടുക്കാതെ ഇന്ത്യയില്‍ തുടരുന്നത് മോശമാണോ എന്നാണ് ഒരു ചോദ്യം. കൂടുതല്‍ പഠിച്ച് ഇതിലും വരുമാനം ലഭിക്കുന്ന ജോലി ഇന്ത്യയില്‍ തന്നെ എനിക്ക് നേടാനാകും. പക്ഷെ വിദേശ രാജ്യങ്ങളില്‍ ലഭ്യമായതു പോലെയുള്ള ജീവിത നിലവാരം ഇന്ത്യയില്‍ തുടര്‍ന്നാല്‍ കിട്ടില്ല. പോസ്റ്റില്‍ പറയുന്നു. ഇന്ത്യയില്‍ തന്നെ തുടരുന്നതുകൊണ്ടാണോ തന്നെ ഇത്തരത്തിലുള്ള ചിന്തകള്‍ ബാധിക്കുന്നതെന്നും ടെക്കി ചോദിക്കുന്നു.

ഇപ്പോള്‍ ചെയ്യുന്ന മെച്ചപ്പെട്ട ജോലിയും മറ്റുകാര്യങ്ങളും ഉപേക്ഷിച്ച്  മറ്റൊരു രാജ്യത്തേക്കുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ചുറ്റുമുള്ളവരില്‍ നിന്നുള്ള സമ്മര്‍ദ്ദം എന്നില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. 

യുവാവിന്റെ ആകുലതയ്ക്ക് നിരവധിപ്പേർ മറുപടി നൽകുന്നുണ്ട്. നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യു എന്ന് മുതല്‍ മാസം ഒരു ലക്ഷം വരുമാനമുള്ള നിങ്ങള്‍ ഇന്ത്യയില്‍ മികച്ച വരുമാനമുള്ള ഒരു ശതമാനത്തില്‍ പെടുന്നു എന്ന് വരെ കമ്മന്റുകളുണ്ട്. ഉപഭോക്താക്കളില്‍ ഫോമോ ( ഫിയര്‍ ഓഫ് മിസ്സിങ്ങ് ഔട്ട്) ഉളവാക്കുന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും അവരവരുടേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും കമ്മൻ്റുകളുണ്ട്.

മറ്റുള്ളവര്‍ കൂടുതല്‍ സന്തുഷ്ടരാണ്, അവരുടെ ജീവിത നിലവാരം തന്നേക്കാള്‍ മെച്ചപ്പെതാണ് തുടങ്ങിയ തോന്നല്‍ ഫോമോയുടെ ലക്ഷണങ്ങളാണ്. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ ഉടലെടുത്ത വാക്കാണ് ഫോമോ.താൻ ഓൺലൈനല്ലാതിരുന്നാൽ ആ നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താൻ ഭാഗമല്ലാതെ പോയേക്കും എന്ന ഭീതിയും ഫോമോയുടെ മുഖമുദ്രയാണ്. 


 

Content Highlights: 23 year old with one lakh salary doubts about staying in india