ടെക്ക് നഗരത്തിലെ അത്യാഡംബര വീട് 538 കോടി രൂപയ്ക്ക് വിറ്റ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്

ജെഫ് ബെസോസ് | Photo: gettyimages
ജെഫ് ബെസോസ് | Photo: gettyimages

മസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ യു.എസിലെ റിയല്‍ എസ്റ്റേറ്റ് ലോകം സങ്കല്‍പത്തിനും മുകളിലാണ്. അമേരിക്കയില്‍ മാത്രം കോടികള്‍ വിലമതിക്കുന്ന സ്വത്താണ് ബെസോസിന്റെ ഉടമസ്ഥയിലുള്ളത്. 2024-ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസിലെ 25-ാമത്തെ വലിയ ഭൂവുടമയാണ് ബെസോസ്. 520,000 ഏക്കര്‍ അദ്ദേഹത്തിന്റെ പേരിലുണ്ടെന്നാണ് കണക്കുകള്‍.

ടെക്ക് മേഖലയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന അമേരിക്കയിലെ സിയാറ്റില്‍ നഗരത്തില്‍ മാത്രം ജെഫ് ബെസോസിന് ഒന്നിലധികം വസ്തുക്കളുണ്ട്. ഇതില്‍ ഒന്നാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം നേടുന്നത്. സിയാറ്റിൽ ആഡംബര ഭവനങ്ങളിലൊന്ന് 63 മില്യണ്‍ ഡോളറിന് (ഏകദേശം 538 കോടി രൂപ) ബെസോസ് വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 3.27 ഏക്കറുള്ള സ്വത്തില്‍ 9420 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈ ആഡംബര ഭവനമുള്ളത്. 2003-ല്‍ പണിത ആഡംബര ഭവനത്തില്‍ മൂന്ന് ബെഡ്‌റൂമുകളും നാല് ബാത്ത്റൂമുകളുമുണുള്ളത്. 2019-ല്‍ 37.5 ഡോളറിനാണ് ബെസോസ് വീട് സ്വന്തമാക്കിയത്. 29 വര്‍ഷം സിയാറ്റിലിലാണ് ബെസോസ് താമസിച്ചത്. അതിനുശേഷം മയാമിയിലേക്ക് മാറുകയായിരുന്നു.

നേരത്തെ വാഷിങ്ടണിലെ ബെല്ലെവ്യൂവിലുള്ള വീടും അദ്ദേഹം വിറ്റിരുന്നു. ഈ വീട്ടില്‍വെച്ചാണ് ജെഫ് ബെസോസ് തന്റെ ആമസോണ്‍ ജൈത്രയാത്ര ആരംഭിക്കുന്നത്. 1954-ല്‍ നിര്‍മിക്കപ്പെട്ട ഈ വീട്, 1994-ലാണ് ജെഫ് ബെസോസ് തുടക്കത്തില്‍ വാടകയ്ക്കെടുത്തത്. വീടിന്റെ ഗ്യാരേജാണ് ആമസോണിന്റെ ആസ്ഥാനമാക്കി മാറ്റിയത്. പിന്നീട് ഇത് ഒരു ഓണ്‍ലൈന്‍ ബുക്ക്സ്റ്റോര്‍ ആക്കി മാറ്റുകയും ചെയ്തു. പിന്നീട് 2001-ല്‍ വീടിന്റെ ഗ്യാരേജ് അടക്കം പൂര്‍ണമായും മാറ്റിപ്പണിതു. 

ആമസോണിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ വീടിനും ഗ്യാരേജിനും വന്‍പ്രസക്തിയാണുള്ളത്. ആദ്യകാലത്ത് ഹോം ഡിപ്പോയില്‍നിന്ന് വാങ്ങിയ വാതിലുകള്‍ കൊണ്ട് നിര്‍മിച്ച താല്കാലികമായ മേശകളാണുണ്ടായിരുന്നത്. എന്നാല്‍, ഈ 'ഗ്യാരേജ് ഹെഡ്ക്വാര്‍ട്ടേഴ്സ്' അധികനാള്‍ നീണ്ടുനിന്നില്ല. ആമസോണ്‍ പെട്ടന്ന് വളര്‍ന്നുപന്തലിച്ചപ്പോള്‍ സിയാറ്റിലിന്റെ സൗത്ത് ഓഫ് ഡൗണ്‍ടൗണിലുള്ള ഒരു ഓഫീസിലേക്ക് അതിന്റെ ആസ്ഥാനം മാറ്റുകയും ചെയ്തു. പക്ഷേ ഇതിനുശേഷവും ബെസോസ് ഈ ഗ്യാരേജിനെ ഭാഗികമായി  ഉപയോഗപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു റീക്രിയേഷന്‍ റൂം ആക്കി ബെസോസ് ഈ ഗ്യാരേജിനെ മാറ്റിയെടുത്തു.
 

Content Highlights: eff Bezos`s massive US real estate holdings, including his recent $63 million Seattle home sale