ഓരോ ഫോട്ടോയും സ്റ്റേറ്റ്മെൻറ്; നഗ്നതയ്ക്ക് മറ്റൊരു ഭാഷ രചിച്ച ആതിര

ഒരു ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിലൂടെയാണ് ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറെ നാം ശ്രദ്ധിച്ചുതുടങ്ങുന്നത്. നഗ്നത എന്ന വാക്കിനോട് ചേർന്ന് നിൽക്കുന്ന അശ്ലീലതയുടെ മൂടുപടങ്ങളെ ആ ചിത്രത്തിലൂടെ അവർ വലിച്ചുകീറി. അതുപക്ഷെ ആതിരയുടെ യാത്രയുടെ തുടക്കമായിരുന്നു. മാതൃത്വത്തിന്റെ മനോഹാരിത നിറയുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾക്കൊപ്പം തനിക്ക് പറയാനുള്ള കാര്യങ്ങൾ താനെടുക്കുന്ന ചിത്രങ്ങളിലൂടെ ആതിര പറഞ്ഞുകൊണ്ടേയിരുന്നു. അതിൽ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ശരണ്യ എന്ന ആദിവാസി യുവതിയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട്. വയനാട്ടുകാരിയായ ആതിര താൻ കണ്ടുവളർന്ന ചുറ്റുപാടുകളെ താനെടുക്കുന്ന ചിത്രങ്ങളിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു. ആ ആദിവാസി യുവതി ആദ്യമായി മനസ്സുനിറഞ്ഞൊന്ന് ചിരിക്കുന്നതുപോലും ആതിരയുടെ ക്യാമറയ്ക്ക് മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുമ്പോഴായിരുന്നു. മോഡേൺ ഔട്ട്ഫിറ്റിൽ പ്രത്യക്ഷപ്പെട്ട രാജിനി ചാണ്ടിയിലൂടെ പ്രായം വെറും നമ്പറാണെന്ന് ആതിര വീണ്ടും സമൂഹത്തെ ഓർമിപ്പിച്ചു, ട്രാൻസ്‌ജെൻഡേഴ്‌സിനിടയിലെ ലെസ്ബിയൻ പ്രണയത്തെ അവൾ അടയാളപ്പെടുത്തി, നഗ്നതയെന്നാൽ വൾഗാരിറ്റിയല്ല സൗന്ദര്യമാണെന്ന് അവൾ പൂർണനഗ്നമായ ചിത്രങ്ങളിലൂടെ തിരുത്തിക്കുറിച്ചു. ക്യാൻസർ രോഗത്തോട് പടവെട്ടി ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുന്ന രേണുസുധിയുടെ ഓണചിത്രങ്ങളുമായി വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആതിര.
ഇതുവരെ ആരും ചിന്തിക്കാത്ത രീതിയിലുള്ള ചിത്രങ്ങളുമായെത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിടുന്ന ആളാണ് ആതിര. ഇത്തവണയും പതിവുതെറ്റിച്ചില്ല. ബിഗ്‌ബോസ് മത്സരാർഥിയും സോഷ്യൽ മീഡിയ താരവുമായ രേണുസുധിയുടെ ഇതുവരെ കാണാത്ത മനോഹരമായ ചിത്രങ്ങളുമായാണ് ഇത്തവണ ആതിര സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്? രേണുവിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
എന്റെ പ്രൊഫൈൽ നോക്കിയാൽ അറിയാം ഒരുപാട് ഷൂട്ട് ചെയ്യുന്ന ഒരാളല്ല ഞാൻ. ഓണത്തിന് എന്തുചെയ്യും എന്ന് ആലോചിച്ച് ഇരിക്കുന്ന സമയത്താണ് രേണുവിന്റെ കാര്യം എനിക്ക് ഓർമ വരുന്നത്. ദിയ സനയെ എനിക്ക് വ്യക്തിപരമായി അറിയാം. ട്രാൻസുകൾക്കിടയിലെ ലെസ്ബിയൻ ഷൂട്ടിന് എനിക്ക് അവരെ അറേഞ്ച് ചെയ്ത് തന്നത് ദിയചേച്ചിയാണ്. അവരോട് ഞാൻ രേണുവിന്റെ കാര്യം സംസാരിച്ചു. അവരാണ് രേണുവിന്റെ സഹോദരിയുമായി കാര്യങ്ങൾ സംസാരിക്കുന്നത്. ഒറ്റ ദിവസംകൊണ്ട് ഷൂട്ട് ചെയ്യാൻ കഴിയുമെങ്കിൽ ഒാക്കേയാണ്. കീമോയ്ക്ക് പോകേണ്ടതുണ്ടെന്ന് പറഞ്ഞു. ശനിയാഴ്ചയാണ് ഞാൻ വിളിക്കുന്നത്. തിങ്കളാഴ്ച ഫോട്ടോഷൂട്ട് നടത്തി.
ഇതുവരെ കണ്ട രേണുവിനെയല്ല ഫോട്ടോയിൽ നാം കാണുന്നത്?
എന്ത് ലുക്കാണ് എനിക്ക് വേണ്ടതെന്ന് ഞാൻ അവരോട് സംസാരിച്ചിരുന്നു. മേക്കപ്പ് വേണ്ട, മുടിയില്ലാത്ത ഫോട്ടോ, കേരള സാരിയിൽ എടുക്കാം എന്നാണ് പറഞ്ഞത്. എന്റെ ഫോട്ടോകൾ അറിയാമല്ലോ, ന്യൂഡ്, സെമി ന്യൂഡ് ഫോട്ടോകളാണ് ഭൂരിഭാഗവും. എന്നാൽ ഇതങ്ങനെ വേണ്ടെന്നത് എന്റെ നിർബന്ധമായിരുന്നു. വിഗ് വയ്ക്കരുത്, സ്‌കാർഫ് കെട്ടരുത് ഇതുരണ്ടും വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. കാരണം വിഗ് വച്ചാൽ വേറെ ഒരു ഫെയ്‌സ് ആണ് വരുന്നത്. അവളുടെ ലുക്കിനെ മോട്ടിവേറ്റ് ചെയ്തു, കോൺഫിഡൻസ് കൊടുത്തു. ഇനി മേലിൽ സ്‌കാർഫ് കെട്ടിയാലും വിഗ് വയ്ക്കരുത് എന്ന് ഞാൻ പറഞ്ഞു. മൊട്ടയായി നടക്കുന്നതാണ് അവൾക്ക് ഭംഗി. അതുപോലെ അവളുടെ ചിരി, എല്ലാ ഫോട്ടോയിലും നല്ലപോലെ ചിരിച്ച് നിൽക്കുക. ആറ്റിറ്റിയൂഡോ ബോൾഡ് ലുക്കോ ഒന്നും വേണ്ട എന്ന് പറഞ്ഞു നിറഞ്ഞ ചിരി മാത്രം മതിയെന്ന് പറഞ്ഞു. അവരുടെ അറ്റയറും അപ്പിയറൻസും ഇങ്ങനെ മതിയെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതാണ് ആ ഫോട്ടോയിൽ കാണുന്നത്. ആ സാരി സ്‌പോൺസർ ചെയ്തത് ദിയ സന ചേച്ചിയാണ്.
രേണുവിന്റെ വ്യക്തിപരമായ കാര്യങ്ങൾ എനിക്കറിയില്ല. പക്ഷെ അസുഖത്തോടുള്ള അവരുടെ കാഴ്ചപ്പാട് കണ്ട് എനിക്ക് വളരെയധികം ബഹുമാനം തോന്നിപ്പോയി. കീമോ ചെയ്തുകൊണ്ടിരിക്കുകയാണ്, രക്ഷപ്പെടുമോ എന്നൊന്നും അറിയില്ലെന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു നിങ്ങൾ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നെ ആര് രക്ഷപ്പെടാനാണ്. ഈ അസുഖത്തിനിടയിലും ഊർജസ്വലയായി കാര്യങ്ങൾ ചെയ്യുന്നത് കണ്ട് എനിക്ക് അത്ഭുതമായിരുന്നു. കയ്യിൽ മൂന്ന് നാല് ട്യൂബുകളുണ്ട്. അതുംവച്ചാണ് അവൾ ചാടി ചാടി ഷൂട്ട് ചെയ്യുന്നത്. വളരെ കോൺഫിഡന്റ് ആയിട്ടാണ് ആ കുട്ടി നടക്കുന്നത്. അവളെ എന്നത്തേക്കാളും ഭംഗിയില്ലേ ഇപ്പോൾ കാണാൻ.
രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് പ്രായത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണയെ ചോദ്യം ചെയ്തു,ശരണ്യയുടെ ചിത്രങ്ങൾ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു സ്ത്രീയെ പ്രതിനീധീകരിച്ചു. ഇപ്പോൾ രേണു സുധി കാൻസർ ചികിത്സയ്ക്കിടെ മാറ്റങ്ങൾ വന്ന ശരീരത്തെ മറച്ചുവയ്ക്കാതെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നു. ഇതിനുപുറമേ ധാരാളം മറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ കണ്ടിട്ടുണ്ട് അവിടെ ന്യൂഡിറ്റിയിലൂടെ പരീക്ഷണം നടത്തിയ വ്യക്തിയാണ് ആതിര. അങ്ങനെ ആതിരയുടെ എല്ലാ ചിത്രങ്ങൾക്കും വ്യത്യസ്തയുണ്ടായിരുന്നു?
എനിക്ക് സിറ്റീരിയോടൈപ്പ് സാധനങ്ങൽ ചെയ്യാൻ താല്പര്യമില്ല. അത് ചെയ്യാൻ ഒരുപാട് പേരുണ്ട്. ഞാൻ സംസാരിക്കാൻ കഴിവുള്ള ആളല്ല. എനിക്ക് പറയേണ്ട കാര്യങ്ങൾ അതിന് സാധിക്കുന്ന ഒരു മീഡിയത്തിലൂടെ സംസാരിക്കുകയാണ് ഞാൻ ചെയ്യുന്നത്. രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് നടക്കുന്നത് ഒരു രാത്രി രണ്ടുമണിക്കൂർ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ്. ബിഗ്ബോസ്സിൽ പോയപ്പോൾ ബിക്കിനി ധരിച്ച് പൂളിൽ ഇറങ്ങണമെന്നുണ്ടായിരുന്നു എന്ന ആന്റിയുടെ സംസാരമാണ് ആ ഫോട്ടോഷൂട്ട് വരെയെത്തിയത്. ശരണ്യയുടെ കേസ് പറയുകയാണെങ്കിൽ ഞാൻ വയനാട് നിന്നാണല്ലോ. ഞാൻ സ്‌പെഷ്യലൈസ് ചെയ്യുന്നത് മറ്റേണിറ്റിയിലാണ്. ഒരു ട്രൈബ് കുട്ടിയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവരുടെ ജീവിതത്തെ പുറംലോകത്തെ അറിയിക്കണമെന്ന് തോന്നി. അത്രയും മോശം സാഹചര്യത്തിൽ ജീവിക്കുന്ന കുട്ടിയാണ് അവൾ. അവളുടെ സന്തോഷത്തേക്കാളുപരി അവരുടെ ജീവിത സാഹചര്യങ്ങൾ, അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, അവർക്ക് എന്തൊക്കെ വേണം ഇതെല്ലാം എനിക്ക് എന്റെ ചിത്രങ്ങളിലൂടെയാണ് സംസാരിക്കാൻ സാധിക്കുക. ഞാൻ ഒരു പോസ്റ്റിട്ടാലോ, ഒരു വീഡിയോ ചെയ്താലോ ആ ഇംപാക്ട് കിട്ടില്ല.
ന്യൂഡിറ്റിക്ക് മറ്റൊരു ഭാഷയാണ് ഫോട്ടോകളിലൂടെ ആതിര രചിച്ചത്?
നമ്മുടെ സമൂഹത്തിൽ പെണ്ണിനെ കാണുന്നത് ഒരു 'സെക്‌സ് ടൂൾ'ആയിട്ടാണ്. നഗ്നതയ്ക്ക് പക്ഷെ സെക്ഷ്വാലിറ്റിയേക്കാൾ ഉപരി ഒരു സൗന്ദര്യമുണ്ട്. അത് ആസ്വദിക്കാനാകണം. അതിൽ ലൈംഗികത കാണരുത്. സ്ത്രീ ശരീരം വൾഗറല്ല, അതിൽ സൗന്ദര്യമാണ് ഉള്ളത് എന്ന് പറയാനാണ് ഞാൻ ശ്രമിച്ചത്. ഏഴെട്ട് വർഷങ്ങൾക്ക് മുൻപാണ് ന്യൂഡ് ഫോട്ടോഗ്രാഫി ചെയ്യുന്നത്. അന്ന് സബ്‌സ്‌ക്രിപ്ഷൻ ഉണ്ടായിരുന്നില്ല. ഇന്ന് സമൂഹം മാറി, സബ്‌സ്‌ക്രിപ്ഷൻ വന്നു. ഇന്ന് ആ രീതിയിൽ പടമെടുത്താൽ ചിലപ്പോൾ വേറെ രീതിയിൽ കണ്ടേനെ. എന്റെ ചിത്രങ്ങൾ എല്ലാം ന്യൂഡ് ആണെങ്കിലും വൾഗർ ആയിട്ടല്ല അതുള്ളത്. നമുക്ക് ഫോട്ടോ രണ്ടുതരത്തിൽ എടുക്കാം. സെക്‌സ് അപ്പീലോടെയും ബ്യൂട്ടിഫുളായും ചെയ്യാൻ പറ്റും. ഞാൻ രണ്ടാമത്തെ കാര്യമാണ് ചെയ്യാൻ ശ്രമിച്ചത്. സ്ത്രീയെന്ന് പറഞ്ഞാൽ സെക്‌സിന് വേണ്ടിമാത്രമുള്ളവളല്ല. നിങ്ങൾ അവളിലെ മാതൃത്വം കാണൂ. അല്ലെങ്കിൽ സൗന്ദര്യം കാണൂ. പെണ്ണ് സെക്‌സിന് വേണ്ടിയുള്ള ടൂൾ മാത്രമല്ല. അടുക്കളപ്പുറത്ത് ഒതുങ്ങി ഇരിക്കേണ്ടവളല്ല. അവൾക്ക് സ്വപ്‌നങ്ങളുണ്ട്, ചിറകുകളുണ്ട്, അവൾക്ക് ജീവിതമുണ്ട്. അവൾക്ക് മുൻപോട്ട് പോകാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് പറയാൻ ശ്രമിച്ചത്.
ആതിരയുടെ ചിത്രങ്ങൾ ഒരു സോഷ്യൽ സ്‌റ്റേറ്റ്‌മെന്റായിരുന്നു
ഉറപ്പായിട്ടും. എനിക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ എന്റെ ഫോട്ടോയിലൂടെ പറയാനാണ് ശ്രമിക്കുന്നത്. രേണുവിന്റെ ഫോട്ടോ നോക്കൂ. ഹൃദയത്തിൽ തട്ടുന്ന രീതിയിൽ വലിയ ക്യാപ്ഷനൊന്നും ഞാൻ നൽകിയിട്ടില്ല. പക്ഷെ അതിലൂടെ ഞാൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് കാണുന്നവർക്ക് മനസ്സിലാകും. ഫോട്ടോ പോസ്റ്റ് ചെയ്ത് ഏഴ് മണിക്കൂറിനുള്ളിൽ 2 മില്യൺ ആളുകളാണ് ആ ചിത്രം കണ്ടത്. നമ്മളിലെ ഫോട്ടോഗ്രാഫറാണ് അവിടെ സംസാരിക്കുന്നത്.
ആതിരയുടെ കണ്ണിൽ എന്താണ് സൗന്ദര്യം?
വ്യക്തിത്വം ഉണ്ടെങ്കിൽ, ആത്മവിശ്വാസം ഉണ്ടെങ്കിൽ ഭംഗി ഉണ്ട്. വെളുത്ത് തുടുത്ത് എല്ലാം ഒത്തിണങ്ങിയ സൗന്ദര്യത്തേക്കാൾ ആത്മവിശ്വാസത്തോടെ ചിരിച്ച് നിൽക്കുന്ന പെണ്ണിനെ കാണാനല്ലേ ഭംഗി. ബ്യൂട്ടിയെന്നാൽ ക്യാരക്ടറും കോൺഫിഡൻസുമാണ്.
ഡൽഹി ഐഐപിയിൽ നിന്ന് ഫോട്ടോഗ്രാഫി പഠിച്ച ആതിര ഈ രംഗം തിരഞ്ഞെടുത്തത് പാഷൻ കാരണമായിരുന്നില്ല. സ്ത്രീകൾ അധികം തിരഞ്ഞെടുക്കാത്ത ഒരു പ്രൊഷഫഷൻ തിരഞ്ഞെടുക്കണം, അവിടെ കയ്യൊപ്പ് ചാർത്തണം എന്ന ചിന്തയിലാണ്. ഏറെക്കുറെ ആതിര അവിടെ വിജയിക്കുകയും ചെയ്തു. മറ്റേണിറ്റി ഫോട്ടോഷൂട്ടും വെഡ്ഡിങ് ഫോട്ടോഗ്രാഫിയും ആയി സജീവമാണെങ്കിലും വർഷത്തിൽ ഒരിക്കലെങ്കിലും തന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ വേണമെന്ന് ആതിരക്ക് നിർബന്ധമാണ്. അതിനായി എത്ര ദൂരം സഞ്ചരിക്കാനും കഷ്ടപ്പെടാനും ആതിരക്ക് മടിയില്ല. ആതിരയുടെ സ്വപ്‌നങ്ങൾക്ക് ഊർജം പകർന്ന് ഭർത്താവ് ജിയോ ക്രിസ്റ്റി ഈപ്പനുമുണ്ട്. ഇനിയും ഒരുപാട് പ്രൊജക്ടുകൾ ആതിരയുടെ മനസ്സിലുണ്ട്. പക്ഷെ അതിനുപറ്റിയ മോഡലുകൾക്കായുള്ള, അല്ല യഥാർഥ മനുഷ്യർക്കായുള്ള കാത്തിരിപ്പിലാണ് ആതിര.
Content Highlights: Photographer Athira Joy created a viral sensation with an Onam photoshoot featuring cancer fighter Renu Sudhi., The shoot intentionally avoided wigs and makeup to celebrate natural beauty, confidence, and baldness., Athira's photography consistently challenges societal norms, including maternity shoots, body positivity, and transgender visibility.