പതറിയില്ല, സ്ത്രീകള്‍ക്ക് വഴികാട്ടി; ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ് വിരമിക്കുന്നു

സുരേഖ യാദവ് | File Photo - PTI
സുരേഖ യാദവ് | File Photo - PTI

ആയിരക്കണക്കിന് യാത്രക്കാരുമായി കുതിച്ചുപായുന്ന ട്രെയിനുകള്‍. ഇത്രയധികം ട്രെയിനുകള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ അപകടമില്ലാതെ എങ്ങനെ ഓടുന്നു? അവയെ നിയന്ത്രിക്കുന്നവര്‍ എത്ര ശ്രദ്ധയോടെയാണ് സാഹസികത നിറഞ്ഞ ജോലിചെയ്യുന്നത് എന്നൊക്കെ എല്ലാവരും ചിന്തിച്ചിട്ടുണ്ടാകാം. രാജ്യത്തെ റെയില്‍വെ സംവിധാനം ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനുകളില്‍നിന്ന് വന്ദേഭാരത് പോലെയുള്ളവയിലേക്ക് മാറിയതുപോലെതന്നെ വലിയ മാറ്റമാണ് ട്രെയിനുകള്‍ നിയന്ത്രിക്കുന്നവരുടെ കാര്യത്തിനും ഇന്ന് ഉണ്ടായിട്ടുള്ളത്. ലോക്കോമോട്ടീവ് ക്യാബിനുകള്‍ പുരുഷന്മാരുടെ മാത്രം കുത്തകയായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയിലുടനീളം ഏകദേശം 1,500 സ്ത്രീകളാണ് ട്രെയിനുകള്‍ ഓടിക്കുന്നത്. സുരേഖ യാദവ് എന്ന ഏഷ്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവറാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. 36 വര്‍ഷംനീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് സെപ്റ്റംബര്‍ 30-ന് വിരമിക്കാന്‍ ഒരുങ്ങുകയാണ് അവര്‍.

സെന്‍ട്രല്‍ റെയില്‍വേയിലെ ലോക്കോ പൈലറ്റായ സുരേഖ ചരക്ക് ട്രെയിനുകള്‍ മുതല്‍ സബര്‍ബന്‍ ലോക്കലുകള്‍ വരെയും, സാധാരണ ദീര്‍ഘദൂര ട്രെയിനുകള്‍ മുതല്‍ രാജധാനി, വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകള്‍ വരെയും ഓടിച്ചശേഷമാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നത്.  1989-ല്‍ അസിസ്റ്റന്റ് ഡ്രൈവറായി കരിയര്‍ ആരംഭിച്ച അവര്‍ 1996-ല്‍ ഗുഡ്‌സ് ഡ്രൈവറായും 2000-ത്തില്‍ മോട്ടോര്‍ വുമണായും ഉയര്‍ന്നു. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം അടയാളപ്പെടുത്തിയ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചശേഷമാണ് അവര്‍ പടിയിറങ്ങുന്നത്.

മുംബൈയ്ക്കും പുണെയ്ക്കും ഇടയിലുള്ള അപകടം നിറഞ്ഞ ഭോര്‍ ഘട്ട് പാതയിലൂടെ ഐതിഹാസികമായ ഡെക്കാന്‍ ക്വീന്‍ അവര്‍ ഓടിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും കുത്തനെയുള്ള റെയില്‍വേ കയറ്റങ്ങളില്‍ ഒന്നായിട്ടാണ് ഈ പാത കണക്കാക്കപ്പെടുന്നത്. 2018-ലെ അന്താരാഷ്ട്ര വനിതാദിനത്തില്‍, മോട്ടോര്‍വുമണ്‍, ഗാര്‍ഡ്, ടിക്കറ്റ് ചെക്കര്‍, ആര്‍പിഎഫ് സ്റ്റാഫ് എന്നിവരടങ്ങുന്ന സമ്പൂര്‍ണ്ണ വനിതാ സംഘത്തോടൊപ്പം സിഎസ്എംടിയില്‍നിന്ന് പന്‍വേലിലേക്ക് വനിതാ സ്‌പെഷ്യല്‍ ലോക്കല്‍ ട്രെയിന്‍ ഓടിച്ചത് സുരേഖ യാദവ് ആയിരുന്നു. അടുത്തിടെ, മുംബൈ-പുണെ-സോലാപൂര്‍ റൂട്ടില്‍ അഭിമാനകരമായ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കാനും അവരെ ചുമതലപ്പെടുത്തിയിരുന്നു. ഇവയടക്കം നിരവധി നേട്ടങ്ങളാണ്‌ അവരുടെ ഔദ്യോഗിക ജീവിതത്തിലുള്ളത്.

സുരേഖ യാദവ് | File Photo: PTI

സത്താറയില്‍ ജനിച്ച സുരേഖ യാദവ് 1989-ലാണ് സെന്‍ട്രല്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് ഡ്രൈവറായി ചേരുന്നത്. 1996-ല്‍ ഗുഡ്‌സ് ഡ്രൈവറായും 2000-ല്‍  മോട്ടോര്‍ വുമണായും പിന്നീട് 2010-ല്‍ ഘട്ട് ഡ്രൈവര്‍ എന്ന പദവിയിലേക്കും എത്തി. ഈ പദവിയില്‍ ജോലിചെയ്യവെയാണ് മുംബൈയ്ക്കും പുണെയ്ക്കും ഇടയിലുള്ള അപകടം നിറഞ്ഞ ഭോര്‍ ഘട്ട് പാതയിലൂടെ ട്രെയിന്‍ ഓടിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചുത്. കറാഡിലെ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ റെയില്‍വേയില്‍ ജോലിക്കെത്തുന്നത്. പിന്നീട് രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് പ്രചോദനമായി അവര്‍.

ലോക്കോമോട്ടീവ് ക്യാബിനുകള്‍ പുരുഷന്മാരുടെ മാത്രം കുത്തകയായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്തുള്ള അവരുടെ കടന്നുവരവ് കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയും ലോക്കോ പൈലറ്റുമാരുടെ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരു പുതിയ തലമുറയിലെ സ്ത്രീകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിലുടനീളം ഏകദേശം 1,500 സ്ത്രീകളാണ് ട്രെയിനുകള്‍ ഓടിക്കുന്നത്. സുരേഖയില്‍നിന്ന് തുടങ്ങിയ വലിയ കുതിച്ചുചാട്ടമായിരുന്നു അത്. സുരേഖ യാദവ് വരുംതലമുറയിലെ വനിതകള്‍ക്ക് പ്രചോദനമാകുന്ന ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണെന്ന് സെന്‍ട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില പറയുന്നു.

റെയില്‍വേയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും യാദൃശ്ചികമായി എത്തിപ്പെട്ടതാണെന്നും സുരേഖ യാദവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കൗതുകത്തിനാണ് എഴുത്തുപരീക്ഷയിലും വൈവയിലും അഭിമുഖങ്ങളിലും പങ്കെടുത്തതെ്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ നിയമന ഉത്തരവ് ലഭിച്ചു. അക്കാലത്ത് ഈ ജോലി സ്ത്രീകള്‍ക്ക് അപരിചിതമായിരുന്നെങ്കിലും കുടുംബം വലിയ പിന്തുണ നല്‍കി.  ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെങ്കിലും  അതിജീവിക്കാന്‍ കഴിഞ്ഞു. ഒരു വനിതാ ട്രെയിന്‍ ഡ്രൈവര്‍ എന്ന നിലയിലുള്ള തിരക്കേറിയ ഔദ്യോഗിക ജീവിതം ഏറെ ആസ്വദിക്കാന്‍ കഴിഞ്ഞു.

ജോലി കഠിനമാണ്. കൃത്യമായ സമയക്രമങ്ങളില്ല. യാത്രയ്ക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും പ്രശ്‌നങ്ങളുണ്ടാകാം അവയെ നേരിടാനും അതിനനുസരിച്ച് പൊരുത്തപ്പെടാനും തയ്യാറായിരിക്കണം. എന്നാല്‍, അടിസ്ഥാന സാങ്കേതികവിദ്യയുള്ള പഴയ ലോക്കോമോട്ടീവുകളും എഞ്ചിനുകളും മുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ പതിപ്പുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ അവസരം ലഭിച്ചു. സ്ത്രീകള്‍ക്ക് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയില്ലെന്ന കാഴ്ചപ്പാട് മാറിയതില്‍ സന്തോഷമുണ്ട്. ഇന്ന് പുരുഷന്മാര്‍ക്കൊപ്പം ഈ മേഖലയിൽ ഒട്ടേറെ സ്ത്രീകള്‍ ജോലി ചെയ്യുന്നു. അവര്‍ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു.

വിരമിച്ച ശേഷം എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേഖ യാദവ് പറഞ്ഞു. വരമിക്കുന്നതിന് മുമ്പുതന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍വെച്ച് അവരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.  കര്‍ഷക കുടുംബത്തില്‍ ജനിച്ച യാദവിന്റെ ഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥനാണ്. അവരുടെ രണ്ട് ആണ്‍മക്കളും എഞ്ചിനീയര്‍മാരാണ്.

Content Highlights: Surekha Yadav, Asia`s first woman train driver, retires after a 36-year career with Indian Railways