എട്ടുവയറുകള്‍ നിറയ്ക്കാന്‍ ഷീല ജീവിതത്തെ ഓടിക്കുന്നു

കോട്ടയം: മുച്ചക്രവണ്ടികൊണ്ട് എട്ടുവയറുകള്‍ പോറ്റുന്ന ഷീല. നാട്ടുകാര്‍ക്ക് അവള്‍ വെറുമൊരു ഓട്ടോ ഡ്രൈവര്‍ മാത്രമാണ്. പക്ഷേ കനല്‍വഴികളിലൂടെയുള്ള 17 വര്‍ഷത്തെ പരക്കംപാച്ചില്‍ ഷീലയ്ക്ക് ഒറ്റയാള്‍ പോരാട്ടമാണ്.
24-ാം വയസ്സില്‍ ജീവിതം വെല്ലുവിളിയായപ്പോള്‍ വാടകവീട്ടിലെ കുടുസുമുറിയില്‍ വയോധികരായ അച്ഛന്‍ സാമുവേല്‍, അമ്മ സാറാമ്മ, ചേച്ചി മിനിയും രണ്ടു മക്കളും പിന്നെ ഷീലയും മൂന്നു മക്കളും. ജീവിതം ഒടുക്കാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു. പക്ഷേ, ഷീല പൊരുതാന്‍തന്നെ തീരുമാനിച്ചു.
ഷീലയുടെ ജീവിതത്തെ വിധി ആദ്യം പ്രഹരിക്കുന്നത് ചേച്ചിയുടെ ഭര്‍ത്താവ് സണ്ണി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതോടെയാണ്. സണ്ണി മരിക്കുമ്പോള്‍ ഒന്നര വയസ്സും രണ്ടു മാസവും പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുണ്ട്. അപ്രതീക്ഷിത വൈധവ്യം മിനിയുടെ മനസ്സിന്റെ താളംതെറ്റിച്ചു. ഭാര്യാസഹോദരിയുടെ കുടുംബത്തെയും അച്ഛനമ്മമാരെയും കൂടെ പോറ്റാന്‍ ഷീലയുടെ ഭര്‍ത്താവ് തയ്യാറല്ലായിരുന്നു. മകന്‍ ടോമിന് അന്ന് നാലര വയസ്സ്. ഷീല ഒരു മാസം ഗര്‍ഭിണിയും. ഉറ്റവരെ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകാന്‍ ഷീലയ്ക്കു മനസ്സുവന്നില്ല. പതറിപ്പോയെങ്കിലും ഒപ്പമുള്ളവര്‍ക്ക് ഇനി താനേയുള്ളൂവെന്നത് ആത്മബലം നല്‍കി. കൂലിപ്പണിചെയ്ത് ഷീല കുടുംബം പോറ്റാനിറങ്ങി. പ്രസവത്തിനു തലേന്നുവരെ ജോലിചെയ്തു. പിറ്റേന്ന് ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. അതുകഴിഞ്ഞ് 45-ാം ദിവസം മണ്ണു ചുമക്കാന്‍ പോയി, പിന്നെ കൂലിപ്പണിക്കും വീട്ടുജോലികള്‍ക്കും. എന്നിട്ടും രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ഓട്ടോറിക്ഷയെന്ന പുതുവഴി പലരും പറഞ്ഞത്. ഡ്രൈവിങ് പഠിച്ചെങ്കിലും വണ്ടിയൊരു സ്വപ്നം മാത്രമായി.
ഷീലയുടെ യാതനയെപ്പറ്റി അറിഞ്ഞ പാലക്കാട്ടുകാരി രാജമ്മ ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തു. പുതുപ്പള്ളി ഇരവിനെല്ലൂര്‍ കവലയിലാണ് ഷീലയുടെ ഓട്ടോ സ്റ്റാന്‍ഡ്. രാവിലെ എട്ടര മുതല്‍ ആറുവരെ വണ്ടിയോടിക്കും. മൂന്നു സെന്റിലൊരു ചെറുവീടു െവച്ചുകൊടുത്തതും സുമനസ്സുകള്‍. ഇതിനിടെ അച്ഛന്‍ മരിച്ചു.
ഇല്ലായ്മകള്‍ക്കിടയിലും മക്കളെ പഠിപ്പിച്ചു. ടോം ബി.കോം ജയിച്ചു. പ്‌ളസ് ടു വിദ്യാര്‍ഥികളാണ് ഇരട്ടകള്‍ ജെയിംസും ആനും. മിനിയുടെ മകന്‍ റിജോ ബി.എ.യ്ക്കും മകള്‍ റീന പ്‌ളസ് വണ്ണിനും പഠിക്കുന്നു. പുതുപ്പള്ളി തുരുത്തിയിലെ കൃപാലയമെന്ന വീട്ടില്‍ സ്‌നേഹത്തിന്റെ ഒരുമയുണ്ട്. അഞ്ചുമക്കളെയും ചേര്‍ത്താണ് ഷീല ഓട്ടോയ്ക്ക് പേരിട്ടത്- ഫൈവ് ഫിേങ്കഴ്‌സ്. 'പഴയ വണ്ടിയല്ലേ, ഇടയ്ക്കിടെ പണിമുടക്കും. ഓടി കിട്ടുന്നതില്‍ നല്ലൊരു തുക വണ്ടി നന്നാക്കാന്‍ ചെലവാകും. ഒരു പുതിയ വണ്ടി കിട്ടിയിരുന്നെങ്കില്‍ സ്‌കൂള്‍ ഓട്ടം പിടിക്കാമായിരുന്നു.' -ഷീല ശുഭാപ്തിവിശ്വാസത്തിലാണ്.
Content Highlights: Story of lady auto driver sheela, struggles, life, hopes, Kottayam
Content Highlights: