റെറ്റിനോളിനൊപ്പം ഈ ചേരുവകൾ വേണ്ട; സ്കിൻ കെയറിൽ ശ്രദ്ധിക്കാം

പുതിയ സിറങ്ങളും ആക്റ്റീവ് കെമിക്കലുകളും ചർമസംരക്ഷണ രംഗത്ത് തരംഗമായിക്കൊണ്ടിരിക്കുകയാണ്. വിറ്റാമിൻ സിയും റെറ്റിനോളും സൗന്ദര്യവർധക വിപണി കീഴടക്കുകയാണ്. ഇവ ഉപയോഗിച്ച് ചർമ സംരക്ഷണം നടത്തുന്ന നിരവധി റീലുകൾ പലരും കണ്ണടച്ച് ഫോളോ ചെയ്യാറുമുണ്ട്. എന്നാൽ റീലുകൾ അതേപടി അനുകരിക്കുന്നതിന് മുൻപായി അത് നിങ്ങളുടെ ചർമത്തിന് എത്രത്തോളം ഇണങ്ങുമെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. കാര്യമറിയാതെ ഇവയിൽ പലതും ഒന്നിച്ച് മുഖത്ത് പുരട്ടുന്നത് ചർമത്തിന്റെ സ്വാഭാവിക ഘടനയെ തകർക്കും. അതുകൊണ്ട് സൗന്ദര്യം വർധിപ്പിക്കുന്നതിനായി മുഖത്ത് പുരട്ടുന്ന വിവിധ ആക്റ്റീവ് ചേരുവകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ ആക്റ്റീവുകൾ ഒന്നിച്ച് ലെയർ ചെയ്യാം, ഏതൊക്കെ ഒന്നിച്ച് ഉപയോഗിക്കരുത് എന്നതിനെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ചുവേണം ഇവ ചർമത്തിൽ പുരട്ടാൻ. വിവിധ തരം കെമിക്കലുകൾ ഒന്നിച്ച് ഉപയോഗിക്കുന്നത് ശരിയായ രീതിയിലല്ലെങ്കിൽ അത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും കടുത്ത വരൾച്ചയും ഉണ്ടാകാൻ കാരണമാകും.
വിറ്റമിൻ സിയും റെറ്റിനോളും ഒന്നിച്ച് ഉപയോഗിക്കരുത്. രാവിലത്തെ ദിനചര്യയിൽ വിറ്റാമിൻ സീ സിറവും, രാത്രിയിലെ ദിനചര്യയിൽ റെറ്റിനോളും ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. വിറ്റാമിൻ സിയും റെറ്റിനോളും രണ്ടും ഒന്നിച്ച് ഉപയോഗിച്ചാൽ സ്കിന്നിൽ ചെറിയ ഇറിറ്റേഷൻ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. റെറ്റിനോൾ രാത്രി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രാവിലെ ആവശ്യമായ ഫോട്ടോ പ്രൊട്ടക്ഷൻ ചർമത്തിന് ലഭിക്കണം. അതുപോലെ മോയ്ചുറൈസ്ഡ് ആയ സ്ക്രീനിലാണ് ഇത് രണ്ടും ഉപയോഗിക്കേണ്ടത്.
ഗ്ലൈക്കോളിക്, സാലിസിലിക് ആസിഡുകൾ റെറ്റിനോളുമായി ചേർത്ത് ഉപയോഗിക്കുന്നത് ചർമത്തിന് അമിതമായ വരൾച്ചയും തൊലി ഉരിഞ്ഞുപോകുന്ന അവസ്ഥയും സൃഷ്ടിക്കും. ആസിഡുകൾ അത്യാവശ്യം പീലിങ് ഉണ്ടാക്കുന്ന പ്രൊഡക്ട് ആണ്. ഇതുരണ്ടും ചേർത്ത് ഉപയോഗിച്ചാൽ ചർമത്തിൽ ടാനിങ് വല്ലാതെ കൂടുകയും പോസ്റ്റ് ഇൻഫ്ളമേറ്ററി ഹൈപ്പർ പിഗ്മെന്റേഷൻ ഉണ്ടാകാനും കാരണമാകും. റെറ്റിനോൾ സ്കിന്നിനെ വരണ്ടതാക്കുന്നതിനാൽ വല്ലാത്ത അസ്വസ്ഥതയും അനുഭവപ്പെടും.
മുഖക്കുരു കുറയ്ക്കാൻ ഉപയോഗിക്കുന്ന ബെൻസോയിൽ പെറോക്സൈഡും റെറ്റിനോളും പൊതുവെ ഒന്നിച്ച് ഉപയോഗിക്കാറില്ല. ഇത് റെറ്റിനോളിന്റെ കാര്യക്ഷമത പൂർണ്ണമായി ഇല്ലാതാക്കുന്നു. റെറ്റിനോൾ
ടോപ്പിക്കൽ റെറ്റിനോയ്ഡ്സ് എന്ന ഫാമിലിയിൽ പെട്ടതാണ്. അഡാപ്പലിൻ ഒരു റെറ്റിനോയ്ഡ് പ്രൊഡക്ടാണ്. ഇത് ചിലപ്പോൾ മുഖക്കുരുവിന്റെ ട്രീറ്റ്മെന്റിനായി ഒന്നിച്ച് ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ഉല്പന്നങ്ങളുമുണ്ട്. ഇതെല്ലാവരുടെ ചർമത്തിനും അനുയോജ്യമാകണമെന്നില്ല. അതും ശ്രദ്ധിച്ചുവേണം ഉപയോഗിക്കാൻ.
അതുപോലെ മുഖത്ത് ക്രീമുകൾ പുരട്ടുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ഏറ്റവും കട്ടി കുറഞ്ഞ ദ്രാവക രൂപത്തിലുള്ള ഉൽപ്പന്നത്തിൽ നിന്ന് തുടങ്ങി കട്ടിയുള്ള ക്രീമുകളിലേക്ക് പോകുകയാണ് വേണ്ടത്. ഫേസ് വാഷിന് ശേഷം ടോണർ, സിറം, മോയ്സ്ചറൈസർ, ഒടുവിൽ സൺസ്ക്രീൻ എന്ന ക്രമം കൃത്യമായി പാലിക്കുക. അതുപോലെ പുതിയ ഏതൊരു സീറം ഉപയോഗിച്ചു തുടങ്ങുന്നതിന് മുൻപും ചെവിയുടെ പിൻഭാഗത്തോ കൈമുട്ടിലോ പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കണം.ഒരു സീറം പുരട്ടി ചുരുങ്ങിയത് 1 മുതൽ 2 മിനിറ്റ് വരെ അത് ചർമ്മത്തിലേക്ക് ഇറങ്ങാൻ സമയം നൽകിയ ശേഷം മാത്രം അടുത്ത പ്രോഡക്റ്റ് ഉപയോഗിക്കുക.ആന്റിഓക്സിഡന്റുകളും സൺസ്ക്രീനും രാവിലത്തെ ദിനചര്യയിലും, ചർമത്തിന് വിശ്രമവും കോശങ്ങളുടെ പുനരുജ്ജീവനവും നൽകുന്ന ആസിഡുകളും റെറ്റിനോളും രാത്രിയിലെ ദിനചര്യയിലും ഉൾപ്പെടുത്തുക.
നിങ്ങളുടെ ചർമത്തിന്റെ തരം തിരിച്ചറിഞ്ഞ് ഒരു ചർമരോഗ വിദഗ്ധന്റെയോ, കോസ്മെറ്റോളജിസ്റ്റിന്റെയോ സഹായത്തോടെ അനുയോജ്യമായ പ്രോഡക്റ്റുകൾ മാത്രം കൃത്യമായ അളവിൽ ഉപയോഗിക്കുന്നതാണ് എല്ലായ്പ്പോഴും അഭികാമ്യം.
വിവരങ്ങൾക്ക് കടപ്പാട്: ഡോ.അനുഷ ആൻ (കോസ്മെറ്റോളജിസ്റ്റ്, റെനൈ മെഡിസിറ്റി)
Content Highlights: Discover the best practices for using vitamin C and retinol in your skincare routine to prevent irritation and enhance skin health.