സംഭാവന കിട്ടിയ വസ്ത്രങ്ങള്‍ 'സബ്യസാചി ലുക്കിലാക്കി' ; ചേരിയിലെ കുട്ടികളുടെ ഫാഷന്‍ഷോ

കൈയ്യില്‍ തൂക്കിപ്പിടിച്ച ഡിസൈനര്‍ ചെരുപ്പുമായി, ചുവപ്പില്‍ പൊതിഞ്ഞ് ആഭരണവിഭൂഷിതയായ് നടന്നടുക്കുന്ന പ്രാഫഷണല്‍ മോഡലുകള്‍ , വധുവിന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള നോട്ടങ്ങള്‍, ചലനങ്ങള്‍ ഇതൊക്കെയാണ് സബ്യസാചി മോഡല്‍ ഷൂട്ടിനെ മനോഹരമാക്കുന്ന രംഗങ്ങള്‍.
സബ്യസാചി വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങുന്നത് ഒരു സ്വപ്നം തന്നെയാണ്. വിവാഹഫാഷന്‍ രംഗത്ത് ഓരോ വര്‍ഷവും തന്റെ പുത്തന്‍ കളക്ഷന്‍ കൊണ്ട് തരംഗം തീര്‍ക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. എന്നാല്‍ സബ്യസാചി ബ്രൈഡല്‍ ഔട്ട്ഫിറ്റും ആഭരണങ്ങളും അണിയുക അത്രയെളുപ്പമുള്ള കാര്യമല്ല.
എന്നാല്‍ സബ്യസാചി ഡിസൈനുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ലഖ്‌നൗവില്‍ ചേരിയില്‍ നിന്നുള്ള ഒരു കൂട്ടം കുട്ടികള്‍ അവതരിപ്പിച്ച ഫാഷന്‍ ഷോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.
ലഖ്നൗ ആസ്ഥാനമായുള്ള എന്‍ജിഒയായ ഇന്നൊവേഷന്‍ ഫോര്‍ ചേഞ്ചാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സംഘടനയിലെ അംഗങ്ങള്‍ക്ക് സംഭാവനയായി കിട്ടിയ വസ്ത്രങ്ങളില്‍ നിന്നാണ് മനോഹരമായ ഡിസൈനര്‍ ബ്രൈഡല്‍ വസ്ത്രങ്ങള്‍ കുട്ടികള്‍സൃഷ്ടിച്ചിരിക്കുന്നത്.
ചുവപ്പും മെറൂണും ഇടകലര്‍ന്ന സബ്യസാചി ടച്ച് ഡിസൈനില്‍ കൊണ്ടുവരാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചേരിയില്‍ നിന്നുള്ള 15-നും 17-നും ഇടയിലുള്ള കുട്ടികളാണ് മോഡലായി വീഡിയോയിലെത്തുന്നത്. മാലിന്‍ ബസ്തിയില്‍ നിന്നുള്ളവരാണ് ഈ കുട്ടികള്‍. കുട്ടികളുടെ കഴിവ് എടുത്തുപറയേണ്ടതാണ് തന്നെയാണ്.
സംഭാവനയായി കിട്ടിയ വസ്ത്രങ്ങളില്‍ നിന്നാണ് അവര്‍ ഈ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌തെടുത്തത്. അതും സബ്യസാചിയുടെ ക്ലാസിക് ബ്രൈഡല്‍ ലുക്കിനെ അനുസ്മരിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍. രൂപകല്‍പനമാത്രമല്ല വീഡിയോ ചിത്രീകരണത്തിന്റെ കാര്യവും എടുത്തുപറയേണ്ടതാണ്. 15 വയസുള്ള കുട്ടികളാണ് സബ്യസാചി മോഡല്‍ ഷൂട്ട് പോലെ വീഡിയോ ചിത്രീകരിച്ചത്.
ചേരിയില്‍ നിന്നുള്ള 400-ലധികം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന എന്‍ജിഒ ആണിത്. കുട്ടികള്‍ ഓണ്‍ലൈനില്‍ നിന്നും കണ്ട സബ്യസാചി വീഡിയോയില്‍ നിന്നാണ് ഇതിനുളള പ്രചോദനം ഉള്‍കൊണ്ടത്. അവരുടെ ശ്രമങ്ങള്‍ വെറുതേയായില്ല. വീഡിയോ എന്‍ജിഒ പങ്കുവെച്ചതോടെ വളരെ വേഗത്തിലാണ് ജനശ്രദ്ധ നേടിയത്.
സബ്യസാചിയും വീഡിയോയ്ക്ക് കമന്റുമായെത്തി. അദ്ദേഹം ഹാര്‍ട്ട് ഇമോജിയാണ് വീഡിയോയ്ക്ക് കമന്റായി രേഖപ്പെടുത്തിയത്. അതിനൊപ്പം വീഡിയോ തന്റെ പേജില്‍ പങ്കുവെയ്ക്കുകയും ഇവരാണ് വിജയികള്‍ എന്ന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തു.
Content Highlights: sabyasachi Inspired Bridal Shoot by Children in India