സ്‌നേഹമില്ലാത്ത ബന്ധത്തിൽ ശാരീരികബന്ധം മാത്രം ബാക്കിയാകുമ്പോൾ; എന്താണ് ‘ഗ്ലൂയിങ്’?

ഗോസ്റ്റിങ്, ബ്രെഡ്ക്രംബിങ്, ലവ് ബോംബിങ് തുടങ്ങി റിലേഷൻഷിപ്പിലെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും പറയുന്ന നിരവധി ഡേറ്റിങ് പദപ്രയോഗങ്ങൾ നമുക്കറിയാം. അക്കൂട്ടത്തിലേക്ക് കടന്നുവന്നിരിക്കുന്ന ഏറ്റവും പുതിയതും എന്നാൽ അപകടകരവുമായ ഒരു ഡേറ്റിംഗ് ട്രെൻഡാണ് ഗ്ലൂയിങ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, പരസ്പര പൊരുത്തമില്ലാത്ത ഒരു ബന്ധത്തിലും ശാരീരിക അടുപ്പം നിലനിർത്തുന്നതിനെയാണ് ഗ്ലൂയിങ് എന്നുപറയുന്നത്. അടുത്തിറങ്ങിയ ലസ്റ്റ് സ്‌റ്റോറീസ് ആന്തോളജിയിലെ ശകുൻ ബത്ര സംവിധാനം ചെയ്ത അലി ഫസലും രാധിക മദനും കേന്ദ്ര കഥാപാത്രമായെത്തിയ ചാപ്റ്റർ ഓർമയില്ലേ. വിവാഹമോചനത്തിന് കോടതിയിലെത്തുന്ന ദമ്പതിമാർ, അവർ സംസാരിച്ചുതുടങ്ങിയാൽ കലഹമാണ്. പക്ഷെ അത് ചെന്നവസാനിക്കുന്നത് കിടപ്പറയിലും. അതേ, ബന്ധം വഷളായിക്കൊണ്ടിരിക്കുമ്പോഴും ശാരീകബന്ധം നിലനിർത്തുന്ന അവസ്ഥയാണ് ഗ്ലൂയിങ്. അതായത് റിലേഷൻഷിപ്പിൽ പിന്നെല്ലാം ഇല്ലാതാകുമ്പോഴും അതിനെ പിടിച്ചുനിർത്താൻ ലൈംഗികതയെ ഉപയോഗിക്കുകയാണ് ഇവിടെ.
പങ്കാളികൾ തമ്മിൽ വഴക്കുകളും വൈകാരിക അകൽച്ചയും വർധിച്ച് ബന്ധം തകർച്ചയുടെ വക്കിലെത്തുമ്പോൾ അതിൽനിന്ന് മാന്യമായി ഇറങ്ങിപ്പോകുന്നതിന് പകരം കൃത്രിമമായ വഴികളിലൂടെ ആ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്ന ഒരു പ്രവണതയാണിത്. ദമ്പതിമാർക്കിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം എല്ലാം ഭംഗിയായി പോകുന്നെന്ന് നടിക്കുന്ന ഒരവസ്ഥ. ഒരുപക്ഷെ, വേർപിരിഞ്ഞാൽ ഉണ്ടാകുന്ന ഒറ്റപ്പെടൽ, പുതിയൊരു പങ്കാളിയെ കണ്ടെത്താനുള്ള മടി എന്നിവയായിരിക്കാം തൃപ്തികരമല്ലാത്ത ബന്ധത്തിൽ തുടരാൻ പലരെയും നിർബന്ധിതരാക്കുന്നത്.
ആരോഗ്യകരമല്ലാത്ത ഒരു ബന്ധത്തെ ഒന്നിപ്പിച്ച് നിർത്തുന്ന ഒരേയൊരു നൂൽ സെക്‌സ് ആയിരിക്കുമ്പോൾ, പങ്കാളികളിൽ ഒരാൾക്ക് വൈകാരികമായി തടവിലാക്കപ്പെട്ടതുപോലെ അനുഭവപ്പെടാം. വിശ്വാസവും ആശയവിനിമയവും വൈകാരിക അടുപ്പവും നഷ്ടപ്പെട്ടുതുടങ്ങിയെങ്കിലും ശാരീരിക ബന്ധം ശക്തമായി തുടരുകയാണെങ്കിൽ ആശയക്കുഴപ്പത്തിലേക്ക് അതുനയിക്കും. അതായത് ശാരീരിക അടുപ്പത്തെ തങ്ങളുടെ ബന്ധം ശരിയാണെന്നതിന്റെ തെളിവായി ഒരാൾ കാണുകയും, മറ്റേയാൾ മറ്റേയാൾ വൈകാരികമായ പിന്തുണ ആഗ്രഹിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ അവിടെ ആശയക്കുഴപ്പം ഉണ്ടാകാം. രണ്ട് പങ്കാളികൾക്കും തങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നാം.
ദീർഘകാലാടിസ്ഥാനത്തിൽ ഇത് വ്യക്തികളുടെ മാനസികാരോഗ്യത്തെ കഠിനമായി ബാധിക്കും. പ്രശ്‌നങ്ങൾ തുറന്നു സംസാരിക്കുന്നതിന് പകരം മൗനമായിരിക്കും, ഉള്ളിൽ ദേഷ്യം വച്ചുകൊണ്ടിരിക്കും, പങ്കാളിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി മാത്രം സ്വന്തം വ്യക്തിത്വവും ആഗ്രഹങ്ങളും പൂർണ്ണമായി ബലികഴിക്കുകയും ചെയ്യും. ഫലമോ ആ ബന്ധത്തിൽ സന്തോഷത്തേക്കാൾ കൂടുതൽ ഭയവും ഉത്കണ്ഠയും മാത്രം അനുഭവപ്പെടും. ഏതുബന്ധത്തിലും തിരിച്ചറിവാണ് പ്രധാനം. ഒന്നിച്ച് സമയം ചെലവഴിക്കാൻ കഴിയുന്നുണ്ടോ, അത് ആസ്വദിക്കാനാവുന്നുണ്ടോ, സംഭാഷണങ്ങൾ പരസ്പരം കേട്ടിരിക്കാൻ ക്ഷമയുണ്ടോ, പങ്കാളിയോട് കാര്യങ്ങൾ തുറന്നുപറയാനുള്ള ധൈര്യവും സുരക്ഷിതത്വവും അനുഭവപ്പെടുന്നുണ്ടോ ഇതെല്ലാം സ്വയം ചോദിക്കുക.
ലൈംഗികബന്ധം ഊഷ്മളമാണെങ്കിലും വൈകാരിക പിന്തുണയില്ലെന്ന് തോന്നുകയാണെങ്കിൽ ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ ആത്മബന്ധത്തിന്റെ ഉറവിടമായല്ല ലൈംഗികതയെ നിങ്ങൾ ആശ്രയിക്കുന്നതെന്ന് മനസ്സിലാക്കുക. പരസ്പരം വഴക്കടിക്കുമ്പോഴും അതിനുള്ള യഥാർഥ കാരണത്തെപ്പറ്റി ചർച്ച ചെയ്യാതെ ആ വഴക്ക് മാറ്റാനുള്ള വഴിയായി ലൈംഗികതയെ ആശ്രയിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. പക്ഷെ ആ അടുപ്പം കുറയുന്ന നിമിഷത്തിൽ ആ ബന്ധത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥയാണ് മനസ്സിൽ വരുന്നതെങ്കിൽ ആ ബന്ധത്തെ ഒന്നു 'റിചെക്ക്' ചെയ്യുന്നത് നന്നായിരിക്കും. സ്‌നേഹവും പരസ്പര ബഹുമാനവുമില്ലാത്ത ഒരു ബന്ധം മനഃപൂർവം ചേർത്തുനിർത്താൻ ശ്രമിക്കുന്നത്, പൊട്ടിയ പാത്രം പശവെച്ച് ഒട്ടിക്കുന്നതുപോലെയാണ്. കാഴ്ചയിൽ ചേർന്നിരിക്കുമെങ്കിലും ചെറിയൊരു തട്ടലിൽ അത് വീണ്ടും തകരും. ചിലപ്പോൾ, പങ്കാളികൾ സ്വയം മനസ്സിലാക്കാതെ അവരിൽ രൂപപ്പെട്ട ഒരു കോപ്പിംഗ് പാറ്റേൺ, അതായത് ജീവിതത്തോട് പൊരുത്തപ്പെടാനുള്ള മാർഗം മാത്രമായിരിക്കാം അത്.
പരസ്പര സ്‌നേഹം ശക്തിപ്പെടുത്താനും, ബന്ധങ്ങൾ ദൃഢമാക്കാനും, സമ്മർദാവസ്ഥകളെ അതിജീവിക്കാനും പങ്കാളികൾ തമ്മിലുള്ള ശാരീരിക അടുപ്പം പ്രധാനമാണ്. ആകെ തകർന്ന ഒരു ബന്ധത്തെ നിലനിർത്താൻ ഉള്ള പ്രതിവിധിയായി ശാരീരികബന്ധത്തെ ഉപയോഗിക്കുമ്പോഴാണ് ഗ്ലൂയിങ്ങിന്റെ അപകടാവസ്ഥയിലേക്ക് എത്തുന്നത്. നേരത്തേ പറഞ്ഞപോലെ ഒരു മാനസിക പ്രതിരോധമായി അത് മാറും. അതുകൊണ്ട് ഒരുമിച്ച് സമയം ചെലവഴിച്ചും കേൾക്കുമ്പോൾ അസ്വസ്ഥതയുണ്ടാകുന്ന സംഭാഷണങ്ങളിൽ ഏർപ്പെട്ടും ബുദ്ധിമുട്ടുള്ള ദിവസങ്ങളിൽ ഒപ്പം നിൽക്കാൻ ശ്രമിച്ചും ബന്ധത്തിന്റെ ആഴം സ്വയം മനസ്സിലാക്കുക. ഇതല്ലാതെ നമുക്കിടയിൽ എന്താണുള്ളത് എന്ന ചോദ്യത്തിനുത്തരം ആ ബന്ധത്തെക്കുറിച്ചുള്ള വ്യക്തത ദമ്പതിമാർക്ക് നൽകും. ആവശ്യമെങ്കിൽ റിലേഷൻഷിപ്പ് കൗൺസിലിംഗ് അല്ലെങ്കിൽ തെറാപ്പി സ്വീകരിക്കുക.
Content Highlights: Learn strategies to cope with relationship glueing, focusing on communication and emotional support to foster healthier, more fulfilling relationships.