ആ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും; ഡയാന രാജകുമാരിയെക്കുറിച്ചുള്ള പുസ്തകവുമായി സഹോദരൻ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ഡയാന രാജകുമാരി | Photo: AFP/AP
ഡയാന രാജകുമാരി | Photo: AFP/AP

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിൽ ഇന്നും ചുരുളഴിയപ്പെടാത്ത നിരവധി ഏടുകൾ ഡയാന രാജകുമാരിയുടെ ജീവിതവുമായി ബന്ധപ്പെട്ടുണ്ട്. ലോകം അറിയാത്ത ആ രഹസ്യങ്ങൾ

വെളിപ്പെടുത്താനൊരുങ്ങിയിരിക്കുകയാണ് സഹോദരനും പ്രമുഖ എഴുത്തുകാരനുമായ ചാൾസ് സ്‌പെൻസർ. ഡയാനയുടെ മുപ്പതാം ചരമവാർഷികത്തോട് അനുബന്ധിച്ച് രാജകുമാരിയുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുമെന്നാണ് സ്‌പെൻസറുടെ അവകാശവാദം. ഡയാനയ്‌ക്കൊപ്പമുള്ള തന്റെ ജീവിതത്തെക്കുറിച്ചും അവളുടെ മരണത്തോടനുബന്ധിച്ചുള്ള ആഴ്ച കടന്നുപോയതിനെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളായിരിക്കും പുസ്തകത്തിലുണ്ടായിരിക്കുകയെന്ന് സെപ്‌നസർ പറഞ്ഞു.'സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ' (Swan Song: Diana, My Sister) എന്നാണ് പുസ്തകത്തിന്റെ പേര്.

ഡയാന രാജകുമാരി | Photo: AFP/AP

ഡയാനയെ അടുത്തറിഞ്ഞ സഹോദരന്റെ കാഴ്ചപ്പാടിലൂടെയായിരിക്കും പുസ്തകം മുന്നോട്ടുപോകുക. 'എന്റെ ഓർമകളെയും ചിന്തകളെയും എന്നന്നേക്കുമായി എഴുതുകയാണ്. ഇന്നുള്ള പല അഭിപ്രായങ്ങളും കാലക്രമേണ അംഗീകരിക്കപ്പെട്ട അസത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനി സഹിക്കാനാവില്ല. ഡയാനയ്ക്കുവേണ്ടി പരസ്യമായി തുറന്നുസംസാരിക്കാൻ ഞാനാഗ്രഹിക്കുന്നു.' സ്‌പെൻസർ പറയുന്നു. ഡയാനയുടെ ഓർമകളെ വിലമതിക്കുന്നവരിൽ താല്പര്യം ജനിപ്പിക്കുന്നതായിരിക്കും തന്റെ പുസ്തകമെന്നും ഡയാനയുടെ പ്രതാപകാലത്ത് വളരെ ചെറുപ്പമായിരുന്നവർക്ക് അവരെക്കുറിച്ചുള്ള ഓർമപുതുക്കലായിരിക്കും ഈ പുസ്തകത്തിലൂടെ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹം നിറഞ്ഞ, കരിസ്മയുള്ള ആത്മവിശ്വാസമില്ലാത്ത ജീവിതം നരകതുല്യമായ ഒരാളെ ആയിരിക്കും ഇതിലൂടെ കാണാൻ സാധിക്കുക.

വിവാഹ ദിനത്തിൽ ഡയാന രാജകുമാരി ചാൾസിനൊപ്പം | Photo: AP

1997-ൽ പാരീസിലുണ്ടായ കാറപടകത്തിൽ മരിച്ച ഡയാനയുടെ സംസ്‌കാരച്ചടങ്ങിൽ സ്‌പെൻസർ നടത്തിയ അനുസ്മരണ പ്രസംഗം അങ്ങേയറ്റം വികാരഭരിതമായിരുന്നു. സഹോദരന്റെ കാഴ്ചപ്പാടിൽ ഡയാനയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നതെന്നും സ്‌പെൻസർ വ്യക്തമാക്കി. ഡയാനയുടെ മക്കളായ ഹാരിയുമായും വില്യമുമായും അടുത്തബന്ധം പുലർത്തുന്ന വ്യക്തിയാണ് 62കാരനായ സ്‌പെൻസർ. 1981-ൽ ചാർജ് രാജകുമാരനുമായുള്ള വിവാഹത്തോടെയാണ് ഡയാന ആഗോള ശ്രദ്ധ നേടുന്നത്. എന്നാൽ, ഇരുവരുടെയും ദാമ്പത്യബന്ധം തകരുകയും 1996-ൽ വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്തു. 1997 ഓഗസ്റ്റിൽ പാരിസിലെ പോണ്ട് ഡി എൽ അൽമയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 36ാം വയസ്സിൽ ഡയാന മരിച്ചു. ഡയാനയുടെ സംസ്‌കാരച്ചടങ്ങിൽ അന്നത്തെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിലപാടുകളെയും മാധ്യമങ്ങളുടെ വേട്ടയാടലിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ചാൾസ് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

.

സഹോദരിയെക്കുറിച്ച് ആദ്യമായി സ്‌പെൻസർ ദീർഘമായി തുറന്നുസംസാരിച്ചുവെന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ്, പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനരായ വ്യക്തികളിൽ ഒരാളുടെ കഥ വിവരിക്കുന്ന 'ചരിത്ര പ്രാധാന്യമുള്ള ഒരു പുസ്തകം' എന്നാണ് പുസ്തകത്തെ പ്രസാധകനായ ഡാനിയേൽ ബന്യാർഡും വിശേഷിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലും അന്താരാഷ്ട്ര തലത്തിലും ഒരേസമയം പുറത്തിറങ്ങുന്ന പുസ്തകം, ഡയാനയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്ക് വിരാമമിടുമെന്നാണ് പ്രതീക്ഷ.

Content Highlights: Charles Spencer is releasing a new book titled 'Swan Song: Diana, My Sister'., The book aims to reveal untold secrets and correct misconceptions about Princess Diana., It coincides with the approach of Diana's 30th death anniversary., Published globally by Penguin Random House.