'ബോട്ടോക്സ് യഥാർത്ഥ സൗന്ദര്യമല്ല': പ്രായമാകുന്നതിനെ ഭയക്കേണ്ട-കരീന കപൂർ

പ്രമുഖ താരങ്ങളെല്ലാം തന്നെ ചെറുപ്പം നിലനിർത്താൻ വിവിധതരം സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കും കോസ്മെറ്റിക് ചികിത്സകൾക്കും വിധേയരാകുന്ന കാഴ്ചയാണ് നാം സാധാരണ കാണാറുള്ളത്. ബോട്ടോക്സും കൃത്രിമ ചർമ്മ പരിചരണങ്ങളും ബോളിവുഡ് സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഈ കാലഘട്ടത്തിൽ, തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിയും നിലപാടും ഉയർത്തിപ്പിടിച്ച് ശ്രദ്ധ നേടുകയാണ് ബോളിവുഡ് താരം കരീന കപൂർ. പ്രായമാകുന്നതിനെക്കുറിച്ചും അതിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും വളരെ ലളിതവും എന്നാൽ വ്യക്തവുമായ ഒരു കാഴ്ചപ്പാടാണ് താരം പങ്കുവെക്കുന്നത്.
പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റ് ഋജുത ദിവേക്കറുടെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ വെച്ചാണ് കരീന കപൂർ താൻ എന്തുകൊണ്ട് കൃത്രിമ സൗന്ദര്യചികിത്സകളിൽ നിന്നും ബോട്ടോക്സ് പോലുള്ള രീതികളിൽ നിന്നും വിട്ടുനിൽക്കുന്നു എന്ന് വ്യക്തമാക്കിയത്. തന്റെ ശരീരത്തിന് യഥാർത്ഥത്തിൽ ആവശ്യമായ ഭക്ഷണക്രമവും വ്യായാമവും മാത്രമാണ് താൻ പിന്തുടരുന്നതെന്നും കരീന തുറന്നുപറഞ്ഞു.
ചർമ്മത്തിന്റെ തിളക്കവും ചെറുപ്പവും കൃത്രിമമായി നിലനിർത്താൻ മണിക്കൂറുകൾ ക്ലിനിക്കുകളിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം താൻ ചെലവഴിക്കുന്നത് സ്വന്തം ശാരീരികക്ഷമത കൂട്ടാനാണെന്ന് കരീന പറഞ്ഞു. സൗന്ദര്യസംരക്ഷണ ചികിത്സകൾക്ക് പിന്നാലെ പോകുന്നതിനു പകരം വെയ്റ്റ് ട്രെയിനിംഗ്, ദിവസേനയുള്ള നടപ്പ്, സൂര്യനമസ്കാരം എന്നിവയിലാണ് കരീന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
'എനിക്ക് സൗന്ദര്യചികിത്സകൾക്ക് പിന്നാലെ സമയം കളയാൻ താല്പര്യമില്ല. കാരണം, എനിക്ക് കാണാൻ എങ്ങനെയിരിക്കുന്നു എന്നതിനേക്കാൾ ഞാൻ എനിക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനാണ് പ്രാധാന്യം നൽകുന്നത്,' എന്ന് താരം ചടങ്ങിൽ പറയുകയുണ്ടായി.
പ്രായം വർദ്ധിക്കുന്നതിനെ ഭയത്തോടെ കാണുന്ന മനോഭാവത്തെ തികച്ചും തള്ളിപ്പറയുകയാണ് കരീന. പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രമാണെന്നും, പ്രായമാകുന്ന പ്രക്രിയയെ സ്വാഭാവികമായി സ്വീകരിക്കാൻ പഠിക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. ഭാവിയിൽ 70-ഓ 75-ഓ വയസ്സ് തികയുമ്പോഴും മറ്റുള്ളവരുടെ സഹായമില്ലാതെ സ്വന്തം കാലിൽ നിൽക്കാനും ജോലി ചെയ്യാനും സാധിക്കണം എന്നതാണ് തന്റെ പ്രധാന ലക്ഷ്യം.
സിനിമയുടെ സെറ്റുകളിൽ മറ്റൊരാളുടെ സഹായത്തോടെ വന്നിറങ്ങുന്ന ഒരു ഘട്ടത്തിലേക്ക് എത്താതിരിക്കാൻ ഇപ്പോഴേ ശരീരം കെയർ ചെയ്യുകയാണ് വേണ്ടത്. ചെറുപ്പമായി കാണപ്പെടാൻ വേണ്ടിയല്ല, മറിച്ച് വാർദ്ധക്യത്തിലും സ്വതന്ത്രമായി സഞ്ചരിക്കാനും ചടുലതയോടെ ഇരിക്കാനും വേണ്ടിയാണ് താൻ വ്യായാമം ചെയ്യുന്നതെന്ന് കരീന കൂട്ടിച്ചേർത്തു. ശാരീരികമായ ഈ സ്വതന്ത്രതയാണ് യഥാർത്ഥ ആരോഗ്യത്തിന്റെ അളവുകോൽ എന്ന് അവർ വിശ്വസിക്കുന്നു.
കഠിനമായ പട്ടിണി കിടക്കലോ അല്ലെങ്കിൽ സങ്കീർണ്ണമായ ഫാൻസി ഡയറ്റുകളോ അല്ല കരീനയുടെ ജീവിതശൈലിയുടെ രഹസ്യം. ഋജുത ദിവേക്കറുടെ മാർഗനിർദേശപ്രകാരം ശുദ്ധമായ നെയ്യ്, കിച്ച്ഡി തുടങ്ങിയ ലളിതമായ വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങളാണ് താരത്തിന് പ്രിയം. തന്റെ ഭക്ഷണക്രമത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും കരീന എപ്പോഴും തുറന്നുപറയാറുണ്ട്.
Content Highlights: Kareena Kapoor Khan openly rejects Botox and artificial cosmetic treatments., Prioritizes physical fitness, weight training, and a natural diet over looking artificially young., Believes aging is natural and focuses on maintaining independence and strength for old age., Follows nutritionist Rujuta Diwekar's guidance, eating simple homemade food like ghee and khichdi.