ഉരുളിനുമുന്നിൽ തോൽക്കാൻ മനസ്സില്ല; സബിത പോരാട്ടത്തിലാണ്

#ഷാൻ ജോസഫ്
സബിത തന്റെ ഉത്പാദന കേന്ദ്രത്തില്‍
സബിത തന്റെ ഉത്പാദന കേന്ദ്രത്തില്‍

കരകൗശലനിർമാണരംഗത്ത് സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയെടുക്കാൻ ചൂരൽമലയിലെ സബിതയെന്ന സംരംഭക മുന്നിട്ടിറങ്ങുന്നത് രണ്ടുപതിറ്റാണ്ടുമുൻപാണ്. പലവിധ പ്രതിസന്ധികളെ നിശ്ചയദാർഢ്യംകൊണ്ട് തരണം ചെയ്താണ് ‘സൃഷ്ടി’ എന്ന സ്ഥാപനം വിജയിപ്പിച്ചെടുത്തത്. ആറുകുടുംബങ്ങളുടെ അത്താണിയായിരുന്ന ചൂരൽമലയിലെ ഈ സ്ഥാപനം മുണ്ടക്കൈ ഉരുൾപൊട്ടലിനുശേഷം നിശ്ചലമായി.

ചിരട്ട, മുള, തെങ്ങ് എന്നിവകൊണ്ട് മനോഹരമായ കരകൗശലവസ്തുക്കളും മറ്റും നിർമിക്കുന്ന സ്ഥാപനമായിരുന്നു ‘സൃഷ്ടി ഷെൽവർക്ക്’. 20 വർഷംമുൻപ് സബിത ആരംഭിച്ച സ്ഥാപനം. വീടിനടുത്ത് ചെറിയൊരു നിർമാണശാല. സബിതയും ഭർത്താവും കൂട്ടുകാരായ റാബിയ, ചന്ദ്രിക, അഞ്ജലി, സത്യഭാമ, രൂപി എന്നിവരുമായിരുന്നു ജോലിക്കാർ. ഇത്രയും കുടുംബങ്ങളുടെ ജീവിതമാർഗമായിരുന്നു ‘സൃഷ്ടി’. മുണ്ടക്കൈ ദുരന്തം നടന്നതിന്റെ ഏറെ അകലെയല്ല ഈ സ്ഥാപനം. ഉരുൾപൊട്ടൽ സ്ഥാപനത്തെ നേരിട്ടുബാധിച്ചില്ലെങ്കിലും സബിതയ്ക്കും കൂട്ടുകാർക്കും നഷ്ടമായത് തങ്ങളുടെ വരുമാനത്തിനുള്ള വഴിയാണ്. ഒറ്റപ്പെട്ടുപോയ നാട്ടിലെ ഈ ചെറിയ ഷെഡ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ അസംസ്കൃതവസ്തുക്കളും ഉത്പന്നങ്ങളും കെട്ടിക്കിടക്കുകയാണ്.

ചിരട്ടകൊണ്ട് നാല്പതിൽപ്പരം ഉത്പന്നങ്ങളും മുളകൊണ്ട് ബിരിയാണിച്ചെമ്പും പുട്ടുകുറ്റിയും കപ്പും ഷോപ്പീസുമൊക്കെ നിർമിച്ചിരുന്നു. തെങ്ങിൻതടികൊണ്ട് തവികൾ, ചട്ടുകങ്ങൾ, പപ്പടക്കോൽ എന്നിവയും ഉണ്ടാക്കിയിരുന്നു. ഈടും ഉറപ്പുമുളള ഉത്പന്നങ്ങൾ എറണാകുളം, കോഴിക്കോട്, കൊച്ചി, തൃശ്ശൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചാണ് പ്രധാനവരുമാനം കണ്ടെത്തിയിരുന്നത്. സൃഷ്ടിയുടെ ഉത്പന്നങ്ങൾ മൊത്തവിലയ്ക്ക് തമിഴ്‌നാട്ടിലേക്കും വിദേശരാജ്യങ്ങളിൽവരെയും എത്തിയിരുന്നു. വ്യവസായവകുപ്പിന്റെ ഉദ്യം രജിസ്‌ട്രേഷൻ, കുടുംബശ്രീയിലെ എം.എസ്.എം.ഇ., കേന്ദ്രസർക്കാരിന്റെ ഡി.സി.എച്ച്. ആർട്ടിസാൻ രജിസ്‌ട്രേഷൻ തുടങ്ങിയവയെല്ലാം പൂർത്തിയാക്കിയ സ്ഥാപനമാണിത്.

സബിതയൊഴികെ ബാക്കിയുള്ളവരൊന്നും ഇപ്പോൾ ചൂരൽമലയിലില്ല. ബന്ധുക്കളെ നഷ്ടമായവരും വീട് നഷ്ടമായവരും പലനാട്ടിൽ വാടക വീടുകളിലാണിപ്പോൾ. അവർക്കിനി സൃഷ്ടിയിൽ ജോലിക്കുവരാനാകില്ല. ഭർത്താവ് രവിക്കൊപ്പം ആഴ്ചയിലൊരിക്കൽ ഷെഡ്ഡിൽവന്നുനോക്കും. എല്ലാം പൊടിതട്ടിവെക്കും. ഇനി സൃഷ്ടിക്ക് ഇവിടെ തുടരാനാവില്ലെന്ന് സബിത പറയുന്നു. നാടും നാട്ടുകാരുംപോയി. ആളനക്കമില്ലാതായി. ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരുന്ന ചൂരൽമലയിൽ ഇപ്പോൾ ആരുമെത്തുന്നില്ല.

കാലങ്ങളുടെ അധ്വാനംകൊണ്ട് പടുത്തുയർത്തിയ സ്ഥാപനം നിർത്താൻ സബിത തയ്യാറല്ല. ഇവിടെനിന്ന് നിർമാണ യൂണിറ്റ് ടൗണിനടുത്തേക്ക് മാറ്റണം. നഷ്ടപ്പെട്ട ബിസിനസെല്ലാം തിരികെപ്പിടിക്കണം. അതിന് അധികൃതരുടെ സഹായം ആവശ്യമാണ്. സബിതയുടെയും സൃഷ്ടിയുടെയും കഥ പുറംലോകമറിഞ്ഞതോടെ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ സൗജന്യമായി സ്റ്റാൾ അനുവദിക്കാമെന്ന് വാഗ്ദാനം ലഭിച്ചു.

വ്യവസായവകുപ്പ് സംസ്ഥാനത്തുടനീളം നടത്തുന്ന ഫെസ്റ്റുകളിൽ പങ്കെടുക്കാൻ അപേക്ഷ അയക്കാനും സബിതയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രതീക്ഷനൽകുന്നെന്ന് സബിത പറഞ്ഞു.

Content Highlights: chooralmala landslide, story of sabitha who runs handicraft shop, survival