കാലപ്പഴക്കത്തിലാണ് കാര്യം;ഖനിയില്‍ നിന്ന് കണ്ടെത്തിയ 19ാം നൂറ്റാണ്ടിലെ ജീന്‍സ് വിറ്റത് 71 ലക്ഷത്തിന്

എത്ര കാലം കഴിഞ്ഞാലും ചില വസ്ത്രങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. നിറം മങ്ങുകയോ പിഞ്ഞിപ്പോകുകയോ ചെയ്യില്ല. പ്രത്യേകിച്ച് ബ്രാന്‍ഡഡ് വസ്ത്രങ്ങളാണ് ഇത്തരത്തില്‍ കാലങ്ങളോളം ഉപയോഗിക്കാന്‍ കഴിയുക. അത്തരമൊരു വസ്ത്രമാണ് ന്യൂ മെക്‌സിക്കോയിലെ പ്രവര്‍ത്തനം നിലച്ച ഒരു ഖനിയില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. ഒരു ജോഡി ലെവിസ് ജീന്‍സ്. 1880-കളിലുള്ള ഈ ലെവിസ് ജീന്‍സിന് ചെറിയ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചിട്ടുള്ളത്.
വൈകാതെ ഇത് അവര്‍ ലേലത്തിന് വെയ്ക്കുകയും ചെയ്തു. 87000 ഡോളര്‍ (ഏകദേശം 71 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കി രണ്ടു ഡെനിം സ്‌നേഹികള്‍ ഈ ജീന്‍സ് സ്വന്തമാക്കുകയും ചെയ്തു. 30 വര്‍ഷത്തോളമായി ലോസ് ആഞ്ജിലിസിൽ ഡെനിം റിപ്പയര്‍ ഷോപ്പ് നടത്തുന്ന സിപ് സ്റ്റീവന്‍സണും 23-കാരനായ കെയ്ല്‍ ഹോന്ററും ചേര്‍ന്നാണ് ഈ ജീന്‍സ് വാങ്ങിയത്. 90% പണവും ഹോന്റര്‍ നല്‍കിയപ്പോള്‍ 10% ആണ് സ്റ്റീവന്‍സണ്‍ ചെലവഴിച്ചത്.
'ലേലം ആരംഭിക്കുന്നതുവരെ ഒരുമിച്ച് ആ ലെവിസ് ജീന്‍സ് വാങ്ങുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. 30 വര്‍ഷത്തോളമായി ഞാന്‍ ഡെനിം റിപ്പയര്‍ ഷോപ്പ് നടത്തുകയാണ്. എന്നാല്‍ ഇതുപോലെ ഒരു എണ്ണം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇത് വളരെ അപൂര്‍വ്വമായ ഒന്നാണ്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഭ്രാന്തമായ ഒരു ആവേശം പോലെ തോന്നുന്നു' സ്റ്റീവന്‍സണ്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഇത്തരം ജീന്‍സിനെ കുറിച്ച് അഞ്ചു വര്‍ഷം മുമ്പാണ് സ്റ്റീവന്‍സണ്‍ ആദ്യമായി കേട്ടത്. അന്ന് മൈക്കല്‍ ഹാരിസ് എന്ന ഗവേഷകന്‍ അമേരിക്കന്‍ വെസ്റ്റില്‍ നിന്ന് ജീന്‍സ് കണ്ടെത്തിയിരുന്നു. ഉപേക്ഷിക്കപ്പെട്ട 50-ഓളം ഖനികള്‍ കുഴിച്ചുനോക്കി, അഞ്ചു വര്‍ഷത്തോളം ഗവേഷണം നടത്തിയെങ്കിലും തുല്ല്യ ഗുണനിലവാരമുള്ളത് കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
സമാനമായ രണ്ട് ജോഡി ജീന്‍സ് മാത്രമേ ഇപ്പോള്‍ ലോകത്ത് നിലവിലുള്ളൂ. എന്നാല്‍ അവ ധരിക്കാന്‍ കഴിയാത്തത്ര ലോലമായതിനാല്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ജോഡി കുറേ കാലം നിലനില്‍ക്കുന്നതാണെന്നും അതിനാല്‍ അത് ധരിക്കാന്‍ പറ്റുമെന്നും സ്റ്റീവന്‍സണ്‍ പറയുന്നു. ജോണി ഡെപ്പും ജാസണ്‍ മോമോയും ഈ ജീന്‍സ് ധരിച്ച് നില്‍ക്കുന്നത് തനിക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടെന്നും സ്റ്റീവന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
മെക്‌സിക്കോയിലെ ചെറിയ പട്ടണമായ അസ്‌ടെകിലെ ദുരാങ്കൊ വിന്റേജ് ഫെസ്റ്റിവലിലാണ് ഇതിന്റെ ലേലം നടന്നത്. വിന്റേജ് ഡെനിം വിദഗ്ദ്ധനായ ബ്രിട്ട് ഈറ്റണാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഫെസ്റ്റിവലിന്റെ സംഘാടകന്‍.
Content Highlights: 19th century levis jeans found in mine shaft sell for more than $87,000