പ്രസവിച്ച് 6 ആഴ്ചയ്ക്കുള്ളിൽ റാംപിൽ, 23 കിലോയുടെ ചിറകുകൾ; ഈ മോഡലുകളെ കണ്ട് അമ്മമാർ സ്വയം താരതമ്യം ചെയ്യണോ?

ഇളം പിങ്ക് നിറത്തിലുള്ള ഷീർ മിനിഡ്രസ്സും സിൽവർ വിഎസ് ഹൂപ്പും ധരിച്ച് ആത്മവിശ്വാസം തുളുമ്പുന്ന നിറഞ്ഞ ചിരിയുമായി, അവിടെ പാടിക്കൊണ്ടിരുന്ന ഗായിക മേഗൻ മൊറോണിക്ക് ഫ്ളൈയിങ് കിസ്സ് നൽകി വിക്ടോറിയ സീക്രട്സിന്റെ പിങ്ക് റൺവേയിലൂടെ ബാർബറ പാൽവിൻ നടന്നുകയറിയത് ലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിലേക്കാണ്. അവൾക്ക് കയ്യടിയും ആർപ്പുവിളിയുമായി ആദ്യം എഴുന്നേറ്റത് മുൻനിരയിൽ ഇരിപ്പുറപ്പിച്ച ഭർത്താവ് ഡിലൻ സ്പ്രൗസ് തന്നെയാണ്. ഒരുപക്ഷെ ഫാഷൻലോകം കണ്ട ഒരു ചരിത്രനിമിഷമായിരുന്നു അതെന്നും പറയാം. കാരണം മകൾ സിൽവിയയ്ക്ക് ജന്മം നൽകി ആറാഴ്ചയ്ക്കുള്ളിലാണ് ബാർബറ ആത്മവിശ്വാസം ഒട്ടുംചോരാതെ വിക്ടോറിയ സീക്രട്സിൽ ക്യാറ്റ് വാക്ക് ചെയ്തത്. സ്ത്രീശരീരത്തെയും മാതൃത്വത്തെയും കുറിച്ചുള്ള പരമ്പരാഗത വ്യാഖ്യാനങ്ങളെ തിരുത്തിയെഴുതിയ വിപ്ലവാത്മകമായ ഒരു തിരിച്ചുവരവായിരുന്നു അത്. പ്രസവാനന്തര ശരീരമാറ്റങ്ങളെ മറച്ചുവെക്കാതെ, അഭിമാനത്തോടെയും സർവ്വ പ്രൗഢിയോടെയും ലോകത്തിന് മുന്നിൽ കാട്ടിത്തന്ന സൂപ്പർ മോഡലുകളിൽ മറ്റൊരാൾ എൽസ ഹോസ്കാണ്.
പ്രസവാനന്തരം വെറും ആറ് ആഴ്ചയ്ക്കുള്ളിൽ നടത്തിയ റാംപ് വാക്കിന്റെ പേരിൽ ലോകം തന്നെ പ്രശംസിക്കുമ്പോളും ആ അഭിനന്ദനങ്ങൾ നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങുമ്പോഴും, തിളക്കത്തിനും ഗ്ലാമറിനും അപ്പുറം മാതൃത്വത്തെ സംബന്ധിച്ച യാഥാർഥ്യങ്ങൾ പങ്കുവയ്ക്കാൻ ബാർബറ മടിച്ചില്ല എന്നുള്ളതാണ് അവരുടെ നേട്ടത്തെ കൂടുതൽ മനോഹരമാക്കിയത്. എല്ലാ അമ്മമാരുടെയും പ്രസവാനന്തര യാത്രകൾ വ്യത്യസ്തമാണെന്ന് ബാർബറ പാൽവിൻ തുറന്നുപറഞ്ഞു. 'പ്രസവാനന്തരമുള്ള ആറാം ആഴ്ച തികയുകയാണ്. അമേരിക്കയിലെ ഭൂരിഭാഗം സാധാരണ അമ്മമാർക്കും തൊഴിൽപരമായ പ്രസവാനുകൂല്യം ലഭിക്കുന്നത് ആറ് ആഴ്ച മാത്രമാണ്. അതിനുശേഷം അവർ ജോലിയിലേക്ക് മടങ്ങുന്നു. അതുകൊണ്ടുതന്നെ ഞാൻ വലിയൊരു അത്ഭുതമൊന്നും ചെയ്തതായി കരുതുന്നില്ല. ഏതൊരു സാധാരണ അമ്മയും ചെയ്യുന്നത് തന്നെയാണ് ഞാനും ചെയ്തത്. എനിക്ക് ചെയ്യേണ്ടിയിരുന്നത് റാമ്പിലൂടെ കുറച്ചുദൂരം നടക്കുക മാത്രമായിരുന്നു.ഓരോ പ്രസവാനന്തര യാത്രയും വ്യത്യസ്തമാണെന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ആരെയും ഒരിക്കലും താരതമ്യം ചെയ്യേണ്ടതില്ല, ആ റാംപ്വാക്കിൽ നിങ്ങൾ കണ്ടത് പൂർണ്ണമേക്കപ്പിലുള്ള എന്നെയാണ്, എന്റെ പ്രസവാനന്തര യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്.'
ജോലിയിലേക്ക് മടങ്ങിയെത്തുക എന്നത് എല്ലാ അമ്മമാർക്കും ലഭിക്കുന്ന ഒരു തിരഞ്ഞെടുപ്പല്ലെന്നും ബാർബറ വ്യക്തമാക്കി, കൂടുതൽ പിന്തുണ വേണ്ടതിനെക്കുറിച്ചും അവർ സംസാരിച്ചു. 'ജോലിയിലേക്ക് മടങ്ങാനായി എന്നുള്ളത് എന്റെ ഭാഗ്യമാണ്. എനിക്ക് ലഭിച്ച അവസരത്തിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളുമാണ്. പക്ഷെ, ആ തിരഞ്ഞെടുപ്പില്ലാത്ത മറ്റ് അമ്മമാരെ കുറിച്ച് ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല. ജോലിയിലേക്ക് മടങ്ങുക എന്നത് എനിക്ക് ഭാഗ്യം ലഭിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു. ഈ അവസരത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണെങ്കിലും, ആ തിരഞ്ഞെടുപ്പില്ലാത്ത എല്ലാ അമ്മമാരെയും കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയില്ല. അമ്മമാർക്ക് കൂടുതൽ സമയവും കൂടുതൽ പിന്തുണയും കൂടുതൽ തിരഞ്ഞെടുപ്പുകൾക്കും അർഹതയുണ്ട്. എല്ലാ മാതൃത്വ യാത്രയും ആഘോഷിക്കപ്പെടാൻ അർഹമാണ്.' ബാർബറ പറയുന്നു. വിക്ടോറിയ സീക്രട്ടിന്റെ ഏഞ്ചൽ എന്നതിലുപരി അവബോധമുള്ള സ്ത്രീയെന്ന ഖ്യാതി കൂടിയാണ് തന്റെ തുറന്നുപറച്ചിലൂടെ അവർ സ്വന്തമാക്കിയത്.
മാതൃത്വമെന്നത് വൈകാരികമായ ഒരു റോളർ കോസ്റ്റർ യാത്രയാണെന്ന് വിശേഷിപ്പിച്ച താരം, താൻ ശാരീരികമായി പൂർണ്ണ സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണെന്ന് വ്യക്തമാക്കി. റൺവേയിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ പോലും നവജാതശിശുവിനൊപ്പം സമയം ചെലവഴിച്ച ശേഷമാണ് ലോസ് ഏഞ്ചലസിലെ വേദിയിലെത്തിയത്. ബാക്ക് സ്റ്റേജിൽ റാംപ് വാക്കിനായി തയ്യാറെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തന്റെ ടീം ബ്രായിൽ നഴ്സിംഗ് പാഡുകൾ തുന്നുകയായിരുന്നു എന്ന് അവർ വെളിപ്പെടുത്തി. പ്രസവത്തിന് ശേഷം മകളെ പരിചരിക്കാൻ ബാർബറയുടെ മാതാപിതാക്കൾ ഹംഗറിയിൽ നിന്നും എത്തിയിരുന്നു. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ശക്തമായ പിന്തുണ കൊണ്ടാണ് തനിക്ക് ഇത് സാധ്യമായതെന്നും ബാർബറ ഓർത്തു.
ലോസ് ഏഞ്ചലസിൽ നടന്ന ഫാഷൻ ഷോയിൽ രണ്ട് വേറിട്ട ലുക്കുകളിലാണ് ബാർബറ എത്തിയത്. വെളുത്ത നിറത്തിലുള്ള കോർസെറ്റും, ഒഴുകുന്ന ഷിയർ ട്രെയിനുമായാണ് രണ്ടാമത് അവൾ റാമ്പിൽ പ്രത്യക്ഷപ്പെട്ടത്. സ്നോഫ്ളേക്കുപോലുള്ള ഒരു ജോഡി ചിറകുകൾ ലുക്കിന് മാറ്റുകൂട്ടി.
12 ആഴ്ചകൾ; 23 കിലോഗ്രാമിന്റെ ചിറകുകളുമായി എൽസ ഹോസ്ക്
പ്രസവിച്ച് 12 ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് സ്വീഡിഷ് സൂപ്പർ മോഡലും മുൻ വിക്ടോറിയാസ് സീക്രെട്ട് ഏഞ്ചലുമായ എൽസ ഹോസ്ക് റാമ്പിലേക്ക് തിരിച്ചെത്തുന്നത്.ഏകദേശം 23 കിലോഗ്രാം ഭാരമുള്ള, ഭീമാകാരമായ ചിറകുകളണിഞ്ഞായിരുന്നു എൽസയുടെ വരവ്. ആ ഷോയിലെ തന്നെ ഏറ്റവും വലിയതും ഭാരമേറിയതുമായ ചിറകുകളിലൊന്നായിരുന്നു ഇത്.വെളുത്ത ലേസ് കോർസെറ്റും ഭാരമേറിയ ചിറകുകളും ധരിച്ച് എൽസ നടത്തിയ ആത്മവിശ്വാസത്തോടെയുള്ള കാൽവെപ്പുകൾ കാണികളെ അമ്പരപ്പിച്ചു. രണ്ടാമത്തെ ലുക്കിൽ, ബാർബി-പിങ്ക് കോർസെറ്റും ലേസ് ബികിനിയും ധരിച്ചാണ് താരം വേദിയിലെത്തിയത്. 2018-ൽ ഐക്കണിക് ഫാന്റസി ബ്രാ അണിഞ്ഞ് ശ്രദ്ധേയയായ എൽസയുടെ ഈ തിരിച്ചുവരവ് പ്രസവാനന്തര ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണ് വഴിതുറന്നത്.
പ്രസവത്തിന് തൊട്ടുപിന്നാലെ ഇത്തരം ഒരു വലിയ ഷോയിൽ പങ്കെടുക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന സംശയം മോഡലിനുണ്ടായിരുന്നു. പ്രസവം കഴിഞ്ഞ് നാലാം ആഴ്ചയിലാണ് എൽസ തന്റെ സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ ആഷ്ലി എക്ഹോഫിനെ സമീപിക്കുന്നത്. കൃത്യമായ സുരക്ഷിതത്വ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രം മുന്നോട്ട് പോകാം എന്നായിരുന്നു ആഷ്ലി എക്ഹോഫ് നൽകിയ മറുപടി. വർക്കൗട്ടുകൾ ആരംഭിക്കുന്നതിന് മുമ്പ് ഒരു പെൽവിക് ഫ്ലോർ ഫിസിയോതെറാപ്പിസ്റ്റിന്റെ മെഡിക്കൽ ക്ലിയറൻസ് ഉറപ്പാക്കി.ആദ്യ ഘട്ടങ്ങളിൽ കഠിനമായ ഭാരോദ്വഹനമോ ചാട്ടങ്ങളോ പൂർണമായും ഒഴിവാക്കി. ശ്വസനവ്യായാമങ്ങൾ, പെൽവിക് ഫ്ലോർ ശക്തിപ്പെടുത്തൽ, ഡീപ്പ് കോർ ആക്റ്റിവേഷൻ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയത്. തുടർന്ന് അക്വാ ജോഗിങ്, സ്റ്റെപ്പ് വർക്കുകൾ, ലൈറ്റ് വെയ്റ്റുകൾ എന്നിവ അടങ്ങിയ ലോ-ഇംപാക്ട് കാർഡിയോ പരീക്ഷണങ്ങളിലേക്ക് കടന്നു. പ്രസവത്തിന് ശേഷമുള്ള ശരീര വീക്കം പൂർണ്ണമായും ഒഴിവാക്കാനും പേശികളുടെ വീണ്ടെടുപ്പിനും ഈ സയന്റിഫിക് അപ്രോച്ച് സഹായിച്ചു.
ശരീരത്തെ കഷ്ടപ്പെടുത്തേണ്ടതുണ്ടോ?
പ്രസവിച്ച് മാസങ്ങൾക്കകം മോഡലുകൾ പഴയ രൂപത്തിലേക്ക് തിരികെയെത്താൻ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ച് ചില ഫാഷൻ നിരീക്ഷകരും ഡോക്ടർമാരും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. എൽസയുടെയും ബാർബറയുടെയും സന്ദേശം കഠിനമായ മെലിഞ്ഞുണങ്ങലല്ല, മറിച്ച് ശരീരത്തിന്റെ ആരോഗ്യകരമായ വീണ്ടെടുപ്പും സ്വയം അംഗീകരിക്കലുമാണെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. പ്രസവം കഴിഞ്ഞ് വെറും ആറാഴ്ച തികയുമ്പോഴേക്കും റൺവേയിൽ അതീവ സുന്ദരിയായി കാറ്റ്വാക്ക് ചെയ്യുന്ന മോഡലുകളെയും സിനിമാതാരങ്ങളെയും കാണുമ്പോൾ അത്ഭുതം തോന്നുന്നത് സ്വാഭാവികമാണ്. അവരുടെ കഠിനാധ്വാനവും അർപ്പണബോധവും തീർച്ചയായും അഭിനന്ദനാർഹവുമാണ്. എന്നാൽ, ആ തിളക്കം സാധാരണക്കാരായ മറ്റ് അമ്മമാർ തങ്ങളുടെ ശരീരത്തെയും പുരോഗതിയെയും അളക്കാനുള്ള അളവുകോലാക്കി മാറ്റരുതെന്ന് അവർ പറയുന്നു. സെലിബ്രിറ്റികൾക്കും പ്രശസ്ത വ്യക്തികൾക്കും ലഭിക്കുന്ന സാമ്പത്തിക-സാമൂഹിക പിൻബലം സാധാരണക്കാരിയായ ഒരു അമ്മയ്ക്ക് ലഭിക്കുന്ന അന്തരീക്ഷത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.
പേഴ്സണൽ ട്രെയിനർമാർ, കൃത്യമായ ഡയറ്റ് പ്ലാനുകൾ തയ്യാറാക്കാൻ ന്യൂട്രീഷ്യനിസ്റ്റുകൾ, ചർമ്മസംരക്ഷണത്തിനായി ഡെർമറ്റോളജിസ്റ്റുകൾ എന്നിവരുടെ നിരന്തരമായ സേവനം ഇവർക്ക് ലഭ്യമാണ്.കുട്ടികളെ നോക്കാൻ 24 മണിക്കൂറും നാനിമാരുടെയും കുടുംബാംഗങ്ങളുടെയും സഹായം ലഭിക്കുമ്പോൾ, സ്വന്തം ശരീരത്തിന് ശ്രദ്ധ നൽകാൻ ഇവർക്ക് സമയം ലഭിക്കുന്നു.
ജോലിയിലേക്ക് തിരികെ പ്രവേശിക്കേണ്ടതും ശാരീരികക്ഷമത നിലനിർത്തേണ്ടതും അവരുടെ കരിയറിന്റെ ഭാഗമാണ്.ഇതൊന്നും അവരുടെ അധ്വാനത്തിന്റെ മൂല്യം കുറയ്ക്കുന്നില്ലെങ്കിലും, ഒരു സാധാരണ കുടുംബത്തിലെ അമ്മയുടെ സാഹചര്യവുമായി ഇതിനെ താരതമ്യപ്പെടുത്താൻ സാധിക്കില്ല.
ഇതിനെല്ലാമുപരി, ഓരോ സ്ത്രീയുടെയും ശരീരം, ഹോർമോൺ വ്യതിയാനങ്ങൾ, മാനസികാരോഗ്യം, പ്രസവാനന്തര അനുഭവങ്ങൾ എന്നിവ തികച്ചും വ്യത്യസ്തമാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വന്തം ശരീരത്തെ കുറ്റപ്പെടുത്തുന്നതിന് പകരം, ഒരു ജീവന് ജന്മം നൽകിയ ആ ശരീരത്തിന് ആവശ്യത്തിന് വിശ്രമവും സ്നേഹവും സമയവും നൽകുകയാണ് വേണ്ടത്. പ്രസവാനന്തര വീണ്ടെടുപ്പ് എന്നത് ഒരു ഓട്ടപ്പന്തയമല്ല, മറിച്ച് ഒരു വ്യക്തിയുടെ മാത്രം യാത്രയാണ്. പ്രസവം കഴിഞ്ഞ് ആറാഴ്ചയോ, ആറുമാസമോ, അതോ ആറുവർഷമോ ആകട്ടെ ശരീരം മറ്റാരുടെയും പ്രതീക്ഷകൾക്കനുസരിച്ച് പെട്ടെന്ന് പഴയപടിയാകാൻ ബാധ്യസ്ഥമല്ല. പഴയപടിയിലാകണമെന്നില്ല. അതിൽ കുറ്റബോധമോ, മാനസിക ബുദ്ധിമുട്ടുകളോ തോന്നേണ്ട കാര്യമില്ലെന്നും ഡോക്ടർമാർ അടക്കമുള്ളവർ വ്യക്തമാക്കുന്നുണ്ട്.
വിക്ടോറിയാസ് സീക്രട്ടിന്റെ മാറ്റവും വിമർശനങ്ങളും
പ്രസവിച്ച് 12 ആഴ്ചകൾക്ക് ശേഷം 23 കിലോഗ്രാം ഭാരമുള്ള ചിറകുകളണിഞ്ഞ് എത്തിയ എൽസ ഹോസ്കിന്റെയും 6 ആഴ്ചകൾക്ക് ശേഷം സ്വാഭാവിക ശരീര മാറ്റങ്ങളെ പേറിക്കൊണ്ട് വേദിയിലെത്തിയ ബാർബറ പൽവിന്റെയും സാന്നിധ്യം വിക്ടോറിയാസ് സീക്രെട്ടിന്റെ പുതിയ യുഗത്തെയാണ് സൂചിപ്പിക്കുന്നത്.ഒരുകാലത്ത് തികഞ്ഞ ശരീരം എന്ന ആശയം മാത്രം മുൻനിർത്തി സംഘടിപ്പിച്ചിരുന്ന വിക്ടോറിയാസ് സീക്രട്ട് ഷോ, വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്നാണ് 2019-ൽ നിർത്തിവെച്ചത്. തുടർന്ന് വൈവിധ്യമാർന്ന ശരീരപ്രകൃതികളെയും ഭിന്നമായ പശ്ചാത്തലമുള്ള സ്ത്രീകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പുനരാരംഭിച്ച ഈ പുതിയ പതിപ്പ് ഫാഷൻ വ്യവസായത്തിലെ നിർണ്ണായക ചുവടുവെപ്പാണ്. ഫാഷൻ ലോകത്തെ സുന്ദര സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് മാതൃത്വത്തെയും സ്ത്രീശരീരത്തിന്റെ യാഥാർത്ഥ്യങ്ങളെയും ആഘോഷമാക്കാൻ വിക്ടോറിയാസ് സീക്രെട്ടിന്റെ പുതിയ പതിപ്പിനായി. പ്രസവാനന്തരമുള്ള ശരീര മാറ്റങ്ങളെ നാണക്കേടായി കാണാതെ, അതിനെ അഭിമാനത്തോടെ മാറോടണക്കാൻ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമേകുന്നതാണ് എൽസ ഹോസ്കിന്റെയും ബാർബറ പൽവിന്റെയും പ്രകടനം.
Content Highlights: Elsa Hosk returns to Victoria's Secret runway, showcasing strength and confidence with 23 kg wings, just 12 weeks postpartum.