ആ മഞ്ഞ സാരി അമ്മയുടേത്, മേക്കപ്പിട്ടത് സ്വയം; സ്വാതന്ത്ര്യദിനത്തിലെ ലുക്കിനെ കുറിച്ച് തൃഷ

തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണ് കടന്നുപോയത്. വിജയ്‌യുടെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം എന്നതിനൊപ്പം തൃഷയുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായിരുന്നു. ചടങ്ങിൽ ലളിതമായ ലുക്കിലെത്തിയ തൃഷ അണിഞ്ഞ പരമ്പരാഗത വേഷം ഏറെ ചർച്ചയായിരുന്നു. തന്റെ ഈ പ്രത്യേക ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

പ്രശസ്ത ഡിസൈനർമാരുടെ വസ്ത്രങ്ങൾക്ക് പകരം അമ്മയുടെ മഞ്ഞ ക്രേപ്പ് സിൽക്ക് സാരിയാണ് ചടങ്ങിനായി തിരഞ്ഞെടുത്തതെന്ന് തൃഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ വ്യക്തമാക്കി. ഫ്‌ലോറൽ ബോർഡറോട് കൂടിയ സാരിക്ക് അനുയോജ്യമായി പച്ച നിറത്തിലുള്ള ബ്ലൗസാണ് താരം അണിഞ്ഞിരുന്നത്. ഇതിനൊപ്പം ചടങ്ങിലേക്കുള്ള മേക്കപ്പ് സ്വയം ചെയ്യുകയായിരുന്നുവെന്നും തൃഷ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

മുല്ലപ്പൂവ് അണിഞ്ഞുള്ള ഫിഷ്‌ടെയ്ൽ ബ്രെയ്ഡ് ഹെയർസ്‌റ്റൈലും ലളിതമായ മേക്കപ്പും തൃഷയുടെ ലുക്കിന് കൂടുതൽ പ്രൗഢി നൽകി. പ്രമുഖ റിട്ടെയ്ൽ ജ്വല്ലറിയായ ജിആർടി ജ്വല്ലേഴ്‌സിൽ നിന്നുള്ള ആഭരണങ്ങളാണ് തൃഷ ധരിച്ചിരുന്നത്. പച്ച സ്റ്റോൺ പതിച്ച കുന്ദൻ ജിമിക്കിയായിരുന്നു തൃഷയുടെ ആക്‌സസറി. കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ ഏക ലഖാനിയാണ് തൃഷയെ സ്‌റ്റൈൽ ചെയ്തത്.

ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ എത്തിയത്. മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പം മുൻനിരയിലാണ് തൃഷയ്ക്ക് ഇരിപ്പിടമൊരുക്കിയിരുന്നത്. ചടങ്ങിൽ മുഖ്യമന്ത്രി വിജയ്യെ തൃഷ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മുൻപ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

തമിഴ് സിനിമ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോടികളാണ് തൃഷയും വിജയും. ഗില്ലി, തിരുപ്പാച്ചി, ആദി തുടങ്ങിയ ചിത്രങ്ങളിലെ കെമിസ്ട്രി ഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തു. 'കുരുവി'യുടെ റിലീസിന് ശേഷമാണ്, ഇരുവരുടെയും ഓഫ്സ്‌ക്രീൻ ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. താരങ്ങൾ പ്രണയവാർത്തകൾ നിഷേധിക്കുകയും തങ്ങൾ 'സുഹൃത്തുക്കൾ മാത്രമാണെന്ന്' ആവർത്തിക്കുകയും ചെയ്തു.

എന്നാൽ വിജയ്യുടെ വിവാഹമോചന വാർത്തകൾ വരികയും പല പൊതുചടങ്ങിലും വിജയ്യും തൃഷയും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ പ്രണയ ഗോസിപ്പുകൾ വീണ്ടും വാർത്താകോളങ്ങളിൽ നിറഞ്ഞു. മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ വിജയ്യുടെ കുടുംബത്തിനൊപ്പം തൃഷ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടി. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വീണ്ടും തൃഷ വിജയ്യുടെ കുടുംബത്തിനൊപ്പം പ്രത്യക്ഷപ്പെട്ടതോടെ പ്രണയ ഗോസിപ്പുകൾ വീണ്ടും ഉയർന്നു.

Content Highlights: Trisha wore her mother Uma Krishnan's yellow crepe silk saree for the Independence Day event., She did her own makeup for the historic ceremony., The event marked the first Independence Day celebration after actor Vijay took oath as Tamil Nadu Chief Minister., Trisha was seated in the front row alongside Vijay's parents.