ലെഹങ്കയും ജുംക്കയും അണിഞ്ഞ് ദേസി ഗേളായി ട്രംപിന്റെ മകൾ; വൈറലായി ചിത്രങ്ങൾ

മുകേഷ് അംബാനിയുടെ ആന്റിലിയയിൽ സംഘടിപ്പിച്ച ഗണേശോത്സവാഘോഷങ്ങളിൽ ശ്രദ്ധാകേന്ദ്രമായി ദേസി സ്‌റ്റൈലിൽ തിളങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ്. ഇന്ത്യൻ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത അതിമനോഹരമായ ലഹംഗയിലാണ് ടിഫാനി എത്തിയത്. ടിഫാനിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
പേസ്റ്റൽ പിസ്താഷ്യോ ഗ്രീൻ നിറത്തിലുള്ള ലെഹങ്കയിലാണ് ടിഫാനി പ്രത്യക്ഷപ്പെട്ടത്. കോറൽ പിങ്ക് നിറത്തിലുള്ള ദുപ്പട്ടയും വസ്ത്രത്തിന് മോടികൂട്ടി. സൂക്ഷ്മമായ ത്രെഡ് വർക്കുകളും ഫ്‌ളോറൽ മോട്ടിഫും ലെഹങ്കയുടെ ഭംഗി വർധിപ്പിച്ചു. ഫ്‌ളോറൽ എംബ്രോയിഡറിക്ക് നൽകിയ പേൾ ഡീറ്റെയ്‌ലിങ്ങാണ് ലെഹങ്കയെ വ്യത്യസ്തമാക്കിയത്. ബ്ലൗസിൽ ചെയ്ത പേൾ ഡീറ്റെയ്‌ലിങ്ങിനെ ഭംഗി ലെഹങ്കയ്ക്ക് ഒരു ക്ലാസിക് ടച്ചാണ് നൽകിയത്. പരമ്പരാഗത ഇന്ത്യൻ രാജകീയ പ്രൗഢി വിളിച്ചോതുന്നതായിരുന്നു മനീഷ് മൽഹോത്രയുടെ ഈ മാസ്റ്റർപീസ്. ലഹംഗയ്ക്ക് അനുയോജ്യമായ പോൽക്കി ചോക്കറും ജുംക്കയും കൂടെ ചേർന്നതോടെ അസ്സൽ ദേസി ഗേളായി മാറി ടിഫാനി.
വർഷം തോറും അംബാനി കുടുംബം ആന്റിലിയയിൽ നടത്തുന്ന ഗണേശോത്സവം ബോളിവുഡ് താരങ്ങളുടെയും വ്യവസായികളുടെയും ആഗോള പ്രമുഖരുടെയും വലിയൊരു സംഗമവേദിയാണ്. നിതാ അംബാനിയും മുകേഷ് അംബാനിയും ചേർന്നാണ് വിശിഷ്ടാതിഥിയായി എത്തിയ ടിഫാനി ട്രംപിനെ സ്വീകരിച്ചത്. അംബാനി കുടുംബത്തോടുള്ള അടുത്ത സൗഹൃദത്തിന്റെ ഭാഗമായാണ് ടിഫാനി ഇന്ത്യയിലെത്തിയത്.
പാശ്ചാത്യ പ്രമുഖർ ഇന്ത്യൻ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ പരമ്പരാഗത വസ്ത്രങ്ങളണിയുന്നത് ഇപ്പോൾ ആഗോളതലത്തിൽത്തന്നെ വലിയൊരു ട്രെൻഡായി മാറി കഴിഞ്ഞു. മുൻപ് അംബാനി കുടുംബത്തിലെ കല്യാണ ആഘോഷങ്ങളിലും ചടങ്ങുകളിലും വിദേശ പ്രമുഖർ മനീഷ് മൽഹോത്ര, സബ്യസാചി എന്നിവരുടെ ഡിസൈനുകൾ തിരഞ്ഞെടുത്തിരുന്നു.
ടിഫാനി ട്രംപിന്റെ ഈ പുതിയ 'ദേശി' ലുക്ക് ഇന്ത്യൻ സംസ്‌കാരത്തെയും പാരമ്പര്യ തയ്യൽ കലകളെയും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ജനപ്രിയമാക്കാൻ സഹായിക്കുമെന്നാണ് ഫാഷൻ ലോകത്തിന്റെ വിലയിരുത്തൽ.
Content Highlights: Tiffany Trump dazzled in a Manish Malhotra lehenga at the Ambani Ganeshotsav, highlighting traditional Indian fashion with a modern twist.