'8 വര്‍ഷം മുമ്പ് എന്റെ റിസപ്ഷന് അമ്മയുടുത്ത സാരി'; വരലക്ഷ്മിയുടെ റിസപ്ഷന് രാധികയുടെ സാരിയില്‍ റയാനെ

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹം. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവാണ് വരന്‍. തായ്‌ലന്‍ഡില്‍ നടന്ന വിവാഹത്തിനുശേഷം ഇരുവരും ചെന്നൈയില്‍ റിസപ്ഷനും ഒരുക്കിയിരുന്നു. സിനിമാരംഗത്തെ നിരവധി പേരാണ് റിസപ്ഷനില്‍ പങ്കെടുത്തത്.
ഇപ്പോഴിതാ ഈ വിവാഹ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ ധരിച്ച ഔട്ട്ഫിറ്റിനെ കുറിച്ച് രാധിക ശരത്കുമാറിന്റെ മകള്‍ റയാനെ ഹാര്‍ഡി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. തന്റെ വിവാഹ റിസപ്ഷന് അമ്മ രാധിക ധരിച്ച അതേ സാരിയാണ് വരലക്ഷ്മിയുടെ റിസപ്ഷനില്‍ റയാനെ ധരിച്ചത്.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു റയാനെയുടെ വിവാഹം. അന്ന് രാധിക ധരിച്ച പേസ്റ്റല്‍ ബ്ലൂ നിറത്തിലുള്ള സാരിയാണ് പുതിയ ആഭരണങ്ങള്‍ക്കും ബ്ലൗസിനുമൊപ്പം റയാനെ പെയര്‍ ചെയ്തത്. ഗോള്‍ഡന്‍ വരകള്‍ ഡിസൈന്‍ ചെയ്ത വീതിയുള്ള ബോര്‍ഡറുള്ള സാരിയിലും അതേ നിറത്തിലുള്ള ബ്ലൗസിലും അതീവ സുന്ദരിയായിരുന്നു റയാനെ. ഇതിനൊപ്പം ഒരു ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയും അണിഞ്ഞു. നഖത്തില്‍ പീകോക്ക് നിറത്തിലുള്ള നെയിൽ പോളിഷുമിട്ടു.
ന്യൂബോണ്‍ കെയര്‍ എഡ്യുക്കേറ്ററും സ്‌റ്റൈലിസ്റ്റുമായ റയാനെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വരലക്ഷ്മിയുടെ സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് ധരിച്ച ഔട്ട്ഫിറ്റുകളെ കുറിച്ചും റയാനെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാധികയുടേയും മുന്‍ ഭര്‍ത്താവ് റിച്ചാര്‍ഡ് ഹാര്‍ഡിയുടേയും മകളാണ് റയാനെ. 2016 ഓഗസ്റ്റിലായിരുന്നു റയാനെയുടേയും ക്രിക്കറ്റ് താരം അഭിമന്യു മിഥുന്റേയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
നടന്‍ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. കഴിഞ്ഞ 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായും സുഹൃത്തുക്കളായിരുന്നു.
Content Highlights: rayane hardy wears mother radhika sarathkumars saree