രാമനും സീതയും രാവണനും തിളങ്ങി; രാമായണം സിനിമയിൽ ഒരുങ്ങിയത് 4,500 ആഭരണങ്ങൾ, നിർമിക്കാൻ ഒന്നര വർഷം

screengrab from youtube video
screengrab from youtube video

രൺബീർ കപുഎത്തുന്ന 'രാമായണം' സിനിമയുടെ ആഭരണങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രശസ്ത ജ്വല്ലറി ബ്രാൻഡായ ട്രൈബ് ആമ്രപാലിയാണ്. അയോധ്യ, മിഥില, ലങ്ക എന്നീ മൂന്ന് രാജ്യങ്ങളുടെ സംസ്‌കാരവും കഥാപാത്രങ്ങളുടെ സ്വഭാവവും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങൾ രൂപകൽപ്പന ചെയ്യാൻ 18 മാസത്തിലേറെ സമയം വേണ്ടിവന്നു. ഒരു സിനിമയ്ക്ക് വേണ്ടി എത്ര ആഭരണങ്ങൾ വേണ്ടിവരും? നായികയ്ക്ക് കുറച്ച് മാലകൾ, നായകന് കിരീടം, മറ്റ് കഥാപാത്രങ്ങൾക്ക് ചില അലങ്കാരങ്ങൾ എന്നൊക്കെയായിരിക്കും നമ്മുടെ ധാരണ. എന്നാൽ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തിന്റെ കാര്യം അങ്ങനെയല്ല. സിനിമയുടെ ആദ്യഭാഗത്തിനായി മാത്രം ഒരുക്കിയിരിക്കുന്നത് 4,500-ലേറെ ആഭരണങ്ങളാണ്.

അതും ഒരേ മാതൃകയിലുള്ള ആഭരണങ്ങളല്ല. അയോധ്യയിലെ രാജകുടുംബം ധരിക്കുന്ന ആഭരണങ്ങൾ പോലെയല്ല മിഥിലയിലെ ആഭരണങ്ങൾ. ലങ്കയിലെ രാജകീയ അലങ്കാരങ്ങൾക്കാകട്ടെ തീർത്തും വ്യത്യസ്തമായ രൂപകൽപ്പനയും. ഓരോ രാജ്യത്തിനും ഓരോ ശൈലി. ഓരോ കഥാപാത്രത്തിനും അവരുടെ വ്യക്തിത്വത്തിന് അനുയോജ്യമായ ആഭരണങ്ങൾ. ഇന്ത്യൻ പരമ്പരാഗത ആഭരണകലയുടെ സമ്പന്നമായ പൈതൃകത്തെ വെള്ളിത്തിരയിലെത്തിക്കുകയാണ് ഈ ആഭരണങ്ങളിലൂടെ ട്രൈബ് ആമ്രപാലി.

 
 
 
 
 
 
 
 
 
 
 
 
 
 
 

18 മാസം നീണ്ട പരിശ്രമം

രാമായണത്തിലെ ആഭരണങ്ങൾ ഒരുക്കുകയെന്നത് ഒരു സാധാരണ സിനിമയ്ക്കായി ജ്വല്ലറി ഡിസൈൻ ചെയ്യുന്നതുപോലെയായിരുന്നില്ല. പുരാണകഥകളും പുരാതന ഇന്ത്യൻ ആഭരണങ്ങളും ക്ഷേത്രശില്പങ്ങളും പരമ്പരാഗത കലാരൂപങ്ങളും വിശദമായി പഠിക്കേണ്ടിവന്നു. ഹൗസ് ഓഫ് ആമ്രപാലിയുടെ ക്രിയേറ്റീവ് ഹെഡായ തരംഗ് അറോറയുടെ നേതൃത്വത്തിലാണ് ആഭരണങ്ങളുടെ രൂപകൽപ്പന നടന്നത്. സിനിമയുടെ ക്രിയേറ്റീവ് ടീമുമായി ചേർന്ന് 18 മാസത്തിലേറെ നീണ്ട പ്രവർത്തനങ്ങളാണ് ഇതിനായി നടത്തിയത്.ആഭരണങ്ങളുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതു മുതൽ അനുയോജ്യമായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നതും മാതൃകകൾ നിർമിക്കുന്നതും കരകൗശല വിദഗ്ധരുടെ സഹായത്തോടെ പൂർത്തിയാക്കുന്നതും വരെ നിരവധി ഘട്ടങ്ങളുണ്ടായിരുന്നു.രാമൻ, സീത, രാവണൻ എന്നീ പ്രധാന കഥാപാത്രങ്ങൾക്കു മാത്രമല്ല, രാജകുടുംബാംഗങ്ങൾക്കും യോദ്ധാക്കൾക്കും രാജസദസ്സിലുള്ളവർക്കും പരിചാരകർക്കും പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾക്കുമെല്ലാം ആഭരണങ്ങൾ ആവശ്യമായിരുന്നു.

അയോധ്യയിലെ ആഭരണങ്ങളിൽ സൂര്യന്റെ പ്രാധാന്യം

അയോധ്യയിലെ രാജകീയ പാരമ്പര്യവും അന്തസ്സും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് അവിടുത്തെ ആഭരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കൃത്യമായ ആകൃതികളും പരമ്പരാഗത അലങ്കാരപ്പണികളുമുള്ള രൂപകൽപ്പനകളുമാണ് അയോധ്യയിലെ ആഭരണങ്ങളുടെ സവിശേഷത. അത്യാഡംബരത്തെക്കാൾ രാജകീയതയും ഗാംഭീര്യവും പ്രകടമാക്കാനാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. രൺബീർ കപൂർ അവതരിപ്പിക്കുന്ന ശ്രീരാമന്റെ ആഭരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമാണ് സൂര്യൻ. സൂര്യവംശത്തിൽ ജനിച്ച രാമന്റെ പാരമ്പര്യത്തെ സൂചിപ്പിക്കാനാണ് ആഭരണങ്ങളിൽ സൂര്യന്റെ രൂപം ഉൾപ്പെടുത്തിയിരിക്കുന്നത്. ധർമചക്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വൃത്താകൃതിയിലുള്ള അലങ്കാരങ്ങൾ, പരിശുദ്ധിയെ പ്രതിനിധീകരിക്കുന്ന താമരയുടെ രൂപങ്ങൾ, സൂക്ഷ്മമായ പരമ്പരാഗത കൊത്തുപണികൾ എന്നിവയും രാമന്റെ ആഭരണങ്ങളിലുണ്ട്. രാമന്റെ രാജകീയ സ്ഥാനത്തിനൊപ്പം അദ്ദേഹത്തിന്റെ ആത്മീയപ്രാധാന്യവും ആഭരണങ്ങളിലൂടെ പ്രകടമാക്കാൻ ഡിസൈനർമാർ ശ്രമിച്ചിട്ടുണ്ട്.

സീതയ്ക്ക് പൂക്കളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ആഭരണങ്ങൾ

അയോധ്യയുടെ രാജകീയ ഗാംഭീര്യത്തിൽനിന്ന് തീർത്തും വ്യത്യസ്തമാണ് മിഥിലയിലെ ആഭരണങ്ങൾ. പ്രകൃതിയും പൂക്കളും ഇലകളുമാണ് ഇവയുടെ രൂപകൽപ്പനയിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. മിഥിലയുടെ കലാപാരമ്പര്യവും പ്രകൃതിയുമായുള്ള ബന്ധവും ആഭരണങ്ങളിൽ പ്രതിഫലിക്കുന്നു. സായ് പല്ലവി അവതരിപ്പിക്കുന്ന സീതയുടെ ആഭരണങ്ങളിൽ പൂക്കളുടെ സൂക്ഷ്മമായ രൂപങ്ങൾക്കും മനോഹരമായ കൊത്തുപണികൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. സീതയുടെ സൗമ്യതയും വ്യക്തിത്വത്തിന്റെ കരുത്തും ഒരുപോലെ പ്രകടമാക്കുന്ന രീതിയിലാണ് ആഭരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രാമായണകഥയിലെ വിശുദ്ധ ഉദ്യാനങ്ങളും മിഥിലയുടെ സാംസ്‌കാരിക സമ്പന്നതയും ഈ രൂപകൽപ്പനകൾക്ക് പ്രചോദനമായിട്ടുണ്ട്. വലുപ്പവും ആഡംബരവും കൊണ്ടല്ല, സൂക്ഷ്മമായ വിശദാംശങ്ങളിലൂടെയാണ് സീതയുടെ ആഭരണങ്ങൾ ശ്രദ്ധേയമാകുന്നത്.

രാവണന്റെ ആഭരണങ്ങൾക്കുമുണ്ട് പ്രത്യേക ഭാഷ

മിഥിലയുടെ ആഭരണങ്ങളിൽ പൂക്കളും പ്രകൃതിയും നിറയുമ്പോൾ ലങ്കയിലെ ആഭരണങ്ങളിൽ കാണുന്നത് ശക്തിയും ആഡംബരവും നാടകീയതയുമാണ്. യഷ് അവതരിപ്പിക്കുന്ന രാവണനുവേണ്ടി തയ്യാറാക്കിയ ആഭരണങ്ങളിൽ മൂർച്ചയേറിയ ആകൃതികളും അസമമായ രൂപകൽപ്പനകളും ഇരുണ്ട നിറത്തിലുള്ള കല്ലുകളും ഉപയോഗിച്ചിട്ടുണ്ട്. ലങ്കയുടെ അധികാരവും സമ്പത്തും പ്രതിഫലിപ്പിക്കുന്ന വലിയ ആഭരണങ്ങളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. , മാരീചൻ, ശൂർപ്പണഖ, വിദ്യുജ്ജീവൻ തുടങ്ങിയ കഥാപാത്രങ്ങൾക്കും സമാനമായ ശക്തമായ ഡിസൈൻ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ലങ്കയിലെ എല്ലാ കഥാപാത്രങ്ങളുടെയും ആഭരണങ്ങൾ ഒരുപോലെയല്ല.

മണ്ഡോദരിയുടെയും വിഭീഷണന്റെയും ആഭരണങ്ങൾക്ക് കൂടുതൽ സമതുലിതമായ രൂപകൽപ്പനയും തിളക്കമുള്ള ഇളം നിറത്തിലുള്ള കല്ലുകളും നൽകിയിട്ടുണ്ട്. ഇവരുടെ വിവേകവും ശാന്തതയും വ്യക്തിത്വത്തിന്റെ കരുത്തും പ്രതിഫലിപ്പിക്കാനാണ് ഈ വ്യത്യാസം. ഇതിലൂടെ ഒരേ രാജ്യത്തെ കഥാപാത്രങ്ങൾക്കിടയിലുള്ള സ്വഭാവവ്യത്യാസങ്ങളും ആഭരണങ്ങളിലൂടെ അവതരിപ്പിക്കുന്നു.

4,500 ആഭരണങ്ങൾക്കു പിന്നിൽ നിരവധി കരകൗശല വിദഗ്ധർ

സിനിമയുടെ ആദ്യഭാഗത്തിനായി മാത്രം 4,500-ലേറെ ആഭരണങ്ങളാണ് ട്രൈബ് ആമ്രപാലി നിർമിച്ചിരിക്കുന്നത്. ഡിസൈനർമാർ, പരമ്പരാഗത ആഭരണനിർമാണ വിദഗ്ധർ, മോഡലുകൾ തയ്യാറാക്കുന്ന കലാകാരന്മാർ, മറ്റ് സാങ്കേതിക പ്രവർത്തകർ തുടങ്ങി വലിയൊരു സംഘത്തിന്റെ പരിശ്രമമാണ് ഇതിനുപിന്നിലുള്ളത്. ലോഹങ്ങളിൽ രൂപങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന എംബോസിങ്, അതിസൂക്ഷ്മമായ കൊത്തുപണികൾ, ഫിലിഗ്രി മാതൃകയിലുള്ള അലങ്കാരങ്ങൾ, ചെറിയ മുത്തും കല്ലുമുപയോഗിച്ചുള്ള ഉപയോഗിച്ചുള്ള രൂപകൽപ്പനകൾ തുടങ്ങി പരമ്പരാഗത ആഭരണനിർമാണ രീതികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.ആയിരക്കണക്കിന് ആഭരണങ്ങൾ നിർമിക്കുക എന്നതുമാത്രമായിരുന്നില്ല വെല്ലുവിളി. അവയെല്ലാം അതത് രാജ്യത്തിന്റെയും കഥാപാത്രത്തിന്റെയും ശൈലിയുമായി പൊരുത്തപ്പെടണം. അതേസമയം ഓരോ ആഭരണത്തിനും തനതായ പ്രത്യേകതയും ഉണ്ടായിരിക്കണം.

ആഭരണങ്ങൾ വെറും അലങ്കാരങ്ങളല്ല

രാമായണത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഹൗസ് ഓഫ് ആമ്രപാലിയുടെ ക്രിയേറ്റീവ് ഹെഡ് തരംഗ് അറോറ പറയുന്നു. തലമുറകളായി ഇന്ത്യക്കാർ കേട്ടുവളർന്ന കഥയാണ് രാമായണം. പുതിയ തലമുറയ്ക്കായി ആ ഇതിഹാസത്തെ വീണ്ടും അവതരിപ്പിക്കുന്ന വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് പ്രത്യേക അനുഭവമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആഭരണങ്ങൾ കഥാപാത്രങ്ങളുടെ ഭംഗി വർധിപ്പിക്കാനുള്ള അലങ്കാരങ്ങൾ മാത്രമല്ലെന്നാണ് സിനിമയുടെ അണിയറപ്രവർത്തകരും വ്യക്തമാക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും പാരമ്പര്യം, സ്വഭാവം, കഥയിലെ മാറ്റങ്ങൾ എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കൂടിയാണ് അവ. അതിനാൽ രാമന്റെ ആഭരണങ്ങൾ സീതയുടേതിൽനിന്ന് വ്യത്യസ്തമാണ്. രാവണന്റേത് വിഭീഷണന്റേതിൽനിന്നും. ഓരോ ആഭരണത്തിനും കഥ പറയാനുണ്ട്. വലിയ താരനിരയ്ക്കും ദൃശ്യവിസ്മയങ്ങൾക്കും അപ്പുറം, ഇന്ത്യൻ ആഭരണകലയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും ഈ സിനിമയുടെ ഭാഗമാകുകയാണ്. രാമായണത്തിന്റെ ലോകം വെള്ളിത്തിരയിൽ പുനഃസൃഷ്ടിക്കുമ്പോൾ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ 4,500 ആഭരണങ്ങളുടെ കഥ.

Content Highlights: Tribe Amrapali designed over 4,500 unique jewelry pieces for the first part of the Ramayana movie., The intricate design process took more than 18 months of research into ancient Indian jewelry and temple architecture., Distinct jewelry styles were created for Ayodhya, Mithila, and Lanka to reflect each kingdom's unique culture and characters.