ലേലത്തിന് വച്ചത് 66 ലക്ഷത്തിന്, ലഭിച്ചത് ഒമ്പതുകോടി ; ഡയാന രാജകുമാരിയുടെ സ്വെറ്ററിന് പുതിയ അവകാശി

ബ്ലാക്ക് ഷീപ്പ് സ്വെറ്റർ ധരിച്ച് ഡയാന | Photo: instagram/ Sotheby's
ബ്ലാക്ക് ഷീപ്പ് സ്വെറ്റർ ധരിച്ച് ഡയാന | Photo: instagram/ Sotheby's

ഡയാന രാജകുമാരിയുടെ ഐക്കണിക് വസ്ത്രമായ ‘ബ്ലാക്ക് ഷീപ്’ സ്വെറ്ററിന് ഇനി പുതിയ അവകാശി. ഏകദേശം 66 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച സ്വെറ്റർ ഒമ്പതുകോടിക്കു മുകളിലുള്ള റെക്കോഡ് തുകയ്ക്കാണ് ലേലത്തിൽ പോയത്. ഇതോടെ രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളിൽ ഏറ്റവുംകൂടിയ വിലയ്ക്ക് ലേലത്തിൽപ്പോയ വസ്ത്രമായി ബ്ലാക്ക് ഷീപ് സ്വെറ്റർ മാറി. 

കോടികൾനൽകി സ്വന്തമാക്കിയത് ആരാണെന്ന് ലേലംനടത്തിയ സോത്ത്ബൈസ് കമ്പനി അറിയിച്ചിട്ടില്ല.‘സോത്ത്ബൈസ് ഫാഷൻ ഐക്കൺസ് ലേല’ത്തിലാണ് സ്വെറ്റർ വിറ്റുപോയത്. 

ലേലംവിളി 44 റൗണ്ട് പിന്നിട്ടപ്പോഴേക്കും പ്രതീക്ഷിച്ച തുകയുടെ 14 ഇരട്ടിയിലെത്തി. തുടർന്ന് 15 മിനിറ്റുമാത്രം നീണ്ടുനിന്ന വാശിയേറിയ ലേലംവിളിക്കൊടുവിലാണ് സ്വെറ്ററിന്റെതുക 1.57 കോടി രൂപയിൽനിന്ന് ഒമ്പതുകോടിക്ക് മുകളിലെത്തിയത്.

1981-ൽ നടന്ന ഒരു പോളോ മത്സരത്തിന് എത്തിയപ്പോഴായിരുന്നു ഡയാന ഈ സ്വെറ്റർ ധരിച്ചത്. അന്ന് ചാൾസ് രാജകുമാരനുമായി ഡയാനയുടെ വിവാഹം നിശ്ചയിച്ചിരുന്ന സമയമായിരുന്നു. വൂളിൽ നെയ്‌തെടുത്ത ഈ സ്വെറ്ററിന് ക്രൂ നെക്കാണ് നൽകിയിരിക്കുന്നത്. 1979 ൽ ബ്രിട്ടീഷ് ഡിസൈനേഴ്‌സായ വാം ആൻഡ് വണ്ടർഫുൾ ആയിരുന്നു ഈ സ്വെറ്റർ ഡയാനയ്ക്കു വേണ്ടി ഒരുക്കിയത്.

ബ്ലാക്ക് ഷീപ് സ്വെറ്റർ എന്നാണ് പേരെങ്കിലും ഈ വസ്ത്രം ചുവപ്പ് നിറത്തിലാണ്. അതിന് പിന്നിൽ ഒരു കഥയുണ്ട്. ചുവപ്പിൽ നിറയെ വെള്ള നിറത്തിലുള്ള ആട്ടിൻ കുട്ടികളാണ് ഈ സ്വെറ്ററിലുള്ളത്. എന്നാൽ അതിനിടയിൽ ഒരൊറ്റ കറുത്ത ആട്ടിൻകുട്ടിയെ കാണാം. കൂട്ടംതെറ്റിയ ആട്ടിൻകുട്ടിയെ ആണ് ഇത് സൂചിപ്പിക്കുന്നത്. രാജകുടുംബാംഗങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തമായിരുന്ന ഡയാനയുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം തന്നെയാണ് ആ സ്വെറ്ററിലൂടെ പറയുന്നതെന്നാണ് ഈ ഡിസൈന്റെ പിന്നിലെ കഥ.

Content Highlights: Princess Diana's iconic 'black sheep' sweater sold at auction for 1.1 million dollar