ഓസ്കാർ വേദിയിലും കേരളത്തിന്റെ കൈത്തറി മഹിമ...; 'പ്രാണ'യിൽ തിളങ്ങി അനന്യ ഷാൻഭാഗ്

കേരളത്തിന്റെ സ്വന്തം ഫാഷൻ ലേബൽ ‘പ്രാണ’മറ്റൊരു അഭിമാന നേട്ടം കുറിച്ചിരിക്കുകയാണ്. ഓസ്‌കാർ 2025 റെഡ് കാർപ്പറ്റിൽ അനന്യ ശാൻഭാഗ് എന്ന യുവ അഭിനേത്രിക്കാണ് പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ലേബലായ ‘പ്രാണ’ ഹാൻഡ്ലൂം വേഷം രൂപകൽപ്പന ചെയ്തത്. കേരളത്തിന്റെ തനത് കൈത്തറിയിൽ മോഡേൺ ട്വിസ്റ്റ് നൽകിക്കൊണ്ട് പ്രാണ ഇന്ത്യൻ ഫാഷൻ-സിനിമ ലോകത്ത് മാത്രമല്ല, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിലും സുസ്ഥിര സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
പ്രശസ്ത അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്ക് വേണ്ടിയും പ്രാണ ഡിസൈൻ ചെയ്ത വസ്ത്രങ്ങളൊക്കെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. 2024 കാൻസ് ഫിലിം ഫെസ്റ്റിവൽ വേദിയിലും 2022 ലോകാർന്നോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിലും ദിവ്യ പ്രഭ ധരിച്ചതും, 2019 വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിമിഷ സജയൻ ധരിച്ചതും, 2019 ടോറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗീതു മോഹൻദാസും ശാന്തി ബാലചന്ദ്രനും ധരിച്ചതും, 2019 മോഡേൺ ആർട്ട് മ്യുസിയത്തിന്റെ ഗ്രാൻഡ് ഓപ്പണിങ്ങിൽ പാർവതി തിരുവോത്ത് ധരിച്ചതുമൊക്കെ പ്രാണയുടെ സിഗ്നചർ വസ്ത്രങ്ങളായിരുന്നു.
ഹോളിവുഡിലെ ഏറ്റവും വലിയ റെഡ് കാർപറ്റ് ഓസ്കാർ വേദിയിലേക്ക് വിജയകുതിപ്പുമായി മുന്നേറുകയാണ് പ്രാണ. പ്രിയങ്ക ചോപ്രയുടെ പിന്തുണയോടെ നിർമ്മിച്ച ‘അനൂജ’ എന്ന മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിമിൽ കേന്ദ്ര കഥാപാത്രമായ 21 കാരിയാണ് അനന്യ ശാൻഭാഗ്. അനന്യ ഓസ്കാർ വേദിയിൽ ധരിച്ച പ്രാണ ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ലോക പ്രസിദ്ധ ഓസ്കാർ വേദിയിൽ അണിയാനായി ഭരതനാട്യം നർത്തകി കൂടിയായ അനന്യക്ക്, നൃത്തത്തിന്റെ ലാവണ്യവും ആധുനികതയും കോർത്തിണക്കി മനോഹരമായ ഒരു ലുക്കാണ് പൂർണ്ണിമയും അവരുടെ ടീമും രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പൂർണ്ണിമയുടെ ഈ ഡിസൈനുകൾക്ക് സമ്പൂർണ്ണത നൽകാൻ പ്രശസ്ത ജ്വല്ലറി ഡിസൈനർ കാവ്യ പൊത്ലൂരിയും ചേർന്ന്, ഭാരതനാട്യം ഡീറ്റെയിലിങ്ങോടെ സൃഷ്ടിച്ച ആഭരണം ഈ ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നു.
ഓസ്കാറിൽ അനന്യ ഷാൻഭാഗ് ധരിച്ച ഡിസൈൻ ശ്രദ്ധേയമായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പൂർണ്ണിമ ഇന്ദ്രജിത്ത് പറഞ്ഞു. പാരമ്പര്യവും ആധുനികതയും കൂട്ടിച്ചേർത്തതാണ് പ്രാണയുടെ ഡിസൈനുകൾ, അതുതന്നെയാണ് ഈ ഡിസൈനിലും കാണാൻ കഴിയുന്നത്. വിവിധ സംസ്കാരങ്ങളുടെ സ്വാധീനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് കാലാതീതമായൊരു ശൈലി കൊണ്ടുവരാനായാണ് ഞങ്ങൾ ശ്രമിക്കുന്നത്. കണ്ടമ്പററി ഫാഷനെ പ്രോത്സാഹിപ്പിക്കുകയാണ് പ്രാണയുടെ പ്രധാന ലക്ഷ്യം. അതിരുകൾ മറികടന്ന് ആഗോളതലത്തിൽ പ്രാണയ്ക്ക് എത്താൻ സാധിച്ചതിലും അത്തരമൊരു അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പൂർണ്ണിമ ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.
കൈത്തറിയും ആധുനിക ഫാഷനും ചേർത്ത് സിഗ്നചർ ഡിസൈനുകൾ അതിന്റെ ഭംഗിക്ക് ഒട്ടുംകുറവ് വരാത്ത രീതിയിൽ നിർമ്മിച്ചെടുക്കുക എന്നതും പ്രാണയുടെ മൂല്യങ്ങളിൽ ഒന്നായിരുന്നു. അനന്യക്കായി ഡിസൈൻ ചെയ്ത വസ്ത്രം ആ ലിസ്റ്റിൽ പുതിയൊരു ഇടം നേടിയിരിക്കുകയാണ്.
ഓസ്കർ വേദിയിൽ തിളങ്ങിയ കേരളത്തിന്റെ പ്രാണയെ പ്രശംസിച്ചു കൊണ്ട് മന്ത്രി പി രാജീവും രംഗത്തെത്തി. ഫാഷൻ ഡിസൈനിങ്ങ് രംഗത്തുൾപ്പെടെ കേരളത്തിൽ വലിയ അവസരങ്ങൾ ഉണ്ടാകുന്നുണ്ടെന്നത് വ്യവസായ സൗഹൃദ കേരളത്തിൽ നിന്നുള്ള പോസിറ്റീവ് വാർത്തയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
Content Highlights: prana rising in oscars red carpet ananya shanbhag graces the Oscars 2025