കാലിടറി വീണിടത്തുനിന്ന് ചിരിയോടെ എഴുന്നേറ്റ് നടന്നു, ബാക്ക്സ്റ്റേജിൽ പൊട്ടിക്കരച്ചിൽ; 8 വർഷങ്ങൾക്കിപ്പുറം അതിഗംഭീരമായ തിരിച്ചുവരവ്

അന്ന് റാംപിൽ കാലുതെറ്റി വീണു, ഇന്ന് സ്വർണച്ചിറകുമായി തിരിച്ചുവരവ്.. തിരിച്ചടികളിൽ നിന്ന് എങ്ങനെ തിരികെ വരാം എന്നതിന്റെ ഉത്തമോദാഹരണമായി മാറിയിരിക്കുകയാണ് ചൈനീസ് സൂപ്പർ മോഡൽ മിങ് സി. 2017ൽ സ്വന്തം നാടായ ഷാങ്ഹായിൽ വെച്ച് നടന്ന വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ റാംപിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീണ മിങ് സി ഇന്ന് ലോകശ്രദ്ധ നേടിയിരിക്കുന്നത് തകർപ്പൻ തിരിച്ചുവരവിലൂടെയാണ്. അന്ന് റാംപിൽ വീണ മിങ് സിയെ സഹ മോഡലായ ജിസെൽ ഒലിവേര കൈപിടിച്ച് എഴുന്നേൽപ്പിക്കുകയും, ചിരിച്ചുകൊണ്ട് നടന്ന് മിങ് സി തന്റെ കാറ്റ് വാക്ക് പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രൊഫഷണൽ രീതിയിൽ കാര്യങ്ങൾ പൂർത്തിയാക്കിയെങ്കിലും ബാക്ക്സ്റ്റേജിൽ എത്തിയ താരം സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞത് അന്ന് ഏറെ വാർത്തയായിരുന്നു.
എട്ട് വർഷത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷമാണ് മിങ് സി വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയുടെ റാംപിലേക്ക് തിരിച്ചെത്തിയത്. 2018-ൽ നടന്ന ഷോയിലായിരുന്നു മിങ് സി അവസാനമായി പങ്കെടുത്തത്. സ്വർണ്ണ നിറത്തിലുള്ള കോർസെറ്റും കൂറ്റൻ 'ഏഞ്ചൽ ചിറകുകളും' അണിഞ്ഞാണ് താരം വേദിയിലെത്തിയത്. വീണ്ടും വിക്ടോറിയാസ് സീക്രട്ട് റാംപിലേക്ക് തിരിച്ചെത്താൻ സാധിച്ചതിലുള്ള സന്തോഷം മിങ് സി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. 'ഷോയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവിശ്വസനീയമായി തോന്നുന്നു, എന്റെ മനസ്സിലെ സന്തോഷവും കൃതജ്ഞതയും വാക്കുകളിലൂടെ പൂർണ്ണമായി വിവരിക്കാൻ കഴിയില്ല. സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ അനുഭവമാണിത്. ചിറകുകൾ കണ്ട നിമിഷം, എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. എന്നെ ഈ ഷോയിലേക്ക് വീണ്ടും ക്ഷണിച്ചതിന് ഒത്തിരി നന്ദി.' എന്നായിരുന്നു കുറിപ്പ്. മിങ് സിയുടെ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ലക്ഷക്കണക്കിന് ആളുകളാണ് ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയത്. പ്രമുഖ മോഡൽ ജിജി ഹാദിദ് ഉൾപ്പെടെയുള്ള പ്രമുഖർ മിങ് സിയുടെ ലുക്കിനെ പുകഴ്ത്തി രംഗത്തെത്തി.
മിങ് സിയുടെ തിരിച്ചുവരവ് ആഘോഷമാക്കിയത് ഭർത്താവ് മാരിയോ ഹോ ആണ്. മിങ് സിയെ 'യഥാർത്ഥ ജീവിതത്തിലെ മാലാഖ' എന്നാണ് മാരിയോ വിശേഷിപ്പിച്ചത്. 'നിന്നെക്കുറിച്ച് ഓർക്കുമ്പോൾ അതിയായ അഭിമാനമുണ്ട്. നമ്മുടെ കുടുംബത്തിന്റെ അഭിമാനമാണ് നീ. മനോഹരമായ ചിറകുകളോടെ ആ മാലാഖ തിരികെയെത്തിയിരിക്കുന്നു,' മാരിയോ സോഷ്യൽ മീഡിയയിൽ കുറിച്ചു. 2017-ൽ മിസ്റ്റർ ലെഫ്റ്റ് മിസ്റ്റർ റൈറ്റ് എന്ന ചൈനീസ് റിയാലിറ്റി ഷോയിലൂടെയാണ് മിങ് സിയും മാരിയോ ഹോയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2019 മേയിൽ ഷാങ്ഹായിൽ വെച്ച് 99,999 റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച സൂപ്പർ മാരിയോ തീം സർപ്രൈസിലൂടെയാണ് മാരിയോ മിങ് സിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. തുടർന്ന് അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി. ഇവർക്ക് ഏഴ് വയസ്സുള്ള മകനും നാല് വയസ്സുള്ള മകളുമുണ്ട്. അതിശക്തമായി തിരികെ വന്ന മിങ് സിയുടെ ഈ റാംപ് വാക്ക് ഫാഷൻ ലോകത്തും സോഷ്യൽ മീഡിയയിലും കയ്യടിയോടെയാണ് ആളുകൾ സ്വീകരിച്ചത്.
Content Highlights: Ming Xi's triumphant return to Victoria's Secret runway after a fall in 2017 showcases resilience and determination, captivating the fashion world once again.