‘ബ്ലാക്ക് മാജിക്’ ; മനീഷ് മൽഹോത്ര ഡിസൈനിൽ തിളങ്ങി സാറ അലി ഖാനും ആയുഷ്മാൻ ഖുറാനയും

sara ali khan,ayushmann khurrana|Photo:instagram.com/lakmefashionwk/
sara ali khan,ayushmann khurrana|Photo:instagram.com/lakmefashionwk/

ഫാഷൻ ലോകത്ത് കറുപ്പിന്റെ പ്രൗഢിക്ക് എന്നും പ്രത്യേക സ്ഥാനമുണ്ട്. ആ പ്രൗഢിയും ഗ്ലാമറും ഒരുമിച്ചെത്തിയപ്പോൾ മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയിൽ താരങ്ങളായത് ബോളിവുഡ് താരങ്ങളായ സാറ അലി ഖാനും ആയുഷ്മാൻ ഖുറാനയും. ന്യൂഡൽഹിയിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കിലാണ് ഇരുവരും മനീഷ് മൽഹോത്രയുടെ ഡിസൈനർ വസ്ത്രങ്ങളണിഞ്ഞ് റാംപിലെത്തിയത്.ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലാക്‌മെ ഫാഷൻ വീക്കിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താജ് പാലസിലായിരുന്നു ഷോ. മനീഷ് മൽഹോത്രയുടെ 'ലക്ഷ്വറി പ്രെറ്റ് 2026' കളക്ഷനാണ് വേദിയിൽ അവതരിപ്പിച്ചത്.

കറുപ്പിൽ ക്ലാസിക് ലുക്കുമായി ആയുഷ്മാൻ

പൂർണമായും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ആയുഷ്മാൻ ഖുറാന റാംപിലെത്തിയത്. ക്ലാസിക് ബ്ലാക്ക് ഷർട്ടും കൃത്യമായ അളവിൽ തയാറാക്കിയ ട്രൗസറുമായിരുന്നു വേഷത്തിന്റെ അടിസ്ഥാനം. എന്നാൽ ഇതിനെ വേറിട്ടതാക്കിയത് മനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള ജാക്കറ്റായിരുന്നു. ജാക്കറ്റിന്റെ ഷോൾഡർ, ലാപ്പൽ, സ്ലീവ് ഭാഗങ്ങളിൽ സിൽവർ നിറത്തിലുള്ള പൂക്കളുടെയും അലങ്കാര രൂപങ്ങളുടെയും എംബ്രോയ്ഡറി നൽകിയിരുന്നു. പരമ്പരാഗത ഫോർമൽ വസ്ത്രധാരണത്തിന്റെ ഭംഗിയും ആധുനിക ഫാഷന്റെ ഗ്ലാമറും ഒരുമിപ്പിക്കുന്നതായിരുന്നു ഈ ലുക്ക്. കൃത്യമായ കട്ടിങ്ങും സ്റ്റിച്ചിങ്ങും വസ്ത്രത്തിന് ഗംഭീരമായ ലുക്ക് നൽകിയപ്പോൾ എംബ്രോയ്ഡറി കൂടെ ചേർന്നപ്പോൾ കൂടുതൽ ആകർഷകമായി. കറുപ്പ് നിറത്തിലുള്ള ഷൂസും ധരിച്ചാണ് ആയുഷ്മാൻ തന്റെ ലുക്ക് കംപ്ലീറ്റാക്കിയത്.

കോർസെറ്റ് ഭംഗിയിൽ സാറ

ആയുഷ്മാൻ ക്ലാസിക് ഫാഷനിൽ തിളങ്ങിയപ്പോൾ കൂടുതൽ ഗ്ലാമറസായ വസ്ത്രമാണ് സാറ അലി ഖാൻ തിരഞ്ഞെടുത്തത്. കറുപ്പ് നിറത്തിലുള്ള സ്ട്രാപ്ലെസ് വസ്ത്രമായിരുന്നു സാറയുടേത്. ശരീരത്തിന്റെ ആകൃതിക്ക് അനുയോജ്യമായി ഡിസൈൻ ചെയ്ത കോർസെറ്റായിരുന്നു പ്രധാന ആകർഷണം. ഇരുവശങ്ങളിലും വ്യത്യസ്തമായ ആകൃതിയിലുള്ള അസിമെട്രിക്കൽ നെക്ലൈനും വസ്ത്രത്തിന് പുതുമ നൽകി. കറുത്ത തുണിയിൽ മെറ്റാലിക് നിറങ്ങളിലും വിവിധ വർണങ്ങളിലുമുള്ള പൂക്കളുടെ അലങ്കാരപ്പണികൾ നൽകിയിരുന്നു. ശരീരത്തോട് ചേർന്നുനിൽക്കുന്ന ഔട്ട്ഫിറ്റിന് ഒഴുകിക്കിടക്കുന്ന രീതിയിലുള്ള നീളൻ സ്‌കർട്ടാണ് ഡിസൈൻ ചെയ്തത്. ഇതോടെ വസ്ത്രത്തിന് സ്ട്രക്‌ചേർഡ് ലുക്കും ലഭിച്ചു.സുതാര്യമായ തുണികൊണ്ടുള്ള ഡ്രേപ്പും വസ്ത്രത്തിന്റെ ഭാഗമായിരുന്നു. മുടി നടുവിൽ വകഞ്ഞ് ലളിതമായി സ്‌റ്റൈൽ ചെയ്ത സാറ, വസ്ത്രത്തിലെ അലങ്കാരപ്പണികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സ്റ്റൈലാണ് സ്വീകരിച്ചത്.

മനീഷ് മൽഹോത്രയുടെ പുതിയ കളക്ഷനിൽ വ്യത്യസ്തമായ ഡിസൈൻസിനാണ് പ്രാധാന്യം നൽകിയത്. നീളമുള്ള വസ്ത്രങ്ങൾ, ക്രോപ്പ്ഡ് ജാക്കറ്റുകൾ, അയഞ്ഞ ഫിറ്റിലുള്ള ടെയ്ലറിങ്, ഒഴുകിക്കിടക്കുന്ന സ്‌കർട്ടുകൾ, നീളൻ ഡ്രേപ്പുകൾ എന്നിവയെല്ലാം കളക്ഷന്റെ ഭാഗമായി.ചില വസ്ത്രങ്ങൾ കൃത്യമായ ആകൃതിയും ഘടനയും നിലനിർത്തിയപ്പോൾ മറ്റു ചിലത് സ്വാഭാവികമായി ഒഴുകികിടക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തത്. ആഡംബരവും സൗകര്യപ്രദമായ വസ്ത്രധാരണവും ഒരുമിപ്പിക്കാനാണ് ഡിസൈനർ ശ്രമിച്ചത്. റിച്ച് എംബ്രോയ്ഡറി വർക്കുകളും ഗ്ലാമറസ് ഡിസൈനുകളും മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ്. എന്നാൽ ഇത്തവണ പതിവ് ഡിസൈനുകളിൽ മാത്രം ഒതുങ്ങാതെ വ്യത്യസ്തമായ സിലൗട്ടുകളും സ്‌റ്റൈലിങ് പരീക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് കളക്ഷൻ ഒരുക്കിയത്. ആഡംബര ഫാഷൻ എന്നത് കനത്ത അലങ്കാരങ്ങളോ പരമ്പരാഗത വസ്ത്രരൂപങ്ങളോ മാത്രമല്ലെന്നും ലളിതമായ വസ്ത്രങ്ങളിലും പുതുമയും വ്യക്തിത്വവും കൊണ്ടുവരാമെന്നും വ്യക്തമാക്കുന്നതായിരുന്നു മനീഷ് മൽഹോത്രയുടെ പുതിയ കളക്ഷൻ.

Content Highlights: Sara Ali Khan and Ayushmann Khurrana walked the ramp for Manish Malhotra., Showcased the 'Luxury Pret 2026' collection at Lakme Fashion Week in New Delhi., Featured striking black outfits with intricate embroidery and modern silhouettes.