ഡയാനയുടെ വജ്രമാലയണിഞ്ഞ് കിം കർദാഷിയാൻ; മാലയെ അപമാനിക്കുന്നതിന് തുല്യമെന്ന് വിമർശനം

ഡയാന രാജകുമാരി, കിം കർദാഷിയാൻ|photo:instagram.com/sothebys/,instagram.com/kimkardashian
ഡയാന രാജകുമാരി, കിം കർദാഷിയാൻ|photo:instagram.com/sothebys/,instagram.com/kimkardashian

ഡയാന രാജകുമാരിയുടെ കോടികള്‍ വിലമതിക്കുന്ന വജ്രം പതിപ്പിച്ച കുരിശുമാലയണിഞ്ഞ് നടിയും മോഡലുമായ കിം കര്‍ദാഷിയാന്‍. കഴിഞ്ഞ വര്‍ഷമാണ് ഡയാന രാജകുമാരിയുടെ അറ്റെലോ ക്രോസ് എന്നറിയപ്പെടുന്ന 1.66 കോടി രൂപ വിലമതിക്കുന്ന വജ്രമാല കിം ലേലത്തില്‍ സ്വന്തമാക്കിയത്. 

പര്‍പ്പിള്‍ രത്‌നങ്ങള്‍ക്ക് ചുറ്റും വജ്രം പതിപ്പിച്ചാണ് കുരിശാകൃതിയിലുള്ള ലോക്കറ്റിന്റെ രൂപകല്‍പന. 1920-കളില്‍ ബ്രിട്ടീഷ് ആഭരണനിര്‍മാതാക്കളായ ജെറാര്‍ഡ് എന്ന ഡിസൈനിങ് കമ്പനിയാണ് മാല രൂപകല്‍പന ചെയ്തത്. പലപ്പോഴായി ഡയാന ഈ മാലയണിഞ്ഞ് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. 1987-ല്‍ പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണിനൊപ്പം ഡയാന ഈ മാലയണിഞ്ഞെത്തിയത് ശ്രദ്ധ നേടിയിരുന്നു. 

2023-ല്‍ ന്യൂയോര്‍ക്കിലെ സോതബീസ് ലേലകേന്ദ്രത്തില്‍ നടന്ന ലേലത്തിലാണ് കിം കര്‍ദാഷിയാന്‍ ഈ മാല സ്വന്തമാക്കുന്നത്. ഈ മാലയണിഞ്ഞ് ഇതാദ്യമായാണ് കിം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  

ലാക്മാ ആര്‍ട്ട് ആന്‍ഡ് ഫിലിം ഗാലയിലാണ് താരം മാലയണിഞ്ഞെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഡീപ് നെക്ക് ഗുച്ചി ഗൗണിനൊപ്പമാണ് കിം മാല സ്റ്റെല്‍ ചെയ്തിരിക്കുന്നത്. മുത്തുകൾ പതിപ്പിച്ച ചോക്കറും വെള്ള നിറത്തിലുള്ള സില്ലോട്ടുകളും ധരിച്ചിട്ടുണ്ട്.  

അതേസമയം കിമ്മിൻ്റെ വസ്ത്രധാരണം സഭ്യമല്ലെന്നും ഇത്തരം വസ്ത്രത്തിനൊപ്പമണിഞ്ഞത് ആ മാലയുടെ മഹത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് ഒരുകൂട്ടരുടെ വിമർശനം. ഡയാന ആ മാലയോട് കാണിച്ച ബഹുമാനം കിം കാണിക്കേണ്ടതായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിലുയരുന്ന വിമർശനം.
 

Content Highlights: Kim Kardashian styles princess diana's cross pendant