2000 മണിക്കൂർ നീണ്ട പത്തുപേരുടെ അധ്വാനം! ഇഷ അംബാനിയുടെ ലഹങ്കയ്ക്ക് പിന്നിലെ കഥ

2000 മണിക്കൂറുകൾ, പത്തു കരകൗശല വിദഗ്ധർ..സ്വദേശിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന നവരാത്രി ആഘോഷവേളയിൽ ഇഷ അംബാനി ധരിച്ച കരൺ ടോറാണിയുടെ ലെഹങ്കയ്ക്ക് പിന്നിലെ അധ്വാനത്തിന്റെ കഥ ഇങ്ങനെയാണ്. ഭാരതീയ പാരമ്പര്യത്തിന്റെ ജീവസ്സുറ്റ നിറങ്ങൾ ചേർന്നതായിരുന്നു ഇഷയുടെ ലെഹങ്ക. രാധാകൃഷ്ണന്മാരുടെ രാസലീലയും പവിത്രമായ പാരമ്പര്യ കലകളും കോർത്തിണക്കിയ ഈ വസ്ത്രം, ഭാരതീയ കൈത്തറിയുടെ പ്രൗഢി വീണ്ടും വിളിച്ചോതുന്ന ഒന്നായി. രാധാകൃഷ്ണ രാസലീല ഫീച്ചർ ചെയ്ത ലെഹങ്ക ആന്ധ്രയുടെ സ്വന്തം കലംകാരിയുടെയും ഒഡീഷയുടെ പട്ടചിത്രയുടെയും സാധ്യതകളെ അതിമനോഹരമായി ഉപയോഗിച്ചിട്ടുള്ള ഒന്നാണ്.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി വളർന്നുവന്ന പ്രശസ്തമായ കയ്യെഴുത്ത് പെയ്ന്റിംഗ് രീതിയാണ് കലംകാരി. പ്രകൃതിദത്ത ചായങ്ങളുപയോഗിച്ച് വരയ്ക്കുന്ന ഈ രീതി പുരാണ കഥകൾ വിവരിക്കാനാണ് പരമ്പരാഗതമായി ഉപയോഗിക്കാറുള്ളത്. ലെഹങ്കയിലെ രാധാകൃഷ്ണ ചിത്രങ്ങളുടെ പ്രധാന രൂപങ്ങൾ ഈ രീതിയിലാണ് വരച്ചത്. ഒഡീഷയുടെ പ്രാചീനമായ ക്യാൻവാസ് ചിത്രരചനാ രീതിയാണ് പട്ടചിത്ര. ജഗന്നാഥ ക്ഷേത്ര സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ കലയിലെ സൂക്ഷ്മതയാണ് ലെഹങ്കയുടെ ചോളിയിലും ദുപ്പട്ടയുടെ വശങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
കണ്ടംപററി ഷർട്ട് സ്റ്റൈലിലുള്ള ചോളിയുടെ കൂടെയാണ് ലെഹങ്ക പെയർ ചെയ്തിരിക്കുന്നത്. ക്യാപ് സ്ലീവ്‌സും ദുപ്പട്ടയുടെ ബോർഡറിന് സമാനമായ അരക്കെട്ടിൽ നൽകിയിരിക്കുന്ന പെയന്റ് ചെയ്ത പാനലുകളുമാണ് ചോളിയുടെ പ്രത്യേകത. പട്ടുനൂൽ ഉപയോഗിച്ച് നെയ്‌തെടുത്ത ലെഹങ്കയിലെ ചിത്രരചയ്ക്കായി രാസവസ്തുക്കൾ ഒന്നുംതന്നെ ഉപയോഗിച്ചിട്ടില്ല. സസ്യങ്ങൾ, ഇലകൾ, മരത്തോലുകൾ, പ്രകൃതിദത്ത കല്ലുകൾ, മണ്ണ് എന്നിവയിൽ നിന്ന് വേർതിരിച്ചെടുത്ത ചായങ്ങൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. വൃന്ദാവനത്തിലെ ഗോപികമാരും രാധാകൃഷ്ണന്മാരും പ്രകൃതിയോട് ഇണങ്ങിനിന്ന് നൃത്തം ചെയ്യുന്ന രംഗങ്ങൾ അതീവ ഭംഗിയോടെ കോറിയിട്ടിരിക്കുന്നത് ലെഹങ്കയിൽ കാണാം. ഇതിന് തിളക്കമേകാൻ സർദോസി വർക്ക് ചെയ്തിട്ടുണ്ട്. ഒപ്പം മുത്തുകളും തുന്നിച്ചേർത്തിരിക്കുന്നു. ചെറിയ കണ്ണാടിച്ചില്ലുകൾ തുന്നിച്ചേർത്തത് വസ്ത്രത്തിന് നവരാത്രിയുടെ ആഘോഷാന്തരീക്ഷം നൽകി.ഇന്ത്യൻ കരകൗശലവിദ്യ മികവും സാങ്കേതികതയും ഉപയോഗിച്ച് മനോഹരമാക്കിയപ്പോൾ ഒരു വസ്ത്രത്തേക്കാൾ കൂടുതൽ മികച്ച കലാസൃഷ്ടിയായി അത് മാറി.
അനൈത ഷ്രോഫ് അഡജാനിയയാണ് ഇഷയുടെ ലുക്ക് സ്‌റ്റൈൽ ചെയ്തത്. ഇഷയുടെ അമ്മയായ നിത അംബാനിയുടെ വ്യക്തിഗത ആഭരണ ശേഖരത്തിൽ നിന്നുള്ള പാരമ്പര്യ മയിൽ മോട്ടിഫ് ചോക്കറും ജിമുക്കിയും ആണ് ആക്‌സസറിയായി അണിഞ്ഞിട്ടുള്ളത്. മയിൽ മോട്ടിഫുള്ള കഫും ആക്‌സസറിയായി. ലെഹങ്കയുടെ നിറത്തിന് അനുയോജ്യമായ നീലക്കല്ലുകൾ പതിച്ച ആഭരണങ്ങൾ ഇഷയ്ക്ക് ട്രഡീഷണൽ ലുക്ക് നൽകി. തലമുടിയിൽ ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് തയ്യാറാക്കിയ പ്രത്യേക ഹെയർപീസ് അണിഞ്ഞ് പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച രൂപത്തിലാണ് ഇഷ പ്രത്യക്ഷപ്പെട്ടത്.
റിലയൻസ് റീട്ടെയിലിന്റെ നേതൃത്വത്തിലുള്ള സ്വദേശിന് നേതൃത്വം നൽകുന്നത് ഇഷ അംബാനിയാണ്. ഇന്ത്യയുടെ പാരമ്പര്യമായി കൈമാറിവന്ന കരകൗശല നെയ്ത്തുരീതികൾ അന്യമായിപ്പോകാതെ കാത്തുസൂക്ഷിക്കുക, ഗ്രാമീണ കരകൗശലവിദഗ്ധർക്ക് ഇടനിലക്കാരില്ലാതെ അർഹമായ വേതനവും അന്താരാഷ്ട്ര തലത്തിൽ വിപണന സാധ്യതകളും ലഭ്യമാക്കുക എന്നതാണ് സ്വദേശ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
Content Highlights: Isha Ambani's Navarathri lehenga, designed by Karan Torani, showcases vibrant Indian heritage with intricate Kalamkari and Pattachitra art forms.