ഹീൽസോ അതോ ഫ്‌ളാറ്റ്‌സോ?കാൽമുട്ടുകളുടെ ആരോഗ്യത്തിന് അനുയോജ്യമായ പാദരക്ഷ തിരഞ്ഞെടുക്കാം

പാദരക്ഷകൾ തെരഞ്ഞെടുക്കുമ്പോൾ മിക്ക ആളുകളും നൽകുന്ന പ്രാധാന്യം ഡിസൈനിനും ഫാഷനുമാണ്. എന്നാൽ, നാം ധരിക്കുന്ന ചെരുപ്പുകൾ നമ്മുടെ കാൽമുട്ടുകളുടെയും നട്ടെല്ലിന്റെയും ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്ന വസ്തുത പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്. ഹൈ ഹീൽസുകളാണോ അതോ ഫ്‌ളാറ്റ്്സ് ചെരുപ്പുകളാണോ കാൽമുട്ടുകൾക്ക് കൂടുതൽ സുരക്ഷിതം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുകയാണ് വിദഗ്ധർ. ഉയരമുള്ള ഹീൽസുകൾ മാത്രമല്ല, കുഷ്യനില്ലാത്ത ഫ്‌ളാറ്റ് ചെരുപ്പുകളും ദീർഘകാലാടിസ്ഥാനത്തിൽ കാൽമുട്ടുകൾക്ക് കേടുപാടുകൾ വരുത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഹീൽസും ഫ്‌ളാറ്റ്സും: കാൽമുട്ടുകളെ ബാധിക്കുന്നത് എങ്ങനെ?
ഹീൽസ് ധരിക്കുന്നത് മോശമാണെന്നും ഫ്‌ളാറ്റ്സ് ആണ് ഏറ്റവും നല്ലതെന്നുമുള്ള ധാരണ തെറ്റാണെന്ന് ഓർത്തോപീഡിക്സ് വിദഗ്ധർ പറയുന്നു. രണ്ടിനും ദോഷവശങ്ങളുണ്ട്.ഹൈ ഹീൽസുകൾ ധരിക്കുമ്പോൾ ശരീരത്തിന്റെ ഭാരം മുഴുവൻ കാൽവിരലുകളിലേക്കും മുൻഭാഗത്തേക്കും തള്ളപ്പെടുന്നു. ഇത് കാൽമുട്ടിന്റെ സ്വാഭാവികമായ മടക്കത്തെ ബാധിക്കുകയും കാൽമുട്ടിലെ ജോയിന്റുകളിൽ അനാവശ്യമായ അമിത സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. ദീർഘകാലം ഹീൽസ് ഉപയോഗിക്കുന്നത് തേയ്മാനത്തിനും കാൽമുട്ടു വേദനയ്ക്കും കാരണമാകും. തികച്ചും പരന്ന, കുഷ്യനോ ആർച്ച് സപ്പോർട്ടോ ഇല്ലാത്ത ഫ്‌ളാറ്റ് ചെരുപ്പുകൾ ധരിക്കുമ്പോൾ, നടക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം നേരിട്ട് പാദങ്ങളിലേക്കും അവിടെ നിന്ന് കാൽമുട്ടുകളിലേക്കും എത്തുന്നു. ഫ്‌ളാറ്റ് ഫൂട്ട് ഉള്ളവരിൽ ഇത് കൂടുതൽ ഗുരുതരമായ അസ്വസ്ഥതകൾ ഉണ്ടാക്കും.
ചെരുപ്പുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏറ്റവും അനുയോജ്യമായ പാദരക്ഷ എന്നത് ഒട്ടും ഉയരമില്ലാത്തതോ അല്ലെങ്കിൽ അമിതമായി ഉയരമുള്ളതോ ആയ ഒന്നല്ല. മറിച്ച്, ഏകദേശം 1 മുതൽ 1.5 ഇഞ്ച് വരെ ഹീൽ ഉയരമുള്ളതും, പാദത്തിന്റെ ഉള്ളിലെ വളവിന് കൃത്യമായ സപ്പോർട്ട് നൽകുന്നതുമായ ചെരുപ്പുകളാണ് കാൽമുട്ടുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. 1 മുതൽ 1.5 ഇഞ്ച് വരെ ഉയരമുള്ള കുഷ്യൻഡ് ഹീൽസ് പാദങ്ങൾക്ക് അനുയോജ്യമായ ചരിവ് നൽകുകയും കാൽമുട്ടിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. റബ്ബർ അല്ലെങ്കിൽ പ്ലഷ് സോളുകൾ തെരഞ്ഞെടുക്കുക. കാൽവിരലുകൾ ഞെരുങ്ങിയിരിക്കാത്ത രീതിയിൽ മുൻഭാഗത്ത് ആവശ്യത്തിന് വീതിയുള്ള ചെരുപ്പുകൾ ഉപയോഗിക്കുക. ഫാഷനേക്കാൾ പ്രധാനം സ്വന്തം ശരീരത്തിന്റെ ആശ്വാസവും ആരോഗ്യവുമാണെന്ന് തിരിച്ചറിഞ്ഞ് ശരിയായ പാദരക്ഷകൾ തെരഞ്ഞെടുക്കുന്നത് ഭാവിയിലെ കാൽമുട്ടു വേദനകളെ തടയാൻ സഹായിക്കും.
Content Highlights: Learn how to select footwear that supports knee health, focusing on heel height and cushioning to prevent discomfort and long-term damage.