എരുമേലി പേട്ടതുള്ളല്‍: ആലങ്ങാട് സംഘം എത്തി; അമ്പലപ്പുഴ സംഘം ഇന്നെത്തും

എരുമേലി:ചൊവ്വാഴ്ച നടക്കുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനായി ആലങ്ങാട് സംഘം എരുമേലിയിലെത്തി. അമ്പലപ്പുഴ സംഘം തിങ്കളാഴ്ചയെത്തും. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരാണ് അമ്പലപ്പുഴ പേട്ടസംഘത്തെ നയിക്കുന്നത്. അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട കരൂര്‍, ആമയിട, കാക്കാഴം, പുറക്കാട്, കരുമാടി, കോമല, അമ്പലപ്പുഴ എന്നിങ്ങനെ ഏഴ് കരകളിലുള്ള ഭക്തരാണ് വ്രതശുദ്ധിയോടെ പേട്ടതുള്ളുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിനാണ് ആദ്യം പേട്ട തുള്ളാനുള്ള അവകാശം. ചൊവ്വാഴ്ച രാവിലെ അയ്യപ്പന്റെ സ്വര്‍ണത്തിടമ്പിന് മുന്‍പില്‍ പേട്ടപ്പണം സമര്‍പ്പിച്ചാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളലിന് തയ്യാറെടുക്കുന്നത്. പേട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിടമ്പ് പൂജിച്ചശേഷം, ഭഗവദ് സാന്നിധ്യമായി കൃഷ്ണപ്പരുന്തെത്തുമ്പോള്‍ പേട്ടതുള്ളല്‍ തുടങ്ങും. അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാന്‍ ഗരുഡന്റെ പുറത്തേറി പേട്ടതുള്ളല്‍ കാണാന്‍ എത്തുന്നുവെന്നാണ് വിശ്വാസം. വിശ്വാസത്തെ സഫലമാക്കി പരുന്ത് പലതവണ പേട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തിനുമേല്‍ വട്ടമിട്ട് പറക്കും. മനസ്സില്‍ ഭക്തിതുളുമ്പി വിശ്വാസികള്‍ കൂപ്പുകൈയോടെ ശരണം വിളിക്കും. പേട്ട തുള്ളിയിറങ്ങി മസ്ജിദിലെത്തുന്ന സംഘത്തെ പുഷ്പവൃഷ്ടിയോടെ, കളഭം ചാര്‍ത്തി പച്ച ഷാളണിയിച്ച് പള്ളിഭാരവാഹികള്‍ സ്വീകരിക്കും.പള്ളിയില്‍നിന്ന് വാവര്‌സ്വാമിയുടെ പ്രതിനിധിയെ ഒപ്പംകൂട്ടിയാണ് അമ്പലപ്പുഴ സംഘം ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് പേട്ടതുള്ളി നീങ്ങുന്നത്. ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം ഭാരവാഹികള്‍ അമ്പലപ്പുഴ സംഘത്തേയും വാവര് സ്വാമിയുടെ പ്രതിനിധിയേയും ആചാരാനുഷ്ഠാനങ്ങളോടെ സ്വീകരിക്കും. അയ്യപ്പന്റെ പിതൃ സ്ഥാനീയരാണ് ആലങ്ങാട് സംഘം. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് ശേഷമാണ് ആലങ്ങാട് പേട്ട. തിങ്കളാഴ്ച രാത്രി ആലങ്ങാട് സംഘം അയ്യപ്പന്റെ ഇഷ്ടദ്രവ്യമായ പാനകമുണ്ടാക്കി ദീപാരാധനയോടെ പൂജകള്‍ നടത്തും. സ്വര്‍ണംപൂശിയ ഗോളകയും കൊടിയുമായാണ് യോഗം പെരിയോന്‍ എ.കെ.വിജയകുമാറിന്റെ നേതൃത്വത്തില്‍ ആലങ്ങാട് സംഘം പേട്ട തുള്ളുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആലങ്ങാട് പേട്ട തുടങ്ങും. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവര്‌സ്വാമി പോയി എന്ന വിശ്വാസത്തില്‍ പള്ളിയില്‍ കയറാതെ പള്ളിക്ക് വണങ്ങിയാണ് ആലങ്ങാട് സംഘം ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങുന്നത്.VIEW ON mathrubhumi.com