വേറിട്ട കഴിവുകളുടെ വിസ്മയ വേദി; സ്‌പെക്‌ട്രം ഹാർട്സ് സമ്മർ ക്യാമ്പ് സമാപിച്ചു

കരുനാഗപ്പള്ളി: പരിമിതികളെ അതിജീവിച്ച് ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെക്ട്രം ഹാർട്സ് സംഘടിപ്പിച്ച പ്രഥമ സമ്മർ ക്യാമ്പ് സമാപിച്ചു. 21 ദിവസം നീണ്ടുനിന്ന ഈ ക്യാമ്പിൽ 110 കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.
നിഹാൽ വെളിയിൽ ഫൗണ്ടേഷന്റെ കീഴിൽ 2025 സെപ്റ്റംബറിൽ വെറും 30 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം, ചുരുങ്ങിയ കാലയളവിനുള്ളിൽ 138-ലധികം കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്.
ഓട്ടിസം ഉൾപ്പെടെയുള്ള സവിശേഷ സാഹചര്യങ്ങളിലുള്ള കുട്ടികൾക്ക് അത്യാധുനിക തെറാപ്പി സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നു എന്നതാണ് സ്പെക്ട്രം ഹാർട്സിൻ്റെ പ്രത്യേകത. സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവാത്ത ചികിത്സാ ചിലവുകൾ കണക്കിലെടുത്ത്, നോൺ പേയ്മെൻ്റ് വൗച്ചർ സിസ്റ്റം വഴി ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും സൗജന്യ സേവനം നൽകുന്ന സംരംഭങ്ങളിൽ ഒന്നാണിത്. സ്പീച്ച് തെറാപ്പി, ഒക്യൂപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, എബിഎ തെറാപ്പി, ഫിസിയോതെറാപ്പി, സ്പെഷ്യൽ എജ്യൂക്കേഷൻ തുടങ്ങി കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ഇവിടെ നൽകിവരുന്നു.
കുട്ടികൾക്ക് മാത്രമല്ല, അവരെ പരിപാലിക്കുന്ന മാതാപിതാക്കൾക്കും ഈ സ്ഥാപനം വലിയ പിന്തുണയാണ് നൽകുന്നത്. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസികവും സാമൂഹികവുമായ സമ്മർദങ്ങൾ കുറയ്ക്കുന്നതിനായി പ്രത്യേക കൗൺസലിങ്ങും ഗൈഡൻസും ഇവിടെ ലഭ്യമാണ്. ഓരോ കുഞ്ഞിനെയും സ്നേഹത്തോടെയും ആദരവോടെയും ചേർത്തുപിടിക്കുന്ന ഒരു വലിയ കുടുംബമായി സ്പെക്ട്രം ഹാർട്സ് മാറിയിട്ടുണ്ടെന്ന് മാനേജിങ് ട്രസ്റ്റിയും പ്രവാസി വ്യവസായിയുമായ നസീർ വെളിയിൽ അഭിപ്രായപ്പെട്ടു.
ക്യാമ്പിൻ്റെ സമാപന സമ്മേളനം കരുനാഗപ്പള്ളി നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രവാസി വ്യവസായിയായ നസീർ വെളിയിൽ ദീർഘകാലമായി നടത്തിവരുന്ന സ്പെഷ്യൽ സ്കൂൾ സഹായം, വിദ്യാഭ്യാസ ധനസഹായം, പാർപ്പിട പദ്ധതികൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സ്പെക്ട്രം ഹാർട്സും പ്രവർത്തിക്കുന്നത്.
ചടങ്ങിൽ ആദിനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ എസ് പുരം സുധീർ, കുലശേഖരപുരം പഞ്ചായത്തംഗം ഇർഷാദ് ബഷീർ, റിട്ട. പ്രിൻസിപ്പൽ മായ, റോട്ടറി യൂത്ത് ക്ലബ്ബ് ഡയറക്ടർ ജയസൂര്യ, എം എസ്എം കോട്ളേജ് റിട്ട. പ്രൊഫ. പദ്മകുമാർ, ഓണവിള സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Content Highlights: Provides free, high-quality therapy services for children with special needs., Operates via a unique non-payment voucher system in Karunagappally., Offers comprehensive support including Speech, Occupational, Behavioral, and ABA therapy., Focuses on holistic support for both children and their parents through counseling., Founded by NRI entrepreneur Naseer Veliyil under the Nihal Veliyil Foundation.