അഭ്യാസം കാണിച്ചാൽ പണികിട്ടും

ആറുവരിപ്പാതയിൽ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി

കൊല്ലം : എക്സിറ്റ്‌ പോയിന്റിലൂടെ ആറുവരിപ്പാതയിലേക്ക് കടക്കുന്നവർ ഇനി സൂക്ഷിക്കുക. ദേശീയപാതയിലെ വെഹിക്കിൾ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റം ക്യാമറ നിങ്ങളെ നിരീക്ഷിക്കും. എക്സിറ്റ്‌/എൻട്രി പോയിന്റുകളിലാണ് ഈ ക്യാമറ പ്രവർത്തിക്കുന്നത്. അപകടങ്ങൾ നടന്നാലോ, തെറ്റായദിശയിൽ സഞ്ചരിച്ചാലോ ആ വിവരം കൺട്രോൾ റൂമിൽ ലഭിക്കുന്നത് ഈ ക്യാമറ വഴിയാണ്. നിയമം ലംഘിക്കുന്ന വാഹന നമ്പർ കൺട്രോൾ റൂമിൽ തെളിയും.

നവീകരണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയിൽ ഒരു നിയന്ത്രണവുമില്ലാതെ ഇരുചക്രവാഹനയാത്രികർ ഉൾപ്പെടെ പായുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദ്രുതഗതിയിൽ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങിയത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രാക്ലേശം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ദേശീയപാത അതോറിറ്റിയും മോട്ടോർ വാഹനവകുപ്പും ചേർന്ന് ഈ അത്യാധുനിക സംവിധാനം ഒരുക്കുന്നത്. ആറുവരിപ്പാതയുടെ നടുഭാഗത്തുള്ള ഡിവൈഡറിൽ ആണ് ക്യാമറകൾ സ്ഥാപിക്കുന്നത്. നിലവിൽ ടോൾ പ്ലാസ, ചാത്തന്നൂർ, കൊട്ടിയം, മങ്ങാട് ഭാഗങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. മങ്ങാട് ഭാഗത്ത് രണ്ടിടത്താണ് ക്യാമറകൾ. ചുറ്റും തിരിഞ്ഞ് മുഴുവൻ ദൃശ്യവും ശേഖരിക്കും. വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, വേഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, റോഡ് ക്രോസിങ്, വാഹനങ്ങളുടെ പാർക്കിങ് എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം അത്യാധുനിക ക്യാമറകളുടെ പ്രത്യേകതകളാണ്.

പിടിച്ചെടുക്കും എല്ലാം...

ദേശീയപാതയിൽ വാഹനങ്ങൾ മൂന്നു മിനിറ്റിൽ കൂടുതൽ പാർക്ക് ചെയ്താൽ കൺട്രോൾ റൂമിൽ വിവരം ലഭിക്കും. സുരക്ഷാമതിൽ ചാടിക്കടക്കുന്നവരെയും ക്യാമറ പിടികൂടും. നല്ല റോഡാണല്ലോ പരമാവധി വേഗത്തിൽ പോകാമെന്ന് കരുതിയാലും പണിയാകും. ഓരോ ഭാഗത്തുമുള്ള വേഗനിയന്ത്രണം പാലിച്ചില്ലെങ്കിലും ക്യാമറ പിടികൂടും. മിക്കയിടത്തും പരമാവധി വേഗമായി 80 കിലോമീറ്റർ നിശ്ചയിച്ച ബോർഡാണ് സ്ഥാപിച്ചിട്ടുള്ളത്. അതിൽ കൂടുതൽ വേഗത്തിൽ പോയാൽ പിഴ കിട്ടും. ഓരോ ട്രാക്കിലൂടെയും ഏതൊക്കെ വാഹനങ്ങൾക്ക് പോകാമെന്നും മറികടക്കാമെന്നും ബോർഡുകൾ ​െവച്ചിട്ടുണ്ട്. ഇതു ശ്രദ്ധിക്കാതെ തെറ്റായ ട്രാക്കിലൂടെ ഓടിച്ചാലും തെറ്റായി ഓവർടേക്ക് ചെയ്താലും പിടിവീഴും.

കടവൂർ കടക്കാൻ പെടാപ്പാട്

: ബൈപ്പാസ്‌ വഴി വരുന്ന വാഹനങ്ങളും ഹൈസ്‌കൂൾ ജങ്ഷൻ, അഞ്ചാലുംമൂട് എന്നീ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങളും കടവൂർ കടക്കാൻ നന്നേ പാടുപെടുകയാണ്. അഞ്ചാലുംമൂട് പോലീസും കരാർ കമ്പനി നിയോഗിച്ച ആളുകളും അടിപ്പാതയിൽനിന്നു വാഹനം കടത്തിവിടാൻ ഏറെ ബുദ്ധിമുട്ടുകയാണ്. രാവിലെയും വൈകീട്ടുമാണ് ഏറെ ദുരിതം. സർവീസ് റോഡുകൾക്ക് ഇവിടെ വീതികുറവ് കാരണം വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.

പ്രദേശവാസികളാണ് ഏറെ ദുരിതത്തിലാകുന്നത്. തൊട്ടടുത്ത സ്ഥലത്തേക്ക് പോകാൻ ബൈപ്പാസിൽ കയറിയാൽ പി​െന്ന കിലോമീറ്റർ ചുറ്റിക്കറങ്ങിവേണം തിരിച്ചെത്താൻ. തിരക്കും കൂടിയായപ്പോൾ ദുരിതം ഇരട്ടിയായതായി കടവൂർ സ്വദേശി ഉണ്ണി പറയുന്നു. കല്ലുംതാഴം മുതൽ കാവനാട് വരെയുള്ള ഭാഗത്ത് കടവൂർ പാലത്തിന്റെ നിർമാണമാണ് നിലവിൽ നടക്കുന്നത്.

തൂണുകളിലുള്ള പാലം നിർമിക്കുന്നതിന്റെ ഭാഗമായുള്ള പൈലിങ് ജോലികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പാലത്തിനുള്ള കോൺക്രീറ്റ് ഗർഡറുകളുടെ നിർമാണം പുരോഗമിക്കുന്നു. 2027 ജൂണിൽ പൂർത്തീകരിക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നാണ് കരാർ ജീവനക്കാർ പറയുന്നത്.