തെന്മലയിൽ പൊതുവിടങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടുന്നു; നടപടിയില്ല

തെന്മല : തെന്മലയിൽ പൊതുവിടങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നടപടിയില്ല. കവലയിൽ മിക്കയിടങ്ങളിലും ഒരു നിയന്ത്രണവും പാലിക്കാതെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിഞ്ഞനിലയിലാണ്. തെന്മല കവലയുടെ ഹൃദയഭാഗത്ത് കാത്തിരിപ്പുകേന്ദ്രവും ജീപ്പ് സ്റ്റാൻഡ് ഉൾപ്പെടെ പ്രവർത്തിക്കുന്നതിനു തൊട്ടുമുന്നിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ചാക്കുകണക്കിന് മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്.

ഇതിനു തൊട്ടടുത്താണ് മാരിയമ്മൻകോവിലും സ്ഥിതിചെയ്യുന്നത്. സ്ഥിരമായിവിടെ മാലിന്യം തള്ളുന്നതിനാൽ കാട്ടുപന്നി ഇവിടേക്കെത്തുന്നുണ്ട്.

ഇത് മറ്റൊരു അപകടഭീഷണിയായിട്ടുണ്ട്. ഇതിനു തൊട്ടടുത്തായി ദേശീയപാതയ്ക്കും റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന റോഡരികിലും പ്ലാസ്റ്റിക് ഉൾപ്പെടെ കൂടികിടക്കുന്നനിലയിലാണ്.

ജൈവ-അജൈവ മാലിന്യങ്ങൾ സമീപത്തെ ഓടയിലൂടെ തോട്ടിലേക്കെത്തുകയാണ്. അതിനാൽ തോട് പൂർണമായും മാലിന്യംകൊണ്ട് നിറഞ്ഞിട്ടുണ്ട്.

ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്.

എന്നാൽ പഞ്ചായത്തോ ആരോഗ്യപ്രവർത്തകരോ മാലിന്യം തള്ളുന്നതിനെതിരേ ഒരു നടപടിയുമെടുക്കുന്നില്ലന്നാണ് പരാതി ഉയരുന്നത്.