കോർപ്പറേഷൻ കാണുന്നുണ്ടോ അഞ്ചാലുംമൂട്ടിലെ ‘കളിക്കളം’

അഞ്ചാലുംമൂട് : കോർപ്പറേഷൻ അധികൃതരുടെ അവഗണന കാരണം അഞ്ചാലുംമൂട്ടിലെ കളിക്കളം കാടുമൂടി നശിക്കുന്നതായി പരാതി. വർഷങ്ങൾക്കു മുൻപ്‌ തൃക്കടവൂർ പഞ്ചായത്ത് ഭരണസമിതി അഞ്ചാലുംമൂട് ജങ്‌ഷനു വളരെ അകലെയല്ലാത്ത ആണിക്കുളത്ത് ചിറയിൽ മിനി സ്റ്റേഡിയം സ്ഥാപിച്ചിരുന്നു.

പ്രദേശത്തെ കായികപ്രേമികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്ന കളിക്കളത്തിൽ പരിശീലനം നേടിയ ഒട്ടേറെപ്പേർ കായികരംഗത്ത് മികവു തെളിയിച്ചിട്ടുണ്ട്. 1989-ൽ എൻ. ദിവാകരൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ സ്റ്റേഡിയം നവീകരിക്കാൻ പദ്ധതിയിട്ടു.

സർക്കാരിന്റെ പത്തിനപരിപാടിയിൽ ഉൾക്കൊള്ളിച്ച് സ്റ്റേഡിയം നവീകരിക്കാൻ പദ്ധതി തയ്യാറാക്കി. അന്നത്തെ എം.എൽ.എ. ആയിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മ നവീകരണത്തിന് ശിലപാകി. ചുറ്റുമതിലും മറ്റു നവീകരണപ്രവർത്തനങ്ങളും നടത്തി നാട്ടുകാർക്ക് സമർപ്പിച്ചിരുന്നു.

തുടർന്നുവന്ന പഞ്ചായത്ത് ഭരണസമിതി അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ സ്റ്റേഡിയം നാശത്തിന്റെ വക്കിലായി. സ്റ്റേഡിയത്തിനുള്ളിൽ മൂന്ന് കുഴൽക്കിണറുകൾ നിർമിച്ചെങ്കിലും ഒന്നുപോലും ഫലപ്രദമായില്ല.

തൃക്കടവൂർ മേഖല കൊല്ലം കോർപ്പറേഷനിൽ ലയിപ്പിച്ചതോടെ സ്റ്റേഡിയം നാഥനില്ലാകളരിയായെന്നാണ് നാട്ടുകാർ പറയുന്നത്. ചുറ്റുമതിലിന്റെ മിക്ക ഭാഗങ്ങളും തകർന്നു. തകർന്ന സ്റ്റേഡിയത്തിൽ ദിവസവും പരിശീലനത്തിനായി വിദ്യാർഥികളടക്കം ഒട്ടേറെപ്പേർ ഇപ്പോഴും എത്തുന്നുണ്ട്‌. കാടുമൂടി, ചെളിക്കളമായ മൈതാനത്ത്‌ സുഗമമായി പരിശീലനം നടത്താൻ പറ്റാത്ത അവസ്ഥയാണ്.

ഇതിനിടെ കോർപ്പറേഷൻ അധികൃതർ ലക്ഷങ്ങൾ ചെലവാക്കി മാലിന്യസംഭരണത്തിനു രണ്ട് വേസ്റ്റ് ബിന്നുകൾ സ്റ്റേഡിയത്തിൽ സ്ഥാപിച്ചു. എന്നാൽ അവയും കാടുമൂടി കാണാൻ സാധിക്കാത്തനിലയിലാണ്. കാട്ടിനുള്ളിൽനിന്ന് രണ്ട് ബിന്നുകളും നീക്കം ചെയ്ത്‌ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

പുതിയ സർക്കാരും കോർപ്പറേഷൻ ഭരണസമിതിയും ഇടപെട്ട്‌ സ്റ്റേഡിയം നവീകരിച്ച് കായികപ്രേമികൾക്ക് ഉപയുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.