തെന്മല ഇക്കോടൂറിസത്തിൽ ബോട്ടിങ് പുനരാരംഭിച്ചു

തെന്മല : ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂർത്തിയായതോടെ തെന്മല ഇക്കോടൂറിസത്തിൽ ബോട്ടിങ് പുനരാരംഭിച്ചു. മൂന്നുവർഷം കൂടുമ്പോഴുള്ള ഡ്രൈ ഡോക്ക് പരിശോധനയ്ക്കുവേണ്ടി കഴിഞ്ഞ മാസമാണ് ശെന്തുരുണി, ഉമയാർ, പാലരുവി ബോട്ടുകൾ സർവീസ് താത്കാലികമായി നിർത്തിവെച്ചത്.

ചീഫ് സർവേയർ ഓഫ് കേരള പോർട്ട് ഉദ്യോഗസ്ഥർ ബോട്ടിന്റെ അടിഭാഗമുൾപ്പെടെ പരിശോധിച്ചിരുന്നു. ചായം പൂശി, ബോട്ടിനുള്ളിലെ സീറ്റ് വൃത്തിയാക്കുന്ന ജോലിയുൾപ്പെടെ പൂർത്തിയാക്കിയാണ് ബോട്ടുകൾ വീണ്ടും കഴിഞ്ഞദിവസം വെള്ളത്തിലിറക്കിയത്.

കല്ലട അണക്കെട്ടിനുള്ളിൽ പള്ളംവെട്ടി എർത്ത് ഡാമിലുള്ള അരമണിക്കൂറത്തെ ബോട്ടിങ് ഇക്കോടൂറിസത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. 629 രൂപയുടെ പാക്കേജ് ടിക്കറ്റെടുക്കുന്നവർക്ക് ബോട്ടിങ്ങിനു പുറമേ അഡ്വഞ്ചർ സോൺ, തൂക്കുപാലമുൾപ്പെടുന്ന ലെഷർ സോൺ, ചിത്രശലഭ സഫാരിപാർക്ക്, മാൻ പാർക്ക് ഉൾപ്പെടെയുള്ളവ ആസ്വദിക്കാനാകും. 23 പേരെ ഉൾക്കൊള്ളാവുന്ന രണ്ട്‌ ബോട്ടുകളും എട്ടുപേർക്ക് യാത്രചെയ്യാവുന്ന ഒരു ബോട്ടുമാണ് സർവീസ് നടത്തുന്നത്.