അറ്റകുറ്റപ്പണിയില്ല; എം.സി. റോഡിൽ ടാറിങ് ഇളകി അപകടമേഖലയാകുന്നു

ചടയമംഗലം : എം.സി. റോഡിൽ പലസ്ഥലത്തും ടാറിങ് ഇളകി പാത നാശമായി. പാതയുടെ നിർമാണച്ചുമതലയുള്ള കെ.എസ്.ടി.പി. റോഡിന്റെ അറ്റകുറ്റപ്പണി യഥാസമയം നടത്താത്തത് പ്രതിഷേധത്തിനിടയാക്കി. നിലമേൽ പുതുശ്ശേരി പെട്രോൾ പമ്പിന് സമീപം പാതയിലെ ടാറിങ് തകർന്നു. പുതുശ്ശേരി ഇറക്കത്ത് പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ കൂനയായി ഇട്ടിരിക്കുന്നതും യാത്ര ദുർഘടമാക്കി. ഓടകളടഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്.
ശബരിഗിരി സ്കൂളിന്റെ ഭാഗത്തും സ്ഥിതി മോശമാണ്. കാരോട് റോഡിൽനിന്നു പ്രവഹിക്കുന്ന വെള്ളം എം.സി. റോഡിലേക്ക് കയറിയാണ് ഭീഷണി ഉണ്ടാകുന്നത്. മുരുക്കുമൺ ഭാഗത്തെ സിഗ്നൽ ബോർഡുകൾ മാറ്റിയത് പുനഃസ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. പുതുശ്ശേരി, മുരുക്കുമൺ പാതയിലെ സീബ്രാലൈൻവരെ കാടുവളർന്നതും ഭീഷണിയായിട്ടുണ്ട്.
നിലമേലിനും ആയൂരിനും ഇടയിലുള്ള വാഹനഗതാഗതം കനത്ത ഭീഷണി ഉയർത്തിയിട്ടും കെ.എസ്.ടി.പി. പാത നവീകരണത്തിൽ ശ്രദ്ധിക്കുന്നില്ല. ലോകനിലവാരത്തിൽ നിർമിച്ചതെന്ന് കൊട്ടിഘോഷിച്ച പാതയ്ക്കാണ് ഈ ദുർഗതി. ബസ്ബേ, കാത്തിരിപ്പുകേന്ദ്രം, ശൗചാലയ സൗകര്യം, ഉദ്യാനം തുടങ്ങി പ്രഖ്യാപിച്ച പരിഷ്കരണവും നടപ്പായില്ല.
ഏറ്റവും ഒടുവിൽ ബ്ലാക് സ്പോട്ടുകളിൽ ഗതാഗതപരിഷ്കരണം വാഗ്ദാനം ചെയ്തതും പാളുകയായിരുന്നു. ചടയമംഗലം ഭാഗത്തെ പാതയോരം നന്നാക്കുന്നതിന് പ്രാഥമിക നടപടി തുടങ്ങിയതും ഫലം കണ്ടില്ല.
തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായതോടെ പാത ഇരുട്ടിലായി അപകടസാധ്യത വർധിപ്പിച്ചു. നൂറുകണക്കിന് വാഹനങ്ങളും അസംഖ്യം യാത്രക്കാരും സഞ്ചരിക്കുന്ന പാതയാണ് അപകടമേഖലയായി മാറുന്നത്.
അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവും ഗതാഗതനിയമം ലംഘിച്ചുള്ള വാഹനം ഓടിക്കലും വർധിക്കുമ്പോഴാണ് പാതയുടെ ശ്യോച്യാവസ്ഥ വില്ലനാകുന്നത്. കെ.എസ്.ടി.പി.യുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.