പത്തേക്കർ-ഡാം പാതയിലെ മരം അപകടഭീഷണിയെന്ന് പരാതി

തെന്മല : പത്തേക്കർ-ഡാം പാതയിൽ റോഡിലേക്ക് അപകടകരമായി ചരിഞ്ഞുനിൽക്കുന്നമരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെ മുന്നിലായാണ് കൂറ്റൻ മരം നിൽക്കുന്നത്.‌

മരത്തിൻെറ വലിയൊരുശിഖരം ഉണങ്ങിനിൽക്കുകയാണ്. ശെന്തുരുണി ഇക്കോ ടൂറിസത്തിലുൾപ്പെടെ എത്തുന്ന ഒട്ടേറെ സഞ്ചാരികൾ ഈഭാഗത്താണ് വാഹനംനിർത്തുന്നത്.

കൂടാതെ തെന്മല ഇക്കോ ടൂറിസം, കല്ലട അണക്കെട്ടുൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പാതയിൽകൂടി നൂറുകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി യാത്രചെയ്യുന്നത്. റോഡിൻെറ മറുവശത്ത് വ്യാപാരസ്ഥാപനങ്ങളും വീടുകളുമുണ്ട്.

മരം കടപുഴകിയാൽ വൻ അപകടമായിരിക്കും ഉണ്ടാകുന്നതെന്നും അതിനാൽ അടിയന്തരമായി മുറിച്ചുമാറ്റണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.