പുനലൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമാണം ഡിസംബറിനുള്ളിൽ

രണ്ടാംഘട്ടത്തിന് പദ്ധതി സമർപ്പിച്ചു
മണ്ഡലകാലത്ത് പ്രത്യേക സർവീസ്
പുനലൂർ : ‘അമൃത്’ പദ്ധതിയിലുൾപ്പെടുത്തി 2023-24 വർഷത്തിൽ പുനലൂർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച പുനർനിർമാണപ്രവൃത്തികളുടെ ആദ്യഘട്ടം ഡിസംബർ 31-നുള്ളിൽ പൂർത്തിയാക്കും.മധുര റെയിൽവേ ഡിവിഷണൽ മാനേജർ(ഡി.ആർ.എം.) ഓംപ്രകാശ് മീണ, സേഫ്റ്റി പ്രോജക്ട് ചീഫ് എൻജിനിയർ രാജേഷ് കുമാർ തുടങ്ങിയ ഉന്നതോദ്യോഗസ്ഥരുമായി വ്യാഴാഴ്ച രാവിലെ പുനലൂർ സ്റ്റേഷനിൽ നടത്തിയ ചർച്ചയ്ക്കുശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചതാണ് ഇക്കാര്യം.
ആറുകോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾക്കുള്ള പദ്ധതി ദക്ഷിണ റെയിൽവേക്ക് സമർപ്പിച്ചുകഴിഞ്ഞതായും അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാണമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
11.03 കോടി രൂപയുടെ ആദ്യഘട്ടം പൂർത്തിയാക്കുന്നതിൽ ഗുരുതരമായ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് ഡി.ആർ.എമ്മിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നതെന്ന് എം.പി. പറഞ്ഞു.
പുതിയ പ്രവേശനകവാടം, വാഹന പാർക്കിങ് സൗകര്യം, ശീതീകരിച്ചതുൾപ്പെടെ രണ്ട് കാത്തിരിപ്പുമുറികൾ, രണ്ടു വിശ്രമമുറികൾ തുടങ്ങിയവയുടെ നിർമാണം, പ്ലാറ്റ്‌ഫോമിന്റെ നീളംകൂട്ടൽ തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ രണ്ടാം പ്രവേശനകവാടം, റോഡ്, നടപ്പാലത്തിന്റെ വികസനം, വാഹന പാർക്കിങ് സൗകര്യം, ടിക്കറ്റ് കൗണ്ടർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പുനലൂർ നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാലും പൊതുപ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിലെ മറ്റു പ്രധാന തീരുമാനങ്ങൾ
പുനലൂർ സ്റ്റേഷനിൽ മൂന്നാം പാളം നിർമിക്കുന്നതിന് സാധ്യതാപഠനം നടത്തും. റെയിൽവേ പോലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പദ്ധതി സമർപ്പിക്കും.
ശബരിമല തീർഥാടകർക്കായി പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക സർവീസ് ആരംഭിക്കും.
കൊല്ലം-ചെങ്കോട്ട പാതയിൽ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും മധ്യേ പാസഞ്ചർ/ മെമു തീവണ്ടികൾ ഓടിക്കാനുള്ള പദ്ധതി റയിൽവേ ബോർഡിന് സമർപ്പിക്കും.
കൊല്ലം-ചെങ്കോട്ട പാതയിലെ മുഴുവൻ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമിന്റെ നീളവും ഉയരവും കൂട്ടാനുള്ള പ്രവൃത്തി 2027 ജൂലായിൽ പൂർത്തീകരിക്കും. ഒറ്റക്കൽ, കഴുതുരുട്ടി, ഇടപ്പാളയം സ്റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെടുത്തും.
പ്ലാറ്റ്‌ഫോം വികസനം പൂർത്തിയായാൽ തീവണ്ടികളിൽ കോച്ചുകൾ വർധിപ്പിക്കും.
അടുത്ത മാസം എട്ടിന് ചർച്ച
കൊല്ലം-ചെങ്കോട്ട റെയിൽപ്പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായി അടുത്ത മാസം എട്ടിന് ചെന്നൈയിൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് എം.പി. അറിയിച്ചു. പാതയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ജനറൽ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തും.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽവേ ആരംഭിച്ച ആഡംബര കോച്ചുകളായ വിസ്റ്റാഡോം കോച്ച് പാതയിൽ അനുവദിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് എം.പി. പറഞ്ഞു. 2014 മുതൽ ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടുവരികയാണെന്നും അനുവദിച്ചാൽ സുതാര്യമായ ചില്ലുകൊണ്ടു നിർമിച്ച, വലിയ ജനാലകളോടുകൂടിയ വിസ്റ്റാഡോം കോച്ചിലിരുന്ന് യാത്രക്കാർക്ക് പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനുള്ള ശുപാർശ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ടെന്നും പദ്ധതി നടപ്പായാൽ കിഴക്കൻമേഖലയുടെ വിനോദസഞ്ചാരസാധ്യത വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.