ചിങ്ങേലി കുളത്തിൽ നീന്തൽപരിശീലന കേന്ദ്രം; വാഗ്ദാനം പായൽ മൂടി

കടയ്ക്കൽ : ചിങ്ങേലി കുളം നവീകരിച്ച് നീന്തൽ പരിശീലനത്തിന് സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. ഇതിനായുള്ള പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. വിശാലമായ കുളം പായൽ മൂടി നാശത്തിലാണ്.

സംസ്ഥാന ബജറ്റിൽ ഉൾപ്പെടെ പലതവണ ചിങ്ങേലി കുളത്തെ ആധുനിക സൗകര്യങ്ങളുള്ള നീന്തൽ പരിശീലന കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി നേര​േത്ത ഒരുകോടി

രൂപയും അനുവദിച്ചിരുന്നു. എന്നാൽ അതിന് തുടർനടപടികളുണ്ടായില്ല. അധികൃതർ

ഈ ആവശ്യത്തിനുമുന്നിൽ മുഖം തിരിക്കുന്നതിൽ കായികപ്രേമികൾക്ക് കടുത്ത അമർഷമുണ്ട്. കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലാണ് കുളം സ്ഥിതിചെയ്യുന്നത്. ചിങ്ങേലി കുളത്തിന് ആവശ്യത്തിന് ആഴം, പരപ്പ്, വെള്ളം എന്നിവ കൂടാതെ വിശാലമായ പരിസരവുമുണ്ട്.

നല്ലൊരു നീന്തൽക്കുളമായി ഉയർത്താവുന്ന സൗകര്യങ്ങളെല്ലാമുണ്ടായിട്ടാണ് അധികൃതരുടെ അവഗണന തുടരുന്നത്. നീന്തൽ പരിശീലനസൗകര്യം ഒരുക്കിയാൽ കിഴക്കൻ മേഖലയിലുള്ളവർക്ക് പ്രയോജനകരമാകും. പായൽ നിറഞ്ഞ കുളത്തിൽ മദ്യക്കുപ്പി ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നു. മുൻകാലങ്ങളിൽ പായൽ മൂടുമ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ പലതവണ കുളം വൃത്തിയാക്കിയിരുന്നു.

മേഖലയിലെ നെല്ലറയായിരുന്ന വെള്ളൂര്‌ ഏലായിലെ കൃഷിയാവശ്യങ്ങൾക്കായി നൂറ്റാണ്ടുമുൻപാണ് ചിങ്ങേലി കുളം നിർമിച്ചത്. നെൽക്കൃഷി നിലച്ചത് കുളത്തിന്റെ നാശത്തിന് കാരണമായി. പിന്നീട് കുളിക്കാനും നനയ്ക്കുന്നതിനും നാട്ടുകാർ ഉപയോഗിച്ചിരുന്നു. കുളം ക്രമേണ പായൽ മൂടി. പടവുകൾ ഇടിഞ്ഞു. ഏറെനാളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.

പഞ്ചായത്തുകൾ സഹകരിച്ചുള്ളനടപടി വേണം

ആധുനിക നീന്തൽക്കുള നിർമാണത്തിന് കുമ്മിൾ, കടയ്ക്കൽ പഞ്ചായത്തുകൾ സഹകരിച്ചുള്ള നടപടികളുണ്ടാകണമെന്നതാണ് ആവശ്യം.

സർക്കാർ ഫണ്ടും ജില്ലാപഞ്ചായത്ത് ഫണ്ടും ഇതിനായി പ്രയോജനപ്പെടുത്തണം. ഇവിടെയുള്ള പരിമിതമായ സൗകര്യത്തിൽ നീന്തൽ പഠിച്ച് സർക്കാർജോലി നേടിയവരുമുണ്ട്.