വെളിച്ചം തേടി തെരുവുവിളക്കുകൾ; ഇരുട്ടിലാണു പട്ടണം

കൊട്ടാരക്കര : കൊട്ടാരക്കര നഗരത്തിന്റെ പലഭാഗത്തും വൈദ്യുതി പോയാലും ഇല്ലെങ്കിലും ഒരുപോലെയാണ്. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ കറന്റ് കട്ട് ഇവിടെ പ്രശ്നമമല്ല. എസ്.സി. എസ്.ടി. അതിവേഗക്കോടതി, ഡിവൈ.എസ്.പി. ഓഫീസ്, ഡയറ്റ്, ബോയിസ് ഹൈസ്കൂൾ, പോലീസ് സ്റ്റേഷൻ, ഗേൾസ് ഹൈസ്കൂൾ, നഴ്‌സിങ് കോളേജ് തുടങ്ങി പ്രധാനപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നിടങ്ങളിലേക്കുള്ള റോഡും പരിസരവും രാത്രിയിൽ പൂർണമായും ഇരുട്ടിലാണ്. വാഹനങ്ങൾ കടന്നുപോകുന്ന പ്രകാശവും സമീപത്തെ സ്ഥാപനങ്ങളിലെ പ്രകാശവുമല്ലാതെ ഇവിടെ മറ്റു വെളിച്ചമില്ല.
കോടതിക്കും ഡിവൈ.എസ്.പി. ഓഫീസിനും സമീപംതന്നെയാണ് സിവിൽ സ്റ്റേഷനും. മുൻപ് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത് ഇവിടെ ആയിരുന്നു. ഇങ്ങനെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ രാത്രിക്കൊപ്പം ഇരുട്ടുമൂടിക്കിടക്കുന്നു. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയെച്ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ വാക്കേറ്റങ്ങളും ഇറങ്ങിപ്പോക്കലുകളും നടന്നിരുന്നു. നഗരസഭയിലെ ഓണാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചതുപോലും തെരുവുവിളക്കുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു.
പ്രതിഷേധങ്ങൾ മുറയ്ക്കു നടന്നിട്ടും പരിഹാരം മാത്രം ഉണ്ടായില്ല. വാർഷികപദ്ധതി അംഗീകരിക്കുന്നതിലുണ്ടായ താമസവും പദ്ധതിവിഹിതം വെട്ടിക്കുറച്ചതും നഗരസഭയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം. വെട്ടിക്കുറച്ച പദ്ധതിവിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ പ്രമേയവും പാസാക്കിയിരുന്നു. തകരാറിലായ ഉയരവിളക്കുകളും തെരുവുവിളക്കുകളും നന്നാക്കിത്തുടങ്ങിയെന്ന് സ്ഥിരംസമിതി അധ്യക്ഷൻ എസ്.ആർ. രമേശ് പറയുന്നു. വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചതിനാൽ തെരുവുവിളക്ക് അറ്റകുറ്റപ്പണിക്ക് പുതിയ കരാർ വിളിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽതന്നെ നഗരത്തിലെ വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.