ബ്ലും ബ്ലും മരം! ലിക്വിഡ് ട്രീ എന്നൊരു മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

മണ്ണിൽ നട്ടുപിടിപ്പിക്കാത്ത, ഇലകളില്ലാത്ത, വെള്ളം നിറച്ച ഒരു പെട്ടി പോലുള്ള ലിക്വിഡ് ട്രീ അഥവാ ദ്രവമരങ്ങൾ. നഗരങ്ങളിൽ വലിയ മരങ്ങൾ നട്ടുപിടിപ്പിക്കാൻ സ്ഥലമുവുണ്ടാവില്ല. ഇതിനൊരു പരിഹാരമായാണ് ശാസ്ത്രജ്ഞർ 'ലിക്വിഡ് ട്രീ' കണ്ടുപിടിച്ചത്.
വെള്ളം നിറച്ച ഒരു പ്രത്യേക തരം ടാങ്കാണിത്. ഈ വെള്ളത്തിൽ കോടിക്കണക്കിന് മൈക്രോആൽഗേ എന്ന കുഞ്ഞൻ പായലുകളുണ്ട്.
അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് വാതകത്തെ ഈ കുഞ്ഞൻ പായലുകൾ ആഹാരമാക്കും. പകരമായി നമുക്ക് ശ്വസിക്കാൻ ആവശ്യമായ നല്ല ഒന്നാന്തരം ഓക്സിജൻ പുറത്തുവിടുകയും ചെയ്യും.
പകൽ സമയത്ത് സൂര്യപ്രകാശം ഉപയോഗിച്ചാണ് ഇവ വായു ശുദ്ധീകരിക്കുന്നത്. രാത്രിയിൽ ഇതിലുള്ള സോളാർ ലൈറ്റുകൾ പായലുകൾക്ക് വെളിച്ചം നൽകും. അങ്ങനെ ഇവ 24 മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കുന്നു.
ഒരു ചെറിയ ലിക്വിഡ് ട്രീ ചെയ്യുന്ന ജോലി ചെയ്യണമെങ്കിൽ സാധാരണ 20 അല്ലെങ്കിൽ 25 വലിയ മരങ്ങൾ വേണം!
Content Highlights: Liquid trees are water-filled tanks containing millions of microalgae designed for urban spaces