പ്രാചീനകാലംമുതൽതന്നെ ലോകശ്രദ്ധ നേടിയ മലബാറിന്റെ ചരിത്രകൗതുകങ്ങൾ

സൈമൺ ഗോ ബാക്ക്
1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ പ്രവർത്തനം വിലയിരുത്താനും ഭരണഘടനാപരിഷ്‌കാരങ്ങൾ നിർദേശിക്കാനുമായി 1927-ൽ ബ്രിട്ടീഷ് സർക്കാർ നിയമിച്ച ഏഴംഗസംഘമാണ് സൈമൺ കമ്മിഷൻ. സർ ജോൺ സൈമൺ അധ്യക്ഷനായ ഈ കമ്മിഷനിൽ ഇന്ത്യൻ അംഗങ്ങൾ ആരും ഇല്ലാതിരുന്നതിനാൽ 'സൈമൺ ഗോ ബാക്ക്' മുദ്രാവാക്യവുമായി ഇന്ത്യയിലുടനീളം ശക്തമായ ബഹിഷ്‌കരണം നടന്നു.
മലബാറിലെ സമരം
1927 ഡിസംബർ ഒന്നിന് ടൗൺഹാളിൽ ഒരു പ്രതിഷേധയോഗം കൂടിക്കൊണ്ടാണ് നഗരത്തിലെ സമരം തുടങ്ങിയത്. ആവേശത്തോടെ ജനങ്ങൾ ഒന്നിച്ചെത്തിയ ഈ യോഗത്തിന് നേതൃത്വം കൊടുത്തത് യു. ഗോപാല മേനോൻ, കെ. മാധവൻ നായർ, മഞ്ചേരി രാമയ്യർ, പി. രാമുണ്ണി മേനോൻ തുടങ്ങിയവരാണ്. 1928 ജനുവരിയിൽ കണ്ണൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിലും സമാനമായ സമരങ്ങൾ തുടങ്ങാൻ തീരുമാനിച്ചു. ഇതോടെ, മലബാറിലാകെ രാഷ്ട്രീയമുന്നേറ്റങ്ങൾക്ക് തുടക്കമായി. കമ്മിഷൻ ഇന്ത്യയിലെത്തിയ 1928 ഫെബ്രുവരി മൂന്നിന് കോഴിക്കോട് നഗരത്തിലെ വിദ്യാർഥികൾ വിദ്യാലയങ്ങൾ ബഹിഷ്‌കരിച്ചും വക്കീലന്മാർ കോടതികളിൽ പോകാതെയും കച്ചവടക്കാർ കടകളടച്ചും കറുത്ത കൊടികളും ദേശീയപതാകയും നഗരമാകെ ഉയർത്തിയും, അന്നോളം നഗരം കണ്ടിട്ടില്ലാത്ത ഹർത്താലും ജാഥകളും സംഘടിപ്പിച്ചു.
കോഴിക്കോട്ടെ പൊതുജനങ്ങൾ
''ബ്രിട്ടീഷ് കമ്മിഷനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു'' എന്ന് പറഞ്ഞുകൊണ്ട് കോഴിക്കോട്ടെ പൊതുപ്രവർത്തകരെന്ന് പറയുന്ന ഒരു ബ്രിട്ടീഷ് അനുകൂലസംഘം അന്ന് പൊതുയോഗങ്ങൾ നടന്നിരുന്ന പാറൻ സ്‌ക്വയറിൽ ഒരു യോഗം സംഘടിപ്പിച്ചു. യോഗം തുടങ്ങുന്നതിന് ഏതാനും മിനിറ്റുകൾക്കുമുൻപ് മഞ്ചേരി രാമയ്യർ, കെ. മാധവൻ നായർ, പി.കെ. കുഞ്ഞിശങ്കര മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം ജനങ്ങൾ ഈ മീറ്റിങ്ങിലേക്ക് ജാഥയായി പ്രവേശിച്ചുകൊണ്ട് എല്ലാ സീറ്റുകളും കൈയടക്കി. 'കോഴിക്കോട്ടെ പൊതുജനങ്ങൾ' എന്ന പേരിൽ ഒരു തീരുമാനവും എടുക്കില്ലെന്നും, ഇതൊരു സ്വകാര്യസമ്മേളനം മാത്രമാണെന്നും സംഘാടകർ പറഞ്ഞതോടെ 'സൈമൺ ഗോ ബാക്ക്', 'ബോയ്കോട്ട് സൈമൺ കമ്മിഷൻ', 'മഹാത്മാഗാന്ധി കീ ജയ്', തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധക്കാർ തിരിച്ചുപോയി.
ബ്രിട്ടീഷ് ഭരണത്തെ വകവയ്ക്കാതെ മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിൽ കറുത്ത പതാക കെട്ടിയും സമ്മേളനങ്ങളിൽ സൈമൺ കമ്മിഷനെ ബഹിഷ്‌കരിക്കുന്ന പ്രമേയങ്ങൾ പാസാക്കിയും, പൊതുജനങ്ങളും നേതാക്കളും ബഹിഷ്‌കരണപ്രസ്ഥാനത്തെ കോഴിക്കോടൻ മാതൃകയിൽ വിപുലീകരിച്ചു. ഈ ആവേശമാണ് കോഴിക്കോട് നഗരത്തെ പ്രധാന രാഷ്ട്രീയസമരങ്ങളുടെ വേദിയാക്കിയത്. ഒന്നാം ലോകയുദ്ധകാലത്ത് ആരംഭിച്ച നഗരത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത പൂർണമായി വളർച്ചയിലെത്തിയത് സൈമൺ ബഹിഷ്‌കരണ സമരകാലത്താണെന്ന് പറയാം.
സൈമൺ തിരികെ പോ
രാജ്യത്താകമാനം ആത്മവിശ്വാസത്തോടെ ജനങ്ങൾ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരേ അണിനിരക്കാൻ തുടങ്ങിയത് സൈമൺബഹിഷ്‌കരണ സമരത്തോടെയാണ്. ഈ സമരം ബ്രിട്ടീഷ് മലബാറിനെയും, വിശേഷിച്ച് അതിന്റെ തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് നഗരത്തെയും ഇളക്കിമറിച്ചു. മലബാർകലാപത്തെ അതിക്രൂരമായി അടിച്ചമർത്തിയപ്പോൾ നിശ്ശബ്ദമായിപ്പോയ പൊതുവിടം, കോളനിവാഴ്ചയ്ക്കെതിരേ ശബ്ദിക്കാൻ തുടങ്ങിയത് ഈ സമരത്തോടെയാണ്. സൈമൺ ഗോബാക്കിന് പകരം 'സൈമൺ പോ പോ' എന്ന മുദ്രാവാക്യമാണ് കവികളും എഴുത്തുകാരും ഇക്കാലത്ത് തത്തുല്യ മലയാള പദമായി ഉപയോഗിച്ചത്.
Content Highlights: Historical significance of the 1927-1928 Simon Commission boycott in Malabar., Role of key leaders like U. Gopala Menon and K. Madhavan Nair in organizing protests., The transition of Kozhikode into a center for political activism and anti-colonial sentiment., Documentation of the 'Simon Go Back' movement's impact on local political consciousness.