ഭരണവും ഭരണപരിഷ്‌കാരങ്ങളും: അറിയാം നമ്മുടെ ഭരണസംവിധാനത്തെക്കുറിച്ച്

#ടി.ഷാഹുല്‍ ഹമീദ്

എന്താണ് ഭരണം?
'നയിക്കുക' അല്ലെങ്കിൽ 'കാര്യങ്ങൾ നിയന്ത്രിച്ചു നടത്തുക' എന്നാണ് ഭരണം എന്നതുകൊണ്ട് അർഥമാക്കുന്നത്. ലാറ്റിൻ പദമായ 'Administrare' (സേവിക്കുക അല്ലെങ്കിൽ ശുശ്രൂഷിക്കുക) എന്നതിൽനിന്നാണ് 'അഡ്മിനിസ്ട്രേഷൻ' എന്ന വാക്കുണ്ടായത്. ലളിതമായി പറഞ്ഞാൽ, ഒരു രാജ്യത്തെ നിയമങ്ങൾ നടപ്പിലാക്കാനും പൊതുജനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസം, ചികിത്സ, സുരക്ഷ, റോഡുകൾ, കുടിവെള്ളം തുടങ്ങിയ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാനും സർക്കാരും അതിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന ഏകോപിതമായ പ്രവർത്തനങ്ങളെയാണ് ഭരണം എന്നുവിളിക്കുന്നത്. കേവലം അധികാരം പ്രയോഗിക്കൽ മാത്രമല്ല ഭരണം.

സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർത്തുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക

രാജ്യത്ത് നീതിയും ന്യായവും സമാധാനവും പുലർത്തുക.

നാടിന്റെ സമ്പത്തും വിഭവങ്ങളും എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുക.

പൗരരുടെ ആവശ്യങ്ങൾ വേഗത്തിലും സുതാര്യമായും നിർവഹിച്ചുനൽകുക.

ഭരണത്തിന്റെ തൂണുകൾ:
ഒരു ജനാധിപത്യഭരണസംവിധാനം പ്രധാനമായും നാലുതൂണുകളിലാണ് നിലനിൽക്കുന്നത്:

നിയമനിർമാണ സഭ (ലെജിസ്ലേച്ചർ): ജനങ്ങൾക്കായി നിയമങ്ങളും നയങ്ങളും നിർമിക്കുന്നു.

നിർവഹണവിഭാഗം (എക്സിക്യുട്ടീവ്): സിവിൽ സർവീസിൽ ഉൾപ്പെടുന്ന ഈ വിഭാഗം നയങ്ങൾ പ്രയോഗവത്കരിക്കുന്നു.

നീതിന്യായവിഭാഗം (ജുഡീഷ്യറി): ഭരണഘടനാ സംരക്ഷണവും നീതിയും ഉറപ്പാക്കുന്നു.

മാധ്യമങ്ങൾ (മീഡിയ): ഭരണത്തിലെ സുതാര്യതയും ജനപ്രതികരണവും ഉറപ്പുവരുത്തുന്ന ജനാധിപത്യത്തിന്റെ നാലാം തൂൺ.

ഭരണപരിഷ്‌കാരം
കാലം മാറുന്നതിനനുസരിച്ച് പഴയ നിയമങ്ങൾക്കും ഭരണരീതികൾക്കും മാറ്റം വരുത്തുന്നതിനെയാണ് ഭരണപരിഷ്‌കാരം എന്നുപറയുന്നത്. ചുവപ്പുനാട ഒഴിവാക്കാനും ഫയലുകൾ ഓഫീസുകളിൽ അനാവശ്യമായി വൈകുന്നത് തടയാനും അഴിമതി ഇല്ലാതാക്കാനും ഭരണത്തിൽ സുതാര്യത കൊണ്ടുവരാനും പരിഷ്‌കാരം ആവശ്യമാണ്. പേപ്പർഫയലുകൾക്കുപകരം 'ഇ-ഓഫീസ്' (e-Office), മൊബൈൽ ആപ്പുകൾ എന്നിവവഴി കാര്യങ്ങൾ എളുപ്പമാക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും ഭരണപരിഷ്‌കാരങ്ങൾ അനിവാര്യമാണ്. ആഗോളമാതൃകകൾ ഉൾക്കൊണ്ടുകൊണ്ട്, സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി, സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കെട്ടിപ്പടുക്കാൻ ഭരണപരിഷ്‌കാരങ്ങൾ ആവശ്യമാണ്.

ഭരണരീതികളും മാതൃകകളും
ലോകത്തിൽ വിവിധ കാലഘട്ടങ്ങളിൽ നിലനിന്നിരുന്നതും നിലവിലുള്ളതുമായ പ്രധാന ഭരണരീതികൾ താഴേ പറയുന്നവയാണ്:

ജനാധിപത്യ ഭരണം
''ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി, ജനങ്ങൾ നടത്തുന്ന ഭരണം.'' ജനാധിപത്യത്തിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഭരണം നടത്തുന്നത്.

ബ്യൂറോക്രാറ്റിക് മാതൃക
പ്രശസ്ത ചിന്തകനായ മാക്സ് വെബർ (Max Weber) അവതരിപ്പിച്ചത്. കൃത്യമായ ഭരണശ്രേണിയും കർശനമായ നിയമങ്ങളും ഉദ്യോഗസ്ഥ ഭരണവുമുള്ള രീതിയാണിത്.

ന്യൂ പബ്ലിക് മാനേജ്‌മെന്റ്
1980-കളിൽ ഉയർന്നുവന്ന മാതൃക. സ്വകാര്യ മേഖലയിലെ കാര്യക്ഷമതയും വേഗവും മത്സരബോധവും പൊതുഭരണത്തിൽ കൊണ്ടുവരുന്ന രീതിയാണിത്.

ഗുഡ് ഗവേണൻസ് / നല്ല ഭരണം
സുതാര്യത, ജനപങ്കാളിത്തം, ഉത്തരം പറയാനുള്ള ബാധ്യത, നീതി എന്നിവ അടിസ്ഥാനമാക്കിയുള്ള ഭരണരീതി.

ഇ-ഗവേണൻസ്
ഇന്റർനെറ്റും കംപ്യൂട്ടറും ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ ഓൺലൈനായി അതിവേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന ആധുനികരീതി.

കേരളത്തിലെ ഭരണപരിഷ്‌കാര കമ്മിഷനുകൾ
കേരളത്തിൽ ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനായി വിവിധ കാലഘട്ടങ്ങളിൽ പ്രധാനപ്പെട്ട ഭരണപരിഷ്‌കാരകമ്മിഷനുകൾ രൂപവത്കരിച്ചിട്ടുണ്ട്:

ഒന്നാം ഭരണപരിഷ്‌കാരകമ്മിഷൻ (1957): ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ (മുഖ്യമന്ത്രി) നേതൃത്വത്തിൽ, പഞ്ചായത്തുതലത്തിൽ അധികാരത്തിന്റെ വികേന്ദ്രീകരണത്തിന് അടിത്തറയിടുകയും ജില്ലാഭരണകൂടത്തെ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും തീരുമാനമെടുക്കുകയും ചെയ്തു.

രണ്ടാം ഭരണപരിഷ്‌കാരകമ്മിഷൻ (1965): എം.കെ. വെള്ളോടിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും ട്രെയിനിങ്ങും വർധിപ്പിക്കാൻ നടപടികൾ മുന്നോട്ടുവെച്ചു.

മൂന്നാം ഭരണപരിഷ്‌കാര കമ്മിഷൻ (1996): ഇ.കെ. നായനാരുടെയും തുടർന്ന് വി.പി. രാമകൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ ജനകീയാസൂത്രണം വിജയിപ്പിക്കാൻ ഭരണപരമായ പിന്തുണ നൽകി. ഓഫീസുകൾ കംപ്യൂട്ടറൈസ് ചെയ്യാനുള്ള നടപടികൾ ഈ കാലഘട്ടത്തിൽ ആരംഭിച്ചു.

നാലാം ഭരണപരിഷ്‌കാരകമ്മിഷൻ (2016): വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ വിജിലൻസ് അന്വേഷണങ്ങൾ സുതാര്യമാക്കാൻ നടപടികൾ സ്വീകരിച്ചു. ഇ-ഗവേണൻസും സേവനാവകാശനിയമവും ശക്തമാക്കിയതോടൊപ്പം വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും അനുയോജ്യമായ ഭരണരീതി സമർപ്പിച്ചു.

അഞ്ചാം ഭരണപരിഷ്‌കാരകമ്മിഷൻ (2026): 2026 ഒക്ടോബർ ഒന്നിനാണ് കേരളത്തിന്റെ അഞ്ചാം ഭരണപരിഷ്‌കാര കമ്മിഷൻ രൂപവത്കരിച്ചത്. കമ്മിഷന്റെ ചെയർമാനായി ഡോ. എം.കെ. മുനീറിനെയാണ് സംസ്ഥാന സർക്കാർ നിയമിച്ചിരിക്കുന്നത്.

Content Highlights: Definition and core pillars of public administration including legislature, executive, judiciary, and media.