ബുദ്ധവീഥിയിലെ കേരളം

#വി.രാധാകൃഷ്ണന്‍
എ.ഐ ചിത്രം
എ.ഐ ചിത്രം

ക്രിസ്തുവിനുമുൻപ്‌ മൂന്നാം ശതകത്തിൽ അശോകചക്രവർത്തിയുടെ കാലത്താണ് ബുദ്ധമതം കേരളത്തിലെത്തിയത്. ബുദ്ധമതസന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെപ്പറ്റി സംഘകാലകൃതികളിലും പരാമർശങ്ങളുണ്ട്. ചിതലൈ ചാത്തനാർ രചിച്ച പുരാതന തമിഴ്‌കൃതിയായ ‘മണിമേഖല’ തികച്ചും ഒരു ബൗദ്ധകാവ്യമാണ്. മണിമേഖലയിലെ നായികയായ മണിമേഖല ബുദ്ധമതം സ്വീകരിക്കുന്നതായാണ് പറയുന്നത്. 

കരുമാടിക്കുട്ടൻ
കൊല്ലം, ആലപ്പുഴ ജില്ലകളിൽ സ്ഥിതിചെയ്തിരുന്ന ബുദ്ധക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഇന്നും കാണാനാകും. അമ്പലപ്പുഴയ്ക്കടുത്ത് കരുമാടിയിലുള്ള കരുമാടിക്കുട്ടൻ എന്ന ബുദ്ധപ്രതിമ പ്രസിദ്ധമാണ്.
  ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ബുദ്ധമതതീർഥാടനകേന്ദ്രമായിരുന്നു ശ്രീമൂലവാസം. അമ്പലപ്പുഴയ്ക്കും തൃക്കുന്നപ്പുഴയ്ക്കും മധ്യേ സ്ഥിതിചെയ്തിരുന്ന കേന്ദ്രം കടൽക്ഷോഭത്തിൽപ്പെട്ട് നശിച്ചുപോവുകയായിരുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്ന് കണ്ടുകിട്ടിയ പ്രധാന രേഖകളിലൊന്നാണ് പാലിയം ശാസനം. ദേവവിഗ്രഹങ്ങൾ, ആറാട്ട്, ഉത്സവങ്ങൾ, കെട്ടുകാഴ്ച അഥവാ കുതിരകെട്ട് തുടങ്ങിയവ ബുദ്ധമതത്തിൽനിന്ന് വന്നുചേർന്നവയാണ്. അയ്യപ്പഭക്തരുടെ ശരണംവിളി ബുദ്ധമതത്തിലെ ശരണത്രയത്തെയാണ് ഓർമ്മിപ്പിക്കുന്നത്.

ബുദ്ധമതം അവശേഷിപ്പിച്ചത്...
ആയുർവേദചികിത്സയ്ക്ക് കേരളത്തിലുണ്ടായ പ്രചാരം ബുദ്ധമതത്തിന്റെ സംഭാവനയാണ്. ബൗദ്ധപണ്ഡിതനായ വാഗ്ഭടന്റെ അഷ്ടാംഗഹൃദയം എന്ന ആയുർവേദഗ്രന്ഥത്തിന് കൈവന്ന പ്രസിദ്ധിയും എടുത്തുപറയേണ്ടതുണ്ട്.
   കേരളത്തിലെ വിദ്യാഭ്യാസപ്രചാരണത്തിലും ബുദ്ധമതം മഹത്തായ പങ്കുവഹിച്ചു. ബുദ്ധവിഹാരങ്ങളോടുചേർന്ന് പാഠശാലകൾ പ്രവർത്തിച്ചിരുന്നു. വിദ്യാലയങ്ങൾക്കുള്ള എഴുത്തുപള്ളി എന്ന പേരുതന്നെ അവയ്ക്ക് ബുദ്ധമതവുമായുള്ള ബന്ധം വ്യക്തമാക്കുന്നു. ബുദ്ധവിഹാരങ്ങൾ പള്ളി എന്നാണറിയപ്പെട്ടിരുന്നത്. കലയിലും വാസ്തുവിദ്യയിലും സംഭവിച്ച ബുദ്ധമതസ്വാധീനത്തിന്റെ അവശേഷിപ്പുകൾ കേരളീയക്ഷേത്രങ്ങളിൽ ദൃശ്യമാണ്.
   മലയാളഭാഷയിലിടംനേടിയ പാലിപദങ്ങളുണ്ട്. പാലിഭാഷ സംസാരിച്ചിരുന്ന ബൗദ്ധരുമായി പഴയകാലത്ത് കേരളീയർക്കുണ്ടായിരുന്ന സമ്പർക്കത്തിന്റെ ഉദാഹരണമാണത്.
പുത്തൻ (ബുദ്ധൻ) പള്ളി, വള്ളി, വട്ടം, മറ്റം, കുന്നം, മംഗലം, ചേരി തുടങ്ങിയവ ചേർന്ന് രൂപപ്പെട്ട സ്ഥലനാമങ്ങളിലും ബൗദ്ധസ്വാധീനം കണ്ടെത്താനാകും.

സാഹിത്യത്തിൽ എങ്ങനെ?
ബുദ്ധമതം മലയാളകവികളെയും എഴുത്തുകാരെയും സ്വാധീനിച്ചിട്ടുണ്ട്. മഹാകവി കുമാരനാശാൻ രചിച്ച കരുണ, ചണ്ഡാലഭിക്ഷുകി, ശ്രീബുദ്ധചരിതം എന്നീ കാവ്യങ്ങൾ ഇതിനുദാഹരണമാണ്. ശ്രീബുദ്ധന്റെ ജീവിതം ആസ്പദമാക്കി ഇംഗ്ലീഷ് കവിയായ എഡ്വിൻ ആർനോൾഡ് രചിച്ച ‘ദ ലൈറ്റ് ഓഫ് ഏഷ്യ’ നാലപ്പാട്ട്‌ നാരായണമേനോൻ ‘പൗരസ്ത്യദീപം’ എന്നപേരിൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജർമൻ എഴുത്തുകാരനായ ഹെർമെൻ ഹെസ്സെ രചിച്ച ‘സിദ്ധാർഥ’ എന്ന നോവലിന് ഒട്ടേറെ മലയാളപരിഭാഷകളുണ്ടായിട്ടുണ്ട്.

Content Highlights: Explore the influence of Buddhism on Kerala`s culture, history, and language.