മരങ്ങളിൽ ബസ് സ്‌റ്റോപ്പും ജയിലുമോ? ബയോബാബ്:സാവന്നയിലെ കേരവൃക്ഷം

മരങ്ങളിൽ ബസ് സ്റ്റോപ്പും വീടുകളും ജയിലുമൊക്കെ ഉണ്ടാക്കുക, 3000 വർഷത്തോളം ആയുസ്സ്, പല പേരുകളിൽ അറിയപ്പെടുക, ആയിരക്കണക്കിന് ലിറ്റർ വെള്ളം തടിക്കുള്ളിൽ ശേഖരിക്കാൻ സാധിക്കുക... അത്തരം ഒരു അതിശയമരത്തിന്റെ തീരാത്ത അദ്ഭുതങ്ങൾ കേട്ടോളൂ...
മാമോത്ത് മരങ്ങൾ
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന മുട്ടൻ മരങ്ങളാണ് ബയോബാബ് (ബാവോബാബ്, ബോബാബ്, ബവോബാബ്, ബേബാബ് എന്നിങ്ങനെ പലരീതിയിൽ ഇവ വിളിക്കപ്പെടുന്നു). കാണാൻ വലിയ ഭംഗിയൊന്നുമില്ല. വളഞ്ഞുപുളഞ്ഞ ശാഖകൾ, കുറച്ചു മാത്രം ഇലകൾ, മഴക്കാലത്തുമാത്രമാണ് അല്പം പച്ച പിടിക്കുന്നത്. തടിച്ചുവീർത്ത തടിയുടെ പുറം മുഴുവൻ പുണ്ണ് പിടിച്ചതുപോലിരിക്കും. വേനൽക്കാലത്ത് ദൂരെനിന്ന് നോക്കിയാൽ ഇല പൊഴിഞ്ഞ് മുരടിച്ച മരക്കൊമ്പുകൾ വേരുപോലെ തോന്നും. ഒരു മരത്തിനെ വേരോടെ പറിച്ചെടുത്ത് തലകുത്തനെ നിർത്തിയ പോലുണ്ടാവും.
അറബിപദമായ ബുഹിബാബിൽനിന്നാണ് ഇതിന്റെ പേര് വന്നത്. അതിനർഥം 'ധാരാളം വിത്തുകളുള്ള ഫലം' എന്നാണ്. 'മാമോത്ത് മരങ്ങൾ' എന്നും ഇവയറിയപ്പെടുന്നു.
വമ്പൻ സംഭരണി
ജലദൗർലഭ്യമുള്ള സ്ഥലത്ത് വളരുന്ന ഈ മരത്തിന് വരൾച്ചയെ നേരിടാനുള്ള പല സംവിധാനങ്ങളുമുണ്ട്. വെള്ളം ശേഖരിക്കാനുള്ള സൗകര്യമാണ് പ്രധാനം. തായ് തടിക്ക് പത്തുമീറ്റർവരെ ചുറ്റളവുണ്ടാകും. അകം പൊള്ളയായതുകൊണ്ട് വെള്ളം സംഭരിക്കാൻ മരത്തിന് ഒരു പ്രയാസവുമില്ല. ചില മരങ്ങളിൽ രണ്ടായിരം ലിറ്റർ വെള്ളം വരെ സംഭരിച്ചുവയ്ക്കാം. വേനൽക്കാലത്ത് വെള്ളം തേടി നടക്കുന്ന ആനകൾ മരം കുത്തിത്തുളച്ച് ഇതിലെ വെള്ളം കുടിക്കാറുണ്ടത്രേ.
കൊഴിഞ്ഞുവീഴാത്ത പഴം
മരത്തിലിരുന്ന് പഴുത്താലും കൊഴിഞ്ഞു വീഴാത്ത ലോകത്തിലെ ഒരേയൊരു പഴമാണ് ബവോബാബ്. അങ്ങനെ ഇരുന്നുണങ്ങുന്നു. പൂക്കളിലെ തേൻവഴി രാത്രിസഞ്ചാരികളായ വവ്വാലുകളെ ആകർഷിച്ച് പരാഗണവും നടക്കുന്നു.
ഇവയിലുണ്ടാകുന്ന വലിയ പഴങ്ങൾ മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും ഭക്ഷ്യയോഗ്യമാണ്. ഇവയുടെ ഇല നമ്മുടെ ചീരപോലെ പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. കൂടാതെ വിവിധ പച്ചമരുന്നുകളുടെ നിർമാണത്തിനും ഈ ഇല ഉപയോഗിച്ചു വരുന്നു. മരത്തിന്റെ തോൽ ചതച്ച് കയറുണ്ടാക്കി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ പല പ്രയോജനങ്ങളുള്ളതുകൊണ്ട്, നമ്മുടെ കല്പവൃക്ഷമായ തെങ്ങിന്റെ മറ്റൊരു പതിപ്പാണ് ബയോബാബ് മരങ്ങൾ എന്ന് പറയാം.
മരവീടുകൾ
ഈ മരത്തിന്റെ തടിക്ക് വണ്ണവും ശക്തിയുമുള്ളതിനാൽ തുരന്ന് ബസ് സ്റ്റോപ്പും വീടും ജയിലുമൊക്കെ ഉണ്ടാക്കാറുണ്ട്. ദക്ഷിണാഫ്രിക്കയിൽ ബയോബാബ് തുരന്ന് ബസ് സ്റ്റോപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തടി തുരന്ന് വീടുണ്ടാക്കി അതിൽ താമസിക്കുന്നവരും ആഫ്രിക്കയിലുണ്ട്. ടൂറിസ്റ്റുകൾക്കായി സുഖവാസകേന്ദ്രമായും ബയോബാബ് മരത്തിൽ വീടുകൾ പണിയുന്നുണ്ട്. കല്ലും മണ്ണും സിമന്റുമൊന്നുമില്ലാതെ, ശരിക്കും പ്രകൃതിദത്തമായ വീടുകൾതന്നെ! കാപ്രിവി സ്ട്രിപ്പിലെ (ബോട്‌സ്വാന, അംഗോള, സാംബിയ എന്നിവയ്ക്കിടയിലുള്ള നമീബിയയുടെ ഭാഗം) ഒരു ബയോബാബ് വൃക്ഷം ഒരു ടോയ്‌ലറ്റാക്കിയാണ് മാറ്റിയെടുത്തത്.
Content Highlights: Capable of storing up to 2000 liters of water inside their hollow trunks., Known as the 'Mammoth Tree' with a lifespan of up to 3000 years.