പേടിക്കേണ്ട കുട്ടികൾക്ക് കൂട്ടായി നിയമമുണ്ട്. അറിയാം പോക്സോ നിയമത്തെക്കുറിച്ച്

#രമേഷ്‌കുമാര്‍ കുരീപ്പുഴ

പനിനീർപ്പൂക്കളെപ്പോലെ കുഞ്ഞുങ്ങളെ സ്നേഹിച്ച ചാച്ചാജിയുടെ ജന്മദിനത്തിൽ, കുട്ടികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ഒരു നിയമം നിലവിലുണ്ട്. 2012 നവംബർ 14-ന് നടപ്പിലാക്കിയ പോക്സോ (POCSO- Protection Of Children from Sexual Offences) നിയമമാണത്.

1989-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ബാലാവകാശ ഉടമ്പടിയിൽ (CRC-1989) കുട്ടികളുടെ സുരക്ഷിതബാല്യത്തിനായുള്ള അവകാശങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. 1992-ൽ നമ്മുടെ രാജ്യം ഈ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു. ഇതാണ് പോക്സോ നിയമത്തിന്റെ രൂപവത്കരണത്തിലേക്കു വഴിതെളിച്ചത്. ബാലസൗഹൃദനടപടികളാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത. 18 വയസ്സിൽ താഴേയുള്ള ഏതൊരു വ്യക്തിയെയും (ലിംഗഭേദമില്ലാതെ) കുട്ടിയായി നിയമം കണക്കാക്കുന്നു.

കുറ്റകൃത്യങ്ങൾ എന്തെല്ലാം?
കുട്ടികൾക്കെതിരായ ലൈംഗികപീഡനം, ലൈംഗികമായ ഉദ്ദേശത്തോടെ അവരുടെ സ്വകാര്യ ശരീരാവയവങ്ങളിൽ സ്പർശിക്കുക, അവരെ നഗ്നചിത്രങ്ങൾ കാണിക്കുക, കുട്ടികളുടെ നഗ്നചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തുക, അത് സൂക്ഷിക്കുക, കൈമാറ്റംചെയ്യുക, അതുപയോഗിച്ചുകൊണ്ട് സാമ്പത്തികനേട്ടമുണ്ടാക്കുക, കുട്ടികളെ അനാവശ്യമായി പിന്തുടരുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളെല്ലാം 'ലൈംഗികാതിക്രമം' എന്നതിന്റെ പരിധിയിൽ വരും.

മറച്ചുവെച്ചാൽ ശിക്ഷ
മാതാപിതാക്കൾ, രക്ഷിതാക്കൾ, ചൈൽഡ് ലൈൻ പ്രവർത്തകർ, സ്‌കൂളധികൃതർ, അധ്യാപകർ, ഡോക്ടർമാർ, ആശുപത്രി അധികൃതർ, പൊതുപ്രവർത്തകർ എന്നിങ്ങനെ പീഡനത്തെക്കുറിച്ചറിവുള്ളവർ ആ വിവരം നിയമസംവിധാനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നവർ ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടിവരും.

പരാതി നൽകുന്നത് ആർക്ക്?
ലോക്കൽ പോലീസ് സ്റ്റേഷൻ, സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്, ശിശുക്ഷേമസമിതി, ദേശീയ- സംസ്ഥാന ബാലാവകാശ കമ്മിഷൻ എന്നിവിടങ്ങളിൽ പീഡനത്തെക്കുറിച്ച് പരാതി നൽകാവുന്നതാണ്. ടോൾഫ്രീ നമ്പറായ 1098 വഴിയും പരാതി നൽകാം. പരാതി നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കുന്നതാണ്. ഒരു കുട്ടി ലൈംഗികാതിക്രമത്തിനിരയായതായി റിപ്പോർട്ടുചെയ്യപ്പെട്ടാൽ 24 മണിക്കൂറിനകം കുട്ടിക്ക് വൈദ്യപരിശോധന നടത്തേണ്ടതും തുടർചികിത്സ ഉറപ്പാക്കേണ്ടതുമാണ്. ഇര പെൺകുട്ടിയാണെങ്കിൽ കഴിവതും ഒരു വനിതാ ഡോക്ടറായിരിക്കണം ദേഹപരിശോധന നടത്തേണ്ട്. അല്ലാത്തപക്ഷം ഒരു വനിതയുടെ സാന്നിധ്യത്തിലായിരിക്കണം പരിശോധന.

Content Highlights: POCSO Act was enacted in India on November 14, 2012, to protect children under 18 from sexual offences., Defines various forms of sexual abuse and assault against minors, including digital offences., Mandatory reporting is required for parents, teachers, doctors, and public officials who are aware of abuse.