ഓണക്കാലമാവുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഓണപ്പക്ഷിയെയും ഓണപ്പക്കിയെയും അറിയാമോ?

ഓണക്കാലമാവുമ്പോൾ നമ്മുടെ നാട്ടിൽ പ്രത്യക്ഷപ്പെടുന്ന ഒരിനം മഞ്ഞക്കിളിയെയാണ് ഓണപ്പക്ഷി എന്നുവിളിക്കുന്നത്. മൂന്നിനം മഞ്ഞക്കിളികളാണ് കേരളത്തിലുള്ളത്. ഇന്ത്യൻ മഞ്ഞക്കിളി, ചീന മഞ്ഞക്കിളി, മഞ്ഞക്കറുപ്പൻ എന്നിവയാണവ. ഇവയിൽ ദേശാടനക്കാരായ ഇന്ത്യൻ മഞ്ഞക്കിളിയാണ് ഓണപ്പക്ഷി!

വേനൽക്കാലത്ത് ഇവ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലായിരിക്കും. ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെയാണ് ഇന്ത്യൻ മഞ്ഞക്കിളി ദേശാടനത്തിനായി കേരളത്തിലെത്തുക.

ചിങ്ങമാസത്തിന് ചാരുത പകരാൻ എങ്ങുനിന്നോ പറന്നെത്തുന്ന ഓണത്തുമ്പികളാണ് ഓണപ്പക്കിയെന്നും ഓണപ്പാറ്റയെന്നും അറിയപ്പെടുന്നത്. ഓണത്തുമ്പിയും മഞ്ഞ നിറക്കാർ തന്നെ.

ചിങ്ങം പൊങ്ങുമ്പോ തുമ്പിയെത്തും

ചിങ്ങം മങ്ങുമ്പോ തുമ്പി പാക്കും

എന്നാണ് പഴമ്പാട്ട്. പാക്കുക എന്നാൽ മറയുക എന്നാണർഥം. പുള്ളിച്ചിറകുകളുമായി പാറിനടക്കുന്ന ഓണത്തുമ്പികളെ ചിങ്ങം കഴിഞ്ഞാൽ കണികാണാൻ കിട്ടുകയില്ല. സംഘനൃത്തം ചെയ്ത് അരങ്ങ് കൊഴുപ്പിക്കുന്ന ഇവ സീസൺ കഴിയുന്നതോടെ അരങ്ങൊഴിയുകയും ചെയ്യും.

Content Highlights: Onapakshi refers to the migratory Indian Golden Oriole arriving in Kerala during August and September.