തിൻമയുടെ ഇരുട്ടു നീങ്ങി നൻമയുടെ വെളിച്ചം എങ്ങും പരന്നു… വിഷു വന്ന വഴി

പണ്ടുപണ്ട് ഭൂമിയിൽ നരകൻ എന്നു പേരായ ഭയങ്കരനായ ഒരു അസുരനുണ്ടായിരുന്നു. ഒരു മാന്ത്രികക്കൊട്ടാരത്തിലായിരുന്നു അവന്റെ വാസം. പ്രാഗ്ജ്യോതിഷം എന്നായിരുന്നു ആ കൊട്ടാരത്തിന്റെ പേര്.

ഒരിക്കൽ മുന്നറിയിപ്പൊന്നും കൂടാതെ നരകാസുരൻ ഇന്ദ്രലോകത്തെത്തി. തന്നെ താണുവണങ്ങാതിരുന്ന ദേവേന്ദ്രനെ നരകൻ യുദ്ധത്തിനു വെല്ലുവിളിച്ചു. തുടർന്നു നടന്ന യുദ്ധത്തിൽ ഇന്ദ്രന്റെ വെൺകൊറ്റക്കുടയും അദ്ദേഹത്തിന്റെ അമ്മയായ അദിതീദേവിയുടെ രത്നകുണ്ഡലങ്ങളും നരകൻ തട്ടിയെടുത്തു.

ആകെ വിഷമിച്ചുപോയ ഇന്ദ്രൻ ശ്രീകൃഷ്ണനോട് അഭയം ചോദിച്ചു. നരകാസുരന്റെ അഹങ്കാരം ശമിപ്പിക്കാൻ കൃഷ്ണൻ ഗരുഡന്റെ പുറത്തുകയറി യാത്രയായി.

പിന്നീടു നടന്നത് ഘോരയുദ്ധമായിരുന്നു. ശ്രീകൃഷ്ണന്റെ ചക്രായുധമേറ്റ് നരകാസുരന്റെ പടയാളികളെല്ലാം ചത്തൊടുങ്ങി. ദിവസങ്ങളോളം യുദ്ധം നീണ്ടു. ആ സമയത്ത് സൂര്യൻ മീനരാശിയിലായിരുന്നു. പിന്നീട് സംക്രമം കഴിഞ്ഞ് സൂര്യൻ ഉച്ചരാശിയിലെത്തി. ആ മുഹൂർത്തത്തിൽ കൃഷ്ണൻ നരകാസുരന്റെ കഥകഴിച്ചു. അതറിഞ്ഞ് ആളുകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇന്ദ്രന്റെ വെൺകൊറ്റക്കുടയും ദേവമാതാവിന്റെ രത്നകുണ്ഡലങ്ങളും തിരികെ കിട്ടി. തിൻമയുടെ ഇരുട്ടു നീങ്ങി നൻമയുടെ വെളിച്ചം എങ്ങും പരന്നു. കണിക്കൊന്നകൾ പൂത്തു. ആ മഹാസുദിനമാണത്രേ നമ്മൾ വിഷുവെന്ന പേരിൽ ആഘോഷിക്കാൻ തുടങ്ങിയത്.

Content Highlights: The story of the demon Narakasura and his defeat by Lord Krishna., Explanation of how the victory of good over evil led to the celebration of Vishu